‘സെനഗല്‍’; ഭീകരരാണവര്‍, കാല്‍പന്തുലോകത്തെ കൊടും ഭീകരര്‍!!!
നിലവിലെ ചാമ്പ്യന്മാർ..! 2000 ത്തിലെ യൂറോ കപ്പ് ജേതാക്കൾ…! പ്രതീക്ഷകളുടെ കൊടുമുടിയിലാണ് 2002 ൽ കൊറിയയിലും ജപ്പാനിലും ആയി നടന്ന വേൾഡ് കപ്പിൽ ഫ്രാൻസ് കളിക്കാനിറങ്ങിയത്. അന്ന് അവർക്ക് ഗ്രൂപ്പ് റൗണ്ടിൽ ആദ്യമായി നേരിടാനുണ്ടായിരുന്ന ആദ്യത്തെ എതിരാളി ആദ്യമായി വേൾഡ് കപ്പിനിറങ്ങുന്ന സെനഗലിനെയാണ്. 2002 മെയ് 31 ന് നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് സെനഗൽ 1-0 ത്തിന് വിജയിച്ചു. ആ തോൽവിയുടെ ഷോക്കിൽ നിന്നും തിരിച്ചു കയറാനാവാതെ ഡെന്മാർക്കിനോട് 2-0 ത്തിനും തോറ്റ് ചാമ്പ്യന്മാർ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ മടങ്ങി.
സെനഗലാവട്ടെ കരുത്തരായ ഡെന്മാർക്കിനെയും (1-1) ഉറുഗ്വയെയും (3-3) സമനിലയിൽ തളച്ച് അടുത്ത റൗണ്ടിലെത്തി. റൗണ്ട് ഓഫ് 16 (ഇപ്പോഴത്തെ ക്വാർട്ടർ ഫൈനൽ) ൽ സ്വീഡനെയും അട്ടിമറിച്ച് സെനഗൽ ക്വാർട്ടറിൽ എത്തിയിരുന്നു. ക്വാർട്ടറിൽ ടർക്കിയോട് 1-0 ത്തിന് പരാജയപെട്ടാണ് സെനഗൽ 2002 ൽ പടയോട്ടം അവസാനിപ്പിച്ചത്.
പിന്നീട് നടന്ന മൂന്ന് വേൾഡ് കപ്പിലും സെനഗലിന് യോഗ്യത ലഭിച്ചില്ല. 2002 ന് ശേഷം ഇതാദ്യമായാണ് അവർ ലോകകപ്പ് കളിക്കുന്നത്. സെനഗലിനെ നിസാരക്കാരായി തള്ളിക്കളയാൻ കഴിയില്ല എന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ പോളണ്ടുമായുള്ള അവരുടെ ആദ്യത്തെ മത്സരം. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ കളത്തിലിറങ്ങിയ പോളണ്ടിനെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന തോൽവിയായിരുന്നു. 2-1 ന് പോളണ്ടിനെ തോൽപിച്ച് വീണ്ടും സെനഗൽ അത്ഭുതം സൃഷ്ട്ടിച്ചിരിക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ (27) ഉള്ള സെനഗൽ ഇത്തവണയും അത്ഭുതങ്ങൾ കാണിക്കാൻ സാധ്യതയുണ്ട്.
ഈ അനിശ്ചിതത്വം തന്നെയാണ് ഫുട്ബോളിന്റെ സൗന്ദര്യം….!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here