കെ.ടി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നിറുത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

കേരള സ്‌പോര്‍ട്‌സ് നിയമത്തിലെ നിബന്ധനകള്‍ ലംഘിച്ചു കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (കെടിടിഎ) നടത്തുവാന്‍ ശ്രമിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പു നടപടികള്‍ തത്കാലം നിറുത്തി വയ്്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഹോണററി സെക്രട്ടറി കൃഷ്ണന്‍ വി സമര്‍പ്പിച്ച ഹര്‍ജിയും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷനു വേണ്ടി സെക്രട്ടി എ.ലീന, തൃശുര്‍ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷനു വേണ്ടി സെക്രട്ടറി ജോസഫ് ചാക്കോ, കളിക്കാരായ ഭരത് കൃഷ്ണന്‍ ബി.എസ്., അന്‍സ് റോയ് എന്നിവര്‍ ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
കെടിടിഎയുടെ നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയും അനേകം നിയമലംഘനങ്ങളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍. നിലവിലുള്ള ഭരണസമിതിക്ക് അടുത്ത തെരഞ്ഞെടുപ്പിലും മേല്‍ക്കോയ്മ ലഭിക്കും വിധത്തില്‍ സ്വാഭാവിക നീതിക്കു നിരക്കാത്ത വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തും നിലവിലുള്ള ഭാരവാഹികള്‍ക്കു അധിക വോട്ടവകാശം നല്കിയും സ്വേച്ഛാപരമായി തെരഞ്ഞെടുപ്പു നടത്തുന്നതിനെ ഹര്‍ജികളില്‍ ചോദ്യം ചെയ്യുന്നു. അടുത്ത നാലുവര്‍ഷമാണ് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി.
സംസ്ഥാന അസോസിയേഷനില്‍ അംഗത്വത്തിന്റെ 15 ശതമാനം ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കായി നീക്കിവയ്ക്കണമെന്ന സ്‌പോര്‍ട്‌സ് നിയമത്തിലെ ഭേദഗതി മറയാക്കി ഒന്‍പതു പേരെയാണ് നിലവിലുള്ള ഭരണസമിതി വോട്ടവകാശത്തോടെ നോമിനേറ്റ് ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. സുതാര്യവും ജനാധിപത്യപരമായും വേണം ഈ നോമിനേഷന്‍ നടത്തേണ്ടതെന്നു ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാതല അസോസിയേഷനുകളില്‍ നിന്നെത്തുന്ന മൂന്നു വീതം പ്രതിനിധികള്‍ക്കു മാത്രമാണ് വോട്ടവകാശം എന്നിരിക്കെ പിണിയാളുകളെ തിരുകിക്കയറ്റി വീണ്ടുമൊരു തവണ അധികാരം പിടിച്ചടക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നു ഹര്‍ജികളില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലാ അസോസിയേഷനുകളില്‍ നിന്നെത്തുന്ന 42 പേരുടെ 15 ശതമാനം ആറു പേര്‍ മാത്രമാണുതാനും. കൂടാതെ ചട്ടം അനുവദിക്കാത്ത വെറ്ററന്‍സ് അസോസിയേഷനും നിയമവിരുദ്ധമായ പ്രയോജനമുണ്ടാക്കുന്നതിനു നിലവിലുള്ള പ്രസിഡന്റിനും സെക്രട്ടറിക്കും ട്രഷററിനും കൂടി അധിക വോട്ടവകാശം നല്കിയിരിക്കുന്നു. ഇതിലൂടെ നിലവിലുള്ള ഭരണസമിതിയുടെ നിയന്ത്രണത്തില്‍ മാത്രമാകും തെരഞ്ഞെടുപ്പ്. തുല്യ പ്രാതിനിധ്യമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ന്യായമായ വോട്ടിംഗ് നടപടിക്രമം നിഷേധിച്ച് ഇങ്ങനെ തന്നെ നിലവിലുളള ഭരണസമിതിക്കു അനേകം വോട്ടുകള്‍ അനുകൂലമായി ഉറപ്പാക്കിയെടുക്കാനാകും.
അപേക്ഷ ക്ഷണിക്കാതെയാണ് യോഗ്യതയും അര്‍ഹതയും ഇല്ലാത്തവരെ ഏതാനും പേര്‍ മാത്രം പങ്കെടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വേച്ഛയാ നോമിനേറ്റ് ചെയ്തതെന്നു ഹര്‍ജികളില്‍ പറയുന്നു. ഇങ്ങനെയുള്ള നടപടികള്‍ക്ക് ജനറല്‍ ബോഡി മീറ്റിംഗിനാണ് അധികാരമെന്നിരിക്കെയാണ് പുറംവാതിലിലൂടെയുള്ള തിരുകിക്കയറ്റല്‍. അസോസിയേഷനുകളുടെ പ്രധാന നടപടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സേര്‍വര്‍ ഹാജരായിരിക്കണമെന്നു ചട്ടമുണ്ട്. ഇക്കാര്യത്തില്‍ അതും പാലിച്ചിട്ടില്ല.
കെടിടിഎ ചട്ടങ്ങളുടെ ഭേദഗതി ബൈലോയില്‍ ഉള്‍പ്പെടുത്തുകയോ നിയമപ്രകാരം സൊസൈറ്റി രജിസ്ട്രാരെ രേഖാമൂലം അറിയിക്കുകയോ ചെയ്തിട്ടില്ല. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ജൂണ്‍ 30-നു അവസാനിച്ചു. അതിനു മുന്‍പ് 15 ദിവസത്തെയെങ്കിലും മുന്‍കൂര്‍ നോട്ടീസ് നല്കി വേണം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍. എന്നാല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കും വരെ അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നു എടുത്തുകാട്ടിയിരുന്നു.
ആലപ്പുഴ ഹര്‍ജിഭാഗത്തിനു വേണ്ടി ബെച്ചു കുര്യന്‍ ആന്‍ഡ് കമ്പനിയിലെ അഡ്വ. അഡ്വ.റോണി ജോസും തിരുവനന്തപുരത്തിനും തൃശൂരിനും വേണ്ടി റോഷന്‍ ആന്‍ഡ് റോഷനിലെ അഡ്വ. റോഷന്‍ ഡി. അലക്‌സാണ്ടറും ഹാജരായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here