ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും വിജയം
ഫിഫ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ബെല്‍ജിയത്തിനും ഇംഗ്ലണ്ടിനും വിജയം. സോച്ചിയില്‍ നടന്ന മത്സരത്തില്‍ എതിരാളികളായ പനാമയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കറുത്ത കുതിരകളെന്ന് വിശേഷണമുള്ള ബെല്‍ജിയം പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഗോളടി മേളം തീര്‍ക്കുകയായിരുന്നു ബെല്‍ജിയം. റൊമേലു ലുകാക്കു ഇരട്ട ഗോളുകളുമായി വരവറിയിച്ചപ്പോൾ മെർട്ടെൻസിന്റെ വകയായിരുന്നു ഒരു ഗോൾ.
കരുത്തരായ ബെൽജിയത്തിനെതിരേ ആദ്യ പകുതിയിൽ പനാമ പിടിച്ചുനിന്നു. ഇടയ്ക്ക് ചില മുന്നേറ്റങ്ങൾ ഒഴിച്ചാൽ ഡിബ്രുയ്നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിന്റെ മുന്നേറ്റങ്ങൾ തടയുന്നതിലായിരുന്നു മറ്റു സമയങ്ങളിൽ പാനമയുടെ ശ്രദ്ധ. ഇതോടെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കുന്നതിൽ പനാമ വിജയിച്ചു.
രണ്ടാം പകുതിയിൽ പക്ഷേ കളിമാറി. 47-ാം മിനിറ്റിൽ ബെൽജിയം ലീഡ് നേടി. മെർട്ടെൻസാണ് ഒരു ഫുള്‍ വോളി ഗോളിലൂടെ ബെൽജിയത്തെ മുന്നിലെത്തിച്ചത്. 69-ാം മിനിറ്റിൽ, ഡിബ്രുയ്നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിന്റെ കൂട്ടായ മുന്നേറ്റത്തിനൊടുവിൽ ലുകാക്കു ഗോൾ കണ്ടെത്തി. ഓഫ്സൈഡ് കെണിയിൽനിന്നു പുറത്തുചാടിയായിരുന്നു ലുകാക്കുവിന്റെ ഹെഡർ. ആറു മിനിറ്റിനുശേഷം ലുകാക്കു വീണ്ടും ലക്ഷ്യം കണ്ടു. ഹസാർഡിന്റെ പാസ് പിടിച്ചെടുത്ത ലുകാക്കു ബോക്സിലേക്ക് ഒറ്റയ്ക്ക് ഓടിക്കയറി. ബോക്സിനുള്ളിൽനിന്ന് ചിപ്പ് ചെയ്ത് തന്റെ രണ്ടാം ഗോളും ബെൽജിയത്തിന്റെ മൂന്നാം ഗോളും ലുകാക്കു കുറിച്ചു.
ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ട് ദുര്‍ബലരായ ടുണീഷ്യയെ 2-1 ന് പരാജയപ്പെടുത്തി. ഹാരി കെയ്ന്‍ എന്ന നായകന്റെ മികവില്‍ ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യയെയാണ് ഇംഗ്ലീഷ് പട പരാജയപ്പെടുത്തിയത്. സ്കോര്‍ 2-1. ഒരു ഗോള്‍ വീതം അടിച്ച് സമനില പാലിച്ച് കളിയുടെ ഇഞ്ചുറി ടെെമിലാണ് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെയും തന്റെയും രണ്ടാം ഗോള്‍ സ്വന്തമാക്കുന്നത്.
11-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആദ്യ ഗോള്‍ സ്വന്തമാക്കി. ആഷ്ലി യംഗ് തൊടുത്ത കോര്‍ണറില്‍ സ്റ്റോണ്‍സിന്റെ കരുത്തന് ഹെഡര്‍ വലയിലേക്ക് പാഞ്ഞെങ്കിലും ഹസന് തട്ടിയകറ്റി. റീബൗണ്ട് ചെയ്ത് വന്ന പന്ത് ഹാരി കെയ്ന്റെ കാലില്‍. മിന്നുന്ന ഫോമിലുള്ള താരത്തിന് ആളൊഴിഞ്ഞ വലിയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ.
ഏറെ കഴിയും മുന്‍പ് ടുണീഷ്യ ഇംഗ്ലണ്ടിന് മറുപടി നല്കി. 34-ാം മിനിറ്റില്‍ ഫക്രുദ്ദീന്‍ ബെന്‍ യൂസഫിനെ കെെല്‍ വാല്‍ക്കര്‍ കെെമുട്ട് കൊണ്ട് ഇടിച്ചു വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഫെര്‍ജാനി സാസിക്ക് പിഴച്ചില്ല. ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ടിനും സമ്മര്‍ദമായി.
പിന്നീട് ഇരു ടീമുകളും ഗോള്‍ നേടാന്‍ കഴിയാതെ കഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍,ഇഞ്ചുറി സമയത്ത് ഹാരി കെയ്ന്റെ പ്രതിഭ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. ട്രിപ്പര്‍ തൊടുത്ത് വിട്ട കോര്‍ണര്‍ മാഗ്യൂയറിന്റെ തലയില്‍ തട്ടി വന്നപ്പോള്‍ ആദ്യ ഗോള്‍ നേടിയ പോലെ ഫിനിഷ് ചെയ്യേണ്ട ബാധ്യത മാത്രമായിരുന്നു കെയ്നിന് ഉണ്ടായിരുന്നത്. ആദ്യ ലോകകപ്പ് കളിക്കുന്ന ഇംഗ്ലീഷ് നായകന് സ്വപ്ന സമാനമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here