വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തോമസിന് പെന്‍സില്‍ തുമ്പ് മതി

തായ്ലാന്റിലെ ഗുഹയില്‍ നിന്ന് ഫുട്ബോള്‍ താരങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ച് പുറത്തെത്തിച്ചത് ഒരു ചരിത്രത്തിലേക്കാണ്. രക്ഷപെടല്‍ മാത്രമല്ല രക്ഷപ്പെടുത്തലും ചരിത്രമാണ്. അതിലുപരി അതൊരു അത്ഭുതമാണ്. കാരണം, അത്രയേറെ അപകടം പതിയിരുന്ന വഴികളിലൂടെയാണ് കുട്ടികളും രക്ഷാപ്രവര്‍ത്തകരും സഞ്ചരിച്ചത്. കുട്ടികളെ പുറത്തെത്തിച്ച തായ് രക്ഷാ സേനയെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോള്‍ ഇവിടെ കോട്ടയത്ത് തോമസ് ജേക്കബ് എന്ന യുവാവ് അവര്‍ക്കായി ഒരു വിസ്മയം ഒരുക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം എന്ന അത്ഭുതം തായ്ലാന്റിലെ താം ലുവാങ് എന്ന ഗുഹയില്‍ ആയിരുന്നുവെങ്കില്‍ തോമസ് ജേക്കബ് അവര്‍ക്കായി ഒരുക്കിയ അത്ഭുതം പെന്‍സില്‍ തുമ്പിലാണ്. പെന്‍സില്‍ ലെഡില്‍ തീര്‍ത്ത ജീവസ്സുറ്റ ഈ സ്മാരകത്തെ വിസ്മയം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് അല്ലേ? 18മണിക്കൂറിന്റെ കഠിന ശ്രമത്തിലൂടെയാണ് തോമസ് ഇത് ഒരുക്കിയത്. പെന്‍സില്‍ തുമ്പില്‍ ഇങ്ങനെ വിസ്മയം തീര്‍ക്കുന്ന മൈക്രോ ആര്‍ട്ട് ചെയ്യുന്നവര്‍ കേരളത്തില്‍ വിരളമാണ്. അത് വരുമാനമാര്‍ഗ്ഗമായി എടുത്തവര്‍ അതിലും വിരളം. ആ കൂട്ടത്തിലാണ് തോമസിന്റെയും സ്ഥാനം. കാരണം പത്ത് കൊല്ലത്തെ ഐടി ജീവിതത്തിന് വിട പറഞ്ഞാണ് തോമസ് ഇടവേളകളില്‍ മാത്രം ഒപ്പം ഉണ്ടായിരുന്ന പാഷനെ ഫുള്‍ടൈം കൂടെ കൂട്ടിയത്.
ഒരു മൈക്രോ ആര്‍ട്ട് ഐടി പ്രൊഫഷണല്‍
തോമസ് ജേക്കബിനെ അടുത്തറിഞ്ഞാല്‍, പാഷന് പിന്നാലെയുള്ള തോമസിന്റെ യാത്രയെ കുറിച്ച് അറിഞ്ഞാല്‍ ആ ജീവിതത്തെ വിസ്മയം എന്നല്ലാതെ മറ്റൊരു പേരില്‍ അതിനെ വിശേഷിപ്പിക്കില്ല, ഉറപ്പ്! കാരണം സ്ക്കൂളിലെ ക്ലാസ് മുറിയില്‍ മഷിപ്പേനയില്‍ നിന്ന് പടരുന്ന മഷി ഒപ്പിയെടുക്കാന്‍ ഉപയോഗിച്ച ചോക്ക് കഷ്ണങ്ങളില്‍ പത്ത് വയസ്സുകാരന്‍ തുടങ്ങിയ പരീക്ഷണം ഇന്ന് www.thomasartworld.com വെബ് സൈറ്റിലാണ് എത്തി നില്‍ക്കുന്നത്. മൈക്രോ ആര്‍ട്ടില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് പോലും പാസ്സാകാത്ത ആളുടെ വിരല്‍ തുമ്പിലാണ് ഈ അത്ഭുതങ്ങള്‍ പിറവി കൊള്ളുന്നതെന്നുകൂടി ഓര്‍ക്കണം.
തുടക്കം ചോക്കില്‍
പത്ത് വയസ്സില്‍ ക്ലാസില്‍ മഷി പടര്‍ന്ന പുസ്തകത്തില്‍ നിന്ന് മഷി ഒപ്പിയെടുക്കാന്‍ ഉപയോഗിച്ച ചോക്ക് കഷ്ണങ്ങളിലായിരുന്നു തോമസിന്റെ തുടക്കം. സ്കെയിലും കോമ്പസും പിന്നുമൊക്കെയായിരുന്നു ആയുധങ്ങള്‍. ചെറുപ്പത്തിലേ ചിത്രം വരയ്ക്കുമായിരുന്നു. അത് കൊണ്ട് തന്നെ ഒരു സ്പാര്‍ക്ക് മനസില്‍ എവിടെയോ ഉണ്ടായിരുന്നു തോമസ് പറയുന്നു. വീട്ടില്‍ ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍ അത് ഉപയോഗിച്ച് ഓരോ രൂപങ്ങളുണ്ടാക്കുമായിