Advertisement

ഷിഹാബിന്റെ പോസ്റ്റ് കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നു: ‘ഇത്തവണത്തെ ലോകകപ്പ് ഫിഫയുടെ സ്‌ക്രിപ്റ്റാണോ?’

July 13, 2018
Google News 1 minute Read

റഷ്യന്‍ ലോകകപ്പ് ഫിഫ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണോ പുരോഗമിക്കുന്നത്? മലയാളിയായ യുവാവിന് ഫിഫ ഇതേ കുറിച്ച് നിര്‍ദേശം നല്‍കിയിരുന്നോ? ചുരുളഴിയാത്ത രഹസ്യങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ഷിഹാബ് എ. ഹസന്‍ എന്ന യുവാവാണ് ഫിഫയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നത്.

തെറ്റിദ്ധരിക്കണ്ട…കാര്യം ഇതാണ്:

ലോകകപ്പ് പ്രവചനം നടത്തിയിരുന്ന അക്കിലസ് പൂച്ച പോലും തോറ്റിടത്ത് എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ സ്വദേശിയായ യുവാവ് വിജയിച്ചിരിക്കുകയാണ്. മുഴുവനായി വിജയിച്ചു എന്ന് പറയാന്‍ ഒക്കില്ല. റഷ്യയില്‍ നിന്ന് ലോകകപ്പുമായി ഫ്രാന്‍സ് നാട്ടിലേക്ക് മടങ്ങിയാല്‍ ഷിഹാബിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കും സോഷ്യല്‍ മീഡിയ. അതേ സമയം, കപ്പ് ക്രൊയേഷ്യ നേടിയാല്‍ ഷിഹാബിന്റെ പ്രോഗസ് കാര്‍ഡില്‍ ചെറിയ ഒരു ഇടിവ് സംഭവിച്ചേക്കാം.

എങ്കിലും, ഫിഫ സ്വപ്‌നത്തില്‍ പോലും കരുത്താത്ത ഫൈനല്‍ ലൈനപ്പ് ജൂണ്‍ 26 ന് തന്നെ പ്രവചിച്ചതാണ് ഷിഹാബിനെ സൂപ്പര്‍സ്റ്റാറാക്കുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പോലും അന്ന് പുരോഗമിച്ചിട്ടില്ല. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോട് അടുത്താണ് ഷിഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ഓരോ ടീമുകളുടെ പ്രകടനത്തെ കുറിച്ചും വിലയിരുത്തിയ ഷിഹാബിന്റെ പോസ്റ്റിന്റെ അവസാനം സെമി ഫൈനല്‍ മത്സരങ്ങളും ഫൈനലും കിറുകൃത്യമായി പ്രവചിച്ചിരിക്കുന്നു.

 

ക്രൊയേഷ്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യ വിജയിക്കുമെന്നായിരുന്നു ഇയാളുടെ പ്രവചനം. ഫ്രാന്‍സും ക്രൊയേഷ്യയും ഫൈനലില്‍ ഏറ്റുമുട്ടുമെന്നും കപ്പ് ഫ്രാന്‍സ് സ്വന്തമാക്കുമെന്നും ഷിഹാബ് പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഈ പ്രവചനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിലവില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ് മലയാളികളുടെ സ്വന്തം ‘അക്കിലസ്’.

“ഇത്തവണ ഒരു ടീമിനോടും പ്രത്യേകിച്ച് ആഭിമുഖ്യം ഇല്ലാതെ കളി ആസ്വദിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ തുടങ്ങിയത്. ആ തീരുമാനം തൃപ്തികരമായ രീതിയില്‍ കളിലഹരി പകര്‍ന്നു തരുന്നുമുണ്ട്. ടൂര്‍ണമെന്‍റ് തുടങ്ങും മുന്നേ എഴുതിത്തള്ളാന്‍ മനസ്സില്‍ തോന്നിപ്പിച്ച അര്‍ജന്‍റിനക്ക് നന്ദി !

(തുടക്കത്തിലെ ഫുട്ബോള്‍ പ്രേമികളോട് ഒരു വാക്ക് : ഫാന്‍സ്‌ എന്ന പേരില്‍ ഒരു വിഭാഗം ആളുകള്‍ കാട്ടിക്കൂട്ടുന്ന വെറുപ്പിക്കലുകള്‍ എത്ര അസഹയനീയമാണെന്ന് തിരിച്ചറിയണമെങ്കില്‍ ഫാനിസം എന്ന കുപ്പായം ഊരി വച്ചുതന്നെ കളികാണണം.)

ഇതുവരെയുള്ള പ്രകടനങ്ങള്‍ വച്ച് നോക്കിയാല്‍ ഈ ലോകകപ്പില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം സ്പെയിന്‍ തന്നെയാണ്. ലാ ലീഗ പോലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ലീഗ് നിലവിലുള്ള രാജ്യം മൊറോക്കോ പോലെയുള്ള ചെറുടീമിനോട് ഏറെക്കുറെ തോല്‍വി ഏറ്റുവാങ്ങുന്ന കാഴ്ച നിരാശാജനകമെന്നേ പറയേണ്ടൂ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പ്രകടനം ഒഴിച്ച് നിര്‍ത്തിയാല്‍ പോര്‍ച്ചുഗല്‍ ടീം വന്‍തോല്‍വിയാണ്. അര്‍ജന്‍റിനയുടെ കാര്യം പറയേണ്ടതില്ലല്ലോ, അഞ്ചു തവണ ‘ബാള്‍ ഡി ഓര്‍’ പുരസ്കാരം ഏറ്റു വാങ്ങിയ മെസി എന്ന ലോകോത്തരതാരം അര്‍ജന്റൈന്‍ ടീമില്‍ കളിക്കുന്നുണ്ട് എന്നു ശ്രദ്ധയില്‍പ്പെട്ടത് ഐസ്ലണ്ടിനോട് പെനാല്‍റ്റി മിസ്‌ ആക്കിയപ്പോള്‍ ആണെന്നത് ദുരന്തമല്ലെങ്കില്‍ പിന്നെന്താണ് ?.

