സെഞ്ച്വറി നേടാന്‍ സുവാരസ് ബൂട്ടണിയുമ്പോള്‍…

ലൂയിസ് ആല്‍ബര്‍ട്ടോ സുവാരസ് ഇന്ന് റോസ്റ്റോവില്‍ ബൂട്ടണിയുന്നത് തന്റെ 100-മത് രാജ്യാന്തര മത്സരത്തിനായാണ്. ഉറുഗ്വായ് രാജ്യാന്തര ഫുട്‌ബോള്‍ ടീമിന് വേണ്ടി നൂറ് മത്സരങ്ങള്‍ തികക്കുന്ന ആറാമത്തെ താരമാണ് സുവാരസ്. ഉറുഗ്വായിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരവും ഈ 31-കാരന്‍ തന്നെ. തന്റെ രാജ്യത്തിന് വേണ്ടി 51 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്.
ഇന്ന് 100-ാം മത്സരത്തിന് സുവാരസ് കളത്തിലിറങ്ങുമ്പോള്‍ ഉറുഗ്വായുടെ എതിരാളികള്‍ സൗദി അറേബ്യയാണ്. രാത്രി 8.30 നാണ് മത്സരം. പക്ഷേ, തന്റെ 100-ാം മത്സരത്തിനിറങ്ങുന്നതിന്റെ സന്തോഷമൊന്നും ഈ താരത്തിന്റെ മുഖത്തില്ല. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വായ് പരാജയപ്പെടുത്തിയെങ്കിലും സുവാരസ് സന്തോഷവാനായിരുന്നില്ല.
ഏത് പ്രതിസന്ധിയിലും ടീമിന്റെ രക്ഷകനാകുമെന്ന് ഉറച്ച് വിശ്വസിച്ച സുവാരസ് ആരാധകര്‍ക്ക് റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വലിയ നിരാശയായിരുന്നു ഫലം. സുവാരസ് വേണ്ടത്ര ഫോമിലേക്ക് എത്തിയില്ല. സുവാരസ് മൈതാനത്ത് കളിക്കുന്നുണ്ടോ എന്ന് പോലും ആരാധകര്‍ക്ക് സംശയമായി. മങ്ങിയ പ്രകടനമായിരുന്നു ഈജിപ്തിനെതിരെ താരം പുറത്തെടുത്തത്. എന്നാല്‍, ഇന്ന് നടക്കുന്ന നൂറാം മത്സരത്തില്‍ സുവാരസ് താരമാകുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. 2014 ലോകകപ്പിലെ ദുരനുഭവം മറന്ന് പൂര്‍ണ സ്വാതന്ത്ര്യത്തോടെ സുവാരസ് റോസ്റ്റോവില്‍ പന്ത് തട്ടണമെന്നാണ് എല്ലാ കാല്‍പന്ത് ആരാധകരും ആഗ്രഹിക്കുന്നത്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here