സ്വിറ്റ്‌സര്‍ലാന്‍ഡ് പിടിച്ചുനിന്നു; കാനറികള്‍ക്കും സമനില
അര്‍ജന്റീനക്ക് പിന്നാലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രസീലിനും സമനില. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി ബ്രസീല്‍ ലീഡ് ഉറപ്പിച്ചെങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡ് തിരിച്ചടിച്ചു. റോസ്റ്റോവില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ മികച്ച ടീം ഗെയിമിലൂടെ ബ്രസീല്‍ വലിയ മുന്നേറ്റം നടത്തി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പാളിച്ചകളെ നല്ല രീതിയില്‍ ഉപയോഗിച്ച ബ്രസീല്‍ ആദ്യ പകുതിയില്‍ പലപ്പോഴും ഗോള്‍ സാധ്യത കണ്ടെത്തുകയും ചെയ്തു. ബ്രസീലാണ് മത്സരത്തിലെ ആദ്യത്തെ ഗോള്‍ നേടിയത്.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫിലിപ്പ് കുട്ടീന്യോയാണ് ബ്രസീലിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിന് ബ്രസീലിന്റെ കളിമികവിന് മുന്നില്‍ മുട്ടിടിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. മഞ്ഞപ്പടയുടെ കുന്തമുനയായ നെയ്മറെ കളിക്കളത്തില്‍ പൂട്ടിയിടുകയായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ലക്ഷ്യം. എന്നാല്‍, പ്രതിരോധം കയ്യാങ്കളിയിലേക്കും നീങ്ങുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്.
ഏറെ കഴിയും മുന്‍പ് ബ്രസീല്‍ ആദ്യ പകുതിയില്‍ നേടിയ ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡ് തിരിച്ചടിച്ചു. രണ്ടാം പകുതിയിലായിരുന്നു ബ്രസീലിനുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മറുപടി എത്തിയത്. 50-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് മിഡ്ഫീല്‍ഡര്‍ താരം സ്റ്റീവന്‍ സൂബറാണ് ഗോള്‍ സ്വന്തമാക്കിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിന് അനുകൂലമായ കോര്‍ണര്‍ ഹെഡറിലൂടെ മഞ്ഞപ്പടയുടെ വലയിലേക്കെത്തിക്കുകയായിരുന്നു സൂബര്‍. പിന്നീടങ്ങോട്ട് ബ്രസീലിന് കാര്യമായ മുന്നേറ്റം നടത്താനായില്ല. ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞതിന്റെ ആനുകൂല്യത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് അക്രമിച്ച് കളിക്കാനും ആരംഭിച്ചു. അവസാന മിനിറ്റുകളില്‍ ബ്രസീലിന് ഗോള്‍ നേടാന്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അതോടെ, മറ്റൊരു വമ്പന്‍മാര്‍ക്ക് കൂടി റഷ്യയില്‍ തുടക്കം പിഴച്ചിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡിന് സ്വപ്‌നതുല്യമായ ഒരു സമനിലയും!!.
STATS // #BRASUI pic.twitter.com/Y25EyLi4Wu
— FIFA World Cup ? (@FIFAWorldCup) June 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here