ബ്രസീലാകട്ടെ കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ 7up കുടിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. പഴയ കാല ബ്രസീല്‍ പ്രതാപത്തിന്‍റെ നിഴലെന്നു പോലും വിശേഷിപ്പിക്കനാവാത്ത വിധമാണ് ഈ ലോകകപ്പിലും ബ്രസീല്‍ ടീമിന്‍റെ ദയനീയ പ്രകടനം.

ഈ ലോകകപ്പില്‍ കളിക്കുന്നതില്‍ ഏറ്റവും സാങ്കേതികതികവുള്ള ടീം ആണെങ്കിലും തോമസ്‌ മുള്ളറിന്‍റെ ഫോമില്ലായ്മ ജെര്‍മനിയെ പിന്നോട്ട് വലിക്കുന്നു. എങ്കിലും മുള്ളര്‍ ഫോം വീണ്ടെടുക്കുന്നതിന്‍റെ മിന്നലാട്ടങ്ങള്‍ സ്വീഡനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ കണ്ടത് പ്രതീക്ഷക്ക് വക നല്‍കുന്നു.

ജെര്‍മനിയുമായുള്ള അവസാനഗ്രൂപ്പ് മത്സരത്തില്‍ കൊറിയക്കാര്‍ അത്ഭുതങ്ങള്‍ ഒന്നും കാണിക്കില്ലെന്ന് തന്നെ വിശ്വസിക്കാം. എടുത്തുപറയേണ്ട മറ്റൊരു ഏഷ്യന്‍ടീം ജപ്പാനാണ്. എങ്കിലും ജപ്പാന്‍റെ കുതിപ്പ് രണ്ടാം റൌണ്ടില്‍ ഇംഗ്ലണ്ടിനു മുന്നില്‍ അവസാനിച്ചേക്കും.

ഇറാന്‍, മൊറോക്കോ തുടങ്ങിയ കൊച്ചു ടീമുകളുടെ മികച്ച പ്രകടനങ്ങള്‍ ഈ ലോകകപ്പില്‍ കണ്ണിനു കുളിര്‍മ്മയായി. ഭാഗ്യക്കേട് കൊണ്ടാണ് മൊറോക്കോ രണ്ടാം റൌണ്ടില്‍ കടക്കാതിരുന്നത്. അതുപോലെ അവസാനനിമിഷം വരെ പോര്‍ച്ചുഗലിനെ വെള്ളം കുടിപ്പിച്ചാണ് ഇറാന്‍ സെക്കണ്ട് റൌണ്ട് കാണാതെ പുറത്തായത്. വീരോചിതം പൊരുതിയാണ് യാത്രപറയുന്നത് എന്നതില്‍ ഇരു ടീമുകള്‍ക്കും അഭിമാനിക്കാം.

സൌത്ത്അമേരിക്കയില്‍ നിന്നുള്ള ടീമുകളില്‍ പെറു, കോസ്റ്ററിക്ക, പാനമ ടീമുകള്‍ക്ക് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല.

ആതിഥേയര്‍ എന്ന ആനുകൂല്യം പരമാവധി മുതലാക്കി ആദ്യ രണ്ടു കളികളില്‍ തിളങ്ങിയെങ്കിലും യുറുഗ്വെയോട് തകര്‍ന്നടിഞ്ഞത് റഷ്യന്‍ ടീമിലുള്ള നാട്ടുകാരുടെ പ്രതീക്ഷ മങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. റഷ്യയുമായുള്ള ഒരൊറ്റ മത്സരത്തിലൂടെ ലൂയി സുവാറസ് എന്തുകൊണ്ടാണ് താന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണെന്നത് വീണ്ടും അടിവരയിട്ടു തെളിയിച്ചു.

പ്രതിഭയുള്ള യുവരക്തത്തിന്‍റെ ചിറകിലേറി കുതിക്കുന്ന ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ ടീമുകളാണ് ഈ ലോകകപ്പില്‍ അത്ഭുതം തീര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നവര്‍.

ഇതുവരെയുള്ള വിലയിരുത്തലുകളെയും പ്രവചനങ്ങളെയും തകിടം മറിക്കുന്ന ഒരു സെമിഫൈനല്‍ ലൈനപ്പാണ് എന്‍റെ പ്രതീക്ഷ. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ ‘ഫ്രാന്‍സ് x ബെല്‍ജിയം’, ‘ക്രോയേഷ്യ x ഇംഗ്ലണ്ട്’ ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മികച്ച ടീമാണെങ്കിലും ഇംഗ്ലണ്ട് വന്‍മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാത്ത പൂര്‍വ്വചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫൈനലില്‍ ക്രോയെഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാമ്പ്യന്മാരാകും”.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here