Advertisement

‘ലു’ബ്ധമായ ജീവിതം ‘കാ’ല്‍പ്പന്തിന് സമ്മാനിച്ച കു’മാരന്‍ -ലുകാകു

July 10, 2018
Google News 1 minute Read
lifestory of romelu lukaku

എനിക്ക് ചിലത് പറയാനുണ്ട്- റൊമേലു ലുകാകു
…..
കാല്‍പ്പന്തുകളിയിലെ ക്ഷുഭിത യൗവനം-അതാണ് ചുവന്ന ചെകുത്താന്മാരെന്നറിയപ്പെടുന്ന ബല്‍ജിയത്തിന്റെ ശക്തി റൊമേലു ലുകാകു. ജീവിതത്തിലെ പരുക്കന്‍ അനുഭവങ്ങള്‍ പതം വരുത്തിയവരുടെ ചലനങ്ങള്‍ പോലും ആക്രമണോല്‍സുകമായിരിക്കും. ഈ വിഭാഗത്തില്‍ പെടുന്ന പലരുടെയും മാനസീകാവസ്ഥ രൂപപ്പെടുന്നത് അവര്‍ കടന്നു വന്ന കല്ലും മുള്ളും നിറഞ്ഞ ജീവിത വഴികളിലൂടെയാണ്. ഒട്ടും മറയില്ലാതെ തന്റെ മാനസീക വ്യാപാരങ്ങള്‍ പ്ലേയേഴ്‌സ് ട്രിബ്യൂണിലൂടെ തുറന്നെഴുതിയിരിക്കുകയാണ് ബല്‍ജിയന്‍ സൂപ്പര്‍ താരം റൊമേലു ലുകാകു. സെന്റ് പീറ്റേഴ്‌സ് സ്‌ക്ക്വയറില്‍ ബല്‍ജിയം ഫ്രാന്‍സിനെ നേരിടുമ്പോള്‍ ഈ ചെറുപ്പക്കാരന്റെ വാക്കുകള്‍ നല്‍കുന്ന മുന്‍സൂചന തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ലെന്നു തന്നെയാണ്.

പ്രാരാബ്ധങ്ങളുടെ ചെറുപ്പകാലം ലുകാകുവിന് സമ്മാനിച്ചത് ലുബ്ധിന്റെ ലോകമാണ്. ബല്‍ജിയത്തിലെ വജ്ര നഗരമായ ആന്‍ഡ്വെര്‍പ്പിലായിരുന്നു ജനനമെങ്കിലും ദാരിദ്ര്യത്തിന്റെ കറുത്ത മുഖം കണ്ടായിരുന്നു വളര്‍ച്ച. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ ഫ്രിഡ്ജിനു മുന്നില്‍ നിസഹായായി നില്‍ക്കുന്ന അമ്മയെയാണ് ലുകാകു തന്റെ ലേഖനത്തില്‍ ഓര്‍ത്തെടുക്കുന്നത്. കളര്‍ഫുള്ളായ വിഭവങ്ങള്‍ കൊതിക്കുന്ന കുട്ടിക്കാലത്ത് ലുകാകുവിന്റെയും കുടുംബത്തിന്റെയും സ്ഥിരം മെനു ബ്രെഡും പാലുമായിരുന്നു. പാലും,ബ്രെഡും അല്ലെങ്കില്‍ ബ്രെഡും പാലും ഇതു മാത്രമായി ലുകാകുവിനെ വെറുപ്പിച്ച മെനു. ഒരു ദിവസം സ്‌ക്കൂളില്‍ നിന്നു ഭക്ഷണത്തിനായെത്തിയ ലുകാകു കണ്ടത് ഫ്രിഡ്ജില്‍ നിന്നു പുറത്തെടുത്ത മില്‍ക് ബോക്‌സില്‍ പതിവില്ലാതെ എന്തോ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുന്ന മാതാവിനെയാണ്. അങ്ങനെയാണ് പാല്‍ വാങ്ങാനുള്ള കാശു പോലും കുടുംബത്തിന് നഷ്ടമായെന്ന് ലുകാകു മനസിലാക്കുന്നത്. ഉള്ള പാലില്‍ വെള്ളം ചേര്‍ത്ത് കുടുംബാംഗങ്ങള്‍ക്കായി പകര്‍ന്നു നല്‍കുകയായിരുന്നു അമ്മ. അമ്മയുടെ നിസഹായതയായിരുന്നു പട്ടിണിയെക്കാള്‍ ആ കുരുന്നിനെ വേദനിപ്പിച്ചിരുന്നത്.

 lifestory of romelu lukaku

പ്രൊഫഷനല്‍ ഫുട്‌ബോളറായിരുന്ന പിതാവ് കരിയറിന്റെ അവസാനഘട്ടത്തിലെത്തിയതും ലുകാകുവിന്റെ ബാല്യവും ഒരുമിച്ചായി. ധനരഹിതമായ കുടുംബം കണ്ട് വളരുകയായിരുന്നു ലുകാകു പിന്നീട്. വീട്ടിലെ കേബിള്‍ ടിവി ഇല്ലാതായത് പഞ്ഞകാലത്തിന്റെ തുടക്കം മാത്രമായിരുന്നു. പതിയെ ഇലക്ട്രിസിറ്റിയും ഇല്ലാതായി. വൈകുന്നേരങ്ങളില്‍ ലുകാകുവിനെ സ്വാഗതം ചെയ്തത് ഇരുട്ടിലാണ്ട ഭവനമാണ്. കേബിള്‍ പോയതോടെ കാല്‍പ്പന്തുകളി കാണാനുള്ള അവസരം നഷ്ടമായത് ലുകാകുവിന്റെ കുഞ്ഞു ചങ്കിലെ നൊമ്പരമായി.

കുളിക്കാനാണെങ്കില്‍ ചൂടുവെള്ളമില്ല. സ്റ്റൗവില്‍ വച്ച കെറ്റിലില്‍ തിളപ്പിക്കുന്ന അല്‍പ്പം ചൂടുവെള്ളം ഷവറിനു താഴെ നിന്ന് തലവഴി ഒഴിക്കുന്നത് ലുകാകു ആഘോഷമാക്കി. പിന്നീട് പലപ്പോഴും സമീപത്തെ ബേക്കറിയില്‍ നിന്ന് ബ്രഡ് കടം വാങ്ങുന്നതും ലുകാകു കണ്ടു. ലുകാകുവിനെയും സഹോദരനെയും അറിയുന്ന ബേക്കറിക്കാര്‍ തിങ്കളാഴ്ച വാങ്ങുന്ന ബ്രഡിന് വെള്ളിയാഴ്ച പണം നല്‍കാനുള്ള സാവകാശം നല്‍കിയിരുന്നതും ലുകാകു ഓര്‍ത്തെടുക്കുന്നു.

എലികള്‍ ഓടിനടക്കുന്ന അപ്പാര്‍ട്ട്‌മെന്റും മറ്റ് കഷ്ടപ്പാടുകളും കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെപ്പറ്റി ലുകാകുവിനെ ബോധവാനാക്കി. അതാണ് കാല്‍പ്പന്തു കളിച്ചു കുടുംബം രക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് കുഞ്ഞു ലുകാകുവിനെ എത്തിച്ചത്. സ്‌ക്കൂള്‍ വിട്ടു വന്നപ്പോള്‍ കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയോട് ഈ അവസ്ഥ മാറും. ഞാന്‍ ആന്‍ഡര്‍ലെക്ടിനായി കളിക്കും എന്നു ഉറച്ച ശബ്ദത്തില്‍ പറയാന്‍ ലുകാകുവിന് കഴിഞ്ഞു. ആറാം വയസില്‍ തന്നെ അമ്മയെ കഷ്ടപ്പാടില്‍ നിന്നു രക്ഷപ്പെടുത്തണമെന്ന് ലുകാകു ആഗ്രഹിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു. തീരുമാനിച്ചു. പിന്നീട് പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിക്കാനാകുന്ന പ്രായമെത്രയെന്ന് പിതാവിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി- 16 വയസെന്നായിരുന്നു. അന്നു മുതല്‍ അതിനായുള്ള കാത്തിരിപ്പായിരുന്നു. പിന്നീട് ഓരോ തവണ കാല്‍പ്പന്തു തട്ടുമ്പോഴും അത് തനിക്ക് ഫൈനലായിരുന്നെന്ന് ലുകാകു സാക്ഷ്യപ്പെടുത്തുന്നു. പാര്‍ക്കിലെ കളിയും, കൂട്ടുകാരോടൊപ്പം സ്‌ക്കൂളിലെ ഇടവേളകളിലെ കളിയുമൊക്കെ അപാര ഗൗരവത്തോടെയാണ് ലുകാകു എടുത്തിരുന്നത്. തന്റെ പ്രാരാബ്ധങ്ങളെ തൊഴിച്ചകറ്റുകയാണെന്ന വാശി ഓരോ കിക്കിനും കടുത്ത പവര്‍ നല്‍കി. സ്വന്തമായൊരു പന്തോ പ്ലേ സ്റ്റേഷനോ ഇല്ലാത്ത ലുകാകു കഷ്ടപ്പാടുകളില്ലാത്ത ഒരു ലോകം സ്വപ്‌നം കാണാന്‍ തുടങ്ങി.

