Advertisement

മിശിഹായിലേറി റോജോ രക്ഷകനായി!!! നൈജീരിയ കടന്ന് അര്‍ജന്റീനയുടെ മുന്നേറ്റം (വീഡിയോ കാണാം)

June 27, 2018
Google News 10 minutes Read
argentinaaaaa

അര്‍ജന്റീനയ്ക്കും ലെയണല്‍ മെസിയ്ക്കും ആശ്വസിക്കാം. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മെസിയും കൂട്ടരും കഷ്ടിച്ച് കടന്നുകൂടി. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയും മൈതാനത്തെ കാല്‍പന്ത് കളിയും അര്‍ജന്റീനയെ തുണച്ചു. പ്രീക്വാര്‍ട്ടര്‍ കാണാതെ നാട്ടിലേക്ക് തിരിച്ചുപോകുമെന്ന് ഏറെകുറേ ഉറപ്പായ സാഹചര്യത്തില്‍ കളിക്കളത്തിലെ മിശിഹായും ഫുട്‌ബോള്‍ ദൈവങ്ങളും അര്‍ജന്റീനയെ തുണച്ചു. നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സംപോളി സംഘം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 86-ാം മിനിറ്റില്‍ മാര്‍ക്കസ് റോജയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. നാല് പോയിന്റുമായി ഡി ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഫ്രാന്‍സാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ആത്മവിശ്വാസത്തോടെ പന്ത് തട്ടാന്‍ കഴിഞ്ഞതാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയാണ് ആദ്യ ഗോള്‍ നേടിയത്. നായകന്‍ ലെയണല്‍ മെസിയിലൂടെ മത്സരത്തിന്റെ 15-ാം മിനിറ്റില്‍ ഗോള്‍ പിറന്നു. എവര്‍ ബനേഗ നല്‍കിയ പാസുമായി നൈജീരിയയുടെ പോസ്റ്റിലേക്ക് ഓടിയടുത്ത മെസി രണ്ട് ചുവട് മുന്നോട്ട് വെച്ച് സുന്ദരമായ ഫിനിഷിംഗിലൂടെ ഗോള്‍ സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതി അര്‍ജന്റീനയുടെ മുന്നേറ്റത്താല്‍ സമ്പന്നമായിരുന്നു. മഷ്‌റാനോയും ബനേഗയും ഒരുക്കി നല്‍കുന്ന അവസരങ്ങള്‍ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും ഏറ്റെടുക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്.

4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങിയത്. വശ്യമായ കാല്‍പന്ത് കളിയുമായി നിരവധി തവണ അര്‍ജന്റീന നൈജീരിയയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് മുന്നേറി. മെസിയാണ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ആദ്യ രണ്ട് കളികളില്‍ നിന്ന് വ്യത്യസ്തനായി കളം നിറഞ്ഞുകളിച്ച മെസി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി. മത്സരത്തിന്റെ 32-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നടത്തിയ മുന്നേറ്റം പ്രശംസനീയമായിരുന്നു. പന്തുമായി അതിവേഗം ഓടിയ ഡി മരിയയെ നൈജീരിയ താരങ്ങള്‍ പെനല്‍റ്റി ബോക്‌സിന് തൊട്ട് മുന്‍പില്‍ വീഴ്ത്തി. ഡി മരിയയെ വീഴ്ത്തിയ നൈജീരിയ താരം ബാലഗന് റഫറി മഞ്ഞ കാര്‍ഡ് കാണിച്ചു. ഫൗളിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് ആനുകൂല്യം മെസി നൈജീരിയയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് കര്‍വ് ഷോട്ടിലൂടെ പായിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. മെസിയുടെ ഫ്രീകിക്ക് നൈജീരിയയുടെ ബാറില്‍ തട്ടി തിരിച്ചുവന്നു. എന്നാല്‍, ആ പന്ത് കൈക്കലാക്കാന്‍ അര്‍ജന്റീന താരങ്ങള്‍ക്ക് സാധിക്കാതെ പോയി.

ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും പന്ത് അര്‍ജന്റീനയുടെ കൈവശമായിരുന്നു. ആദ്യ കളികളില്‍ നിരാശരായി പന്ത് തട്ടിയ താരങ്ങളെയല്ലായിരുന്നു ഇന്ന് കളിക്കളത്തില്‍ കണ്ടത്. ആദ്യ പകുതിയില്‍ ചുരുക്കം ചില അവസരങ്ങള്‍ മാത്രമാണ് നൈജീരിയക്ക് ലഭിച്ചത്. എന്നാല്‍, അവസരങ്ങള്‍ ഗോളാക്കാന്‍ നൈജീരിയ താരങ്ങള്‍ക്കും സാധിച്ചില്ല.

രണ്ടാം പകുതിയുടെ ആരംഭത്തില്‍ ലെയണല്‍ മെസിയുടെ ഗോളിന് നൈജീരിയയുടെ മറുപടി. മഷ്‌റാനോയുടെ ഫൗള്‍ നൈജീരിയക്ക് പെനല്‍റ്റി ആനുകൂല്യം നേടികൊടുത്തു. മത്സരത്തിന്റെ 50-ാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കിനിടെ മഷ്‌റാനോ ഗോള്‍ പോസ്റ്റിനുള്ളില്‍ നൈജീരിയന്‍ താരത്തെ പിടിച്ചുനിര്‍ത്തിയതാണ് പെനാല്‍റ്റിയിലേക്ക് വഴിതെളിച്ചത്. നൈജീരിയയുടെ 11-ാം നമ്പര്‍ താരം മോസയാണ് പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയ്ക്ക് മറുപടി ഗോള്‍ നല്‍കിയത്.

രണ്ടാം പകുതിയുടെ ആരംഭത്തില്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷം അര്‍ജന്റീന പ്രതിരോധത്തിലായി. നൈജീരിയ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ്‌ പിന്നീട് കണ്ടത്. അര്‍ജന്റീനയാകട്ടെ തങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരങ്ങള്‍ പാഴാക്കി കളയുകയും ചെയ്തു. ഹിഗ്വയിന്‍ തുടര്‍ച്ചയായി മൂന്ന് അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ഇതിനിടയില്‍ നൈജീരിയ കൂടുതല്‍ കരുത്തരായി കളം നിറഞ്ഞ് കളിച്ചു. മത്സരം സമനിലയില്‍ കലാശിക്കുമെന്നും അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്താകുമെന്നും ഏറെകുറേ ഉറപ്പിച്ച സാഹചര്യമായിരുന്നു പിന്നീടങ്ങോട്ട്. ഗോള്‍ കണ്ടെത്താന്‍ കഴിയാത്ത നീലപട കൂടുതല്‍ പ്രതിരോധത്തിലായി.

എന്നാല്‍, 86-ാം മിനിറ്റില്‍ അത് സംഭവിച്ചു. മാര്‍ക്കസ് റോജോ എന്ന ഡിഫന്ററിലൂടെ അര്‍ജന്റീനയുടെ വിജയഗോള്‍. പ്രതിഭയുടെ മിന്നലാട്ടം പകര്‍ത്തിയതായിരുന്നു റോജോയുടെ ഗോള്‍. മെര്‍സഡോ നല്‍കിയ ക്രോസ് വ്യക്തമായ പ്ലാനോടെ നൈജീരിയയുടെ പോസ്റ്റിലെത്തിക്കാന്‍ റോജോയ്ക്ക് സാധിച്ചു. മെസിയും കൂട്ടരും മതിമറന്ന് ആഘോഷിച്ചു. റോജോ മെസിയെ തോളിലേറ്റി മൈതാനത്തെ വലംവെച്ചു. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ കണ്ട് അര്‍ജന്റീനയെ എഴുതിതള്ളിയവര്‍ക്ക് മെസിയും കൂട്ടരും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഉത്തരം നല്‍കിയിരിക്കുന്നു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ മൈതാനം ‘വാമോസ് അര്‍ജന്റീന’ വിളികളാല്‍ നിറഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here