പതിനൊന്നാം വയസില്‍ ലീഴ്‌സെ യൂത്ത് ടീമിനു വേണ്ടി കളിക്കാന്‍ ചെന്ന ലുകാകുവിനെ സഹകളിക്കാരുടെ മാതാപിതാക്കള്‍ സമ്മര്‍ദ്ദത്തിലാക്കിയ കഥയും അദ്ദേഹം പങ്കു വെക്കുന്നു. ലുകാകുവിന്റെ പൊക്കം കണ്ടപ്പോള്‍ ഈ കുട്ടിയുടെ പ്രായമെത്രയാ ?ഇവനെവിടന്നാ …എവിടെ ഇവന്റെ ഐഡി കാര്‍ഡ് എന്നൊക്കെ ചോദിച്ച് അവര്‍ ആ ചെറിയ കുട്ടിയെ വശം കെടുത്തി. ആ അവസരത്തില്‍ സ്വന്തം പിതാവുപോലും കൂടെ ഇല്ലായിരുന്നു. മകനെ എവേ മാച്ച് കളിക്കുന്നിടത്തെത്തിക്കാന്‍ സ്വന്തമായൊരു കാര്‍ അദ്ദേഹത്തിനില്ലായിരുന്നു. തികച്ചും ഒറ്റപ്പെട്ട അവസ്ഥയില്‍ തന്റെ ബാഗില്‍ നിന്ന് ഐഡി കാര്‍ഡ് എടുത്തു കാട്ടി മുതിര്‍ന്നവരെ ബോധ്യപ്പെടുത്തേണ്ടി വന്നപ്പോള്‍ തന്റെ മനസിലേക്കോടിയെത്തിയ വികാരവും ലുകാകു മറയില്ലാതെ പങ്കു വെക്കുന്നു. നിങ്ങളുടെ മക്കളെ ഞാന്‍ കാണിച്ചു തരാം..കളിക്കളത്തില്‍ നിന്ന് കരഞ്ഞു കൊണ്ടല്ലാതെ അവര്‍ വീട്ടിലെത്തില്ലെന്ന് തന്റെ മനസ് പലവട്ടം മന്ത്രിച്ചു കൊണ്ടിരുന്നതായി ലുകാകു പറയുന്നു.

ബല്‍ജിയന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആകുകയെന്നത് മാത്രമായി തന്‌റെ ലക്ഷ്യമെന്നും ലുകാകു പങ്കു വെക്കുന്നു. ആ ദൗത്യത്തിന്റെ ഭാഗമായി പന്ത്രണ്ടാം വയസില്‍ 34 ഗെയിമുകളില്‍ നിന്ന് 76 ഗോളുകള്‍ അദ്ദേഹം സ്വന്തമാക്കി.

കോംഗോയിലുള്ള തന്റെ മാതാവിന്റെ പിതാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ലുകാകു. മുത്തശ്ശനുമായി പലപ്പോഴും സംസാരിക്കാന്‍ കണ്ടെത്തിയിരുന്ന സമയങ്ങള്‍ തന്റെ ജീവിതത്തില്‍ ക്രിയാത്മകമായ പല മാറ്റങ്ങളും വരുത്തിയിരുന്നതായി ലുകാകു പറയുന്നു. ഒരു ദിവസം ഫോണ്‍ ചെയ്യുമ്പോള്‍ തനിക്കൊരു കാര്യം ചെയ്തു തരണമെന്ന് മുത്തശ്ശന്‍ ആവശ്യപ്പെട്ടു. തന്റെ മകളെ നന്നായി നോക്കണമെന്നായിരുന്നു ആവശ്യം. കുഞ്ഞു ലുകാകുവിന് ആദ്യം കാര്യം കത്തിയില്ലെങ്കിലും തന്റെ അമ്മയുടെ സംരക്ഷണമാണ് മുത്തശ്ശന്‍ ആവശ്യപ്പെടുന്നതെന്ന് പിന്നീട് മനസിലായി. തങ്ങള്‍ സുഖമായിരിക്കുന്നല്ലോ എന്നു പറഞ്ഞ ലുകാകുവിനോട് വീണ്ടും തന്റെ ആഗ്രഹം സാധിച്ചു തരുമെന്ന് സത്യം ചെയ്യണമെന്ന് മുത്തശ്ശന്‍ വീണ്ടും ആവശ്യപ്പെട്ടു.

പതിനാറാം വയസില്‍ പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിയിലൂടെ താനത് നിറവേറ്റുമെന്ന വാക്കു നല്‍കിയായിരുന്നു ലുകാകു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനു ശേഷം മുത്തശ്ശന്‍ മരിച്ചപ്പോഴാണ് ആവശ്യത്തിന്റെ ഗൗരവം ലുകാകുവിന് ബോധ്യമായത്. മുത്തശ്ശന്റെ മരണം തന്നെ ഒരുപാട് വേദനിപ്പിച്ചതായി ലുകാകു പറയുന്നു. പതിനാറു വയസും പതിനൊന്ന് ദിവസവും പ്രായമുള്ളപ്പോള്‍ ലുകാകു പ്രതിജ്ഞ നിറവേറ്റി.

2009 മേയ് 24 ന് ആന്‍ഡെര്‍ലെക്ടും സ്റ്റാന്‍ഡാര്‍ഡ് ലിഗെയുമായുള്ള ഫൈനല്‍ കളിച്ചതും അവിചാരിതമായി. അണ്ടര്‍ 19 ടീമില്‍ സൈഡ് ബഞ്ചിലിരിക്കേണ്ടി വന്നപ്പോഴാണ് കോച്ചുമായി വിചിത്രമായ ബെറ്റ് വെക്കേണ്ടി വന്നത്. സൈഡ് ബഞ്ചിലിരുന്നാല്‍ പതിനാറാം പിറന്നാളിനു മുന്‍പ് കരാറൊപ്പിടല്‍ സാധ്യമാവില്ലെന്ന് ലുകാകുവിനറിയാമായിരുന്നു. തന്നെ കളിക്കാനനുവദിച്ചാല്‍ ഡിസംബറിനു മുന്‍പ് 25 ഗോളുകള്‍ നേടാമെന്നായിരുന്നു ലുകാകുവിന്റെ വാഗ്ദാനം. അതു നേടിയില്ലെങ്കില്‍ ബെഞ്ചിലേക്ക് മടങ്ങേണ്ടി വരുമെന്ന കോച്ചിന്റെ ഭീഷണിയെ ആത്മവിശ്വാസം കൊണ്ട് നേരിട്ടു. പക്ഷേ കോച്ച് പന്തയത്തില്‍ തോറ്റാല്‍ കളിക്കാരെയും കൊണ്ട് ട്രയിനിങ്ങിനു വരുന്ന മിനിവാന്‍ കോച്ച് വൃത്തിയാക്കണമെന്നും തങ്ങള്‍ക്കായി ദിവസവും പാന്‍ കേക്കുണ്ടാക്കി തരണമെന്നും ലുകാകു ആവശ്യപ്പെട്ടത് അദ്ദേഹം സമ്മതിച്ചു. പാളിപ്പോകാന്‍ ഏറെ സാധ്യതയുള്ള ആ പന്തയം തോല്‍ക്കാന്‍ ക്കാന്‍ ലുകാകുവിന് കഴിയുമായിരുന്നില്ല. നവംബറില്‍ 25 ഗോള്‍ പൂര്‍ത്തിയാക്കിയ ലുകാകുവും കൂട്ടരും ആ ക്രിസ്മസ് സീസണ്‍ മുഴുവന്‍ കോച്ചുണ്ടാക്കിയ പാന്‍കേക്ക് കഴിച്ചാഘോഷിച്ചു.

ഈ സംഭവം ലുകാകുവിന്റെ മനശാസ്ത്രവും വ്യക്തമാക്കുന്നു. ഇതെല്ലാവര്‍ക്കുമൊരു പാഠമായിരിക്കട്ടെയെന്നാണ് അദ്ദേഹം പറയുന്നത്. വിശന്നു വലയുന്ന കുട്ടിയോട് കളിക്കാതിരിക്കാനുള്ള പാഠം….സീസണിന്റെ അവസാനമായപ്പോളേക്കും സ്വന്തമായൊരു കേബിള്‍ പാക്കേജ് ലുകാകു സ്വന്തമാക്കി. എന്നാല്‍ ടൈറ്റില്‍ സ്വന്തമാക്കാനുള്ള രണ്ട് പാദ പ്ലേ ഓഫില്‍ പങ്കെടുക്കുമെന്നുള്ള പ്രതീക്ഷ ലുകാകുവിന് ഇല്ലായിരുന്നു. വീട്ടില്‍ മാച്ച് കണ്ടിരുന്ന ലുകാകുവിന് കളിക്കെത്താനുള്ള ഫോണ്‍ കോള്‍ അതിശയിപ്പിക്കുന്നതായിരുന്നു. തന്നെ ആദ്യമായി ടിവിയില്‍ കണ്ട സുഹൃത്തുകളുടെ ഫോണ്‍ കോളുകളും 25 ലധികം വരുന്ന മെസേജുകളും ഫോണ്‍ കോള്‍ രഹിതമായിരുന്ന തന്റെ ഫോണിനെ സമ്പന്നമാക്കിയത് ലുകാകു ഓര്‍ത്തെടുക്കുന്നു. ടിവി ക്യാമറകള്‍ തന്റെ നേര്‍ക്കു ഫോക്കസ് ചെയ്തപ്പോള്‍ ഏറ്റവുമ മോശം കുപ്പായവുമായി നിന്ന തനിക്കുണ്ടായ അപകര്‍ഷതാ ബോധവും അദ്ദേഹം മറയില്ലാതെ പങ്കു വെച്ചു.

ആ കളിയില്‍ ജയിക്കാനായില്ല എന്നു പറയുമ്പോള്‍ പരാജയം തന്റെ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന സത്യവും ലുകാകു വ്യക്തമാക്കി. മല്‍സരത്തിനെത്തിയ ലുകാകുവിനോട് ഏത് നമ്പര്‍ വേണമെന്ന് കിറ്റ്മാന്‍ ചോദിക്കുമ്പോള്‍ 10 എന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ അക്കാഡമി പ്ലേയേഴ്‌സിന് 30 മുതലുള്ള നമ്പര്‍ മാത്രമേ ലഭിക്കൂ എന്നു പറഞ്ഞപ്പോള്‍ കൂട്ടിയാല്‍ 9 ലഭിക്കുന്ന 36 ല്‍ ലുകാകു ഉറച്ചു.

ബല്‍ജിയത്തിന്റെ കളിക്കാരനെങ്കിലും സ്വന്തം രാജ്യക്കാര്‍ തന്നെ കുറ്റം പറയാറുണ്ടെന്നും ലുകാകു ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങള്‍ തന്റെ ജീവിതത്തെയോ പ്രകടനത്തെയോ ബാധിക്കില്ലെന്ന് ലുകാകു പറയുമ്പോള്‍ ഫൈനലിനിറങ്ങുന്ന ഫ്രാന്‍സിന് അങ്കലാപ്പാകുമെന്നുറപ്പ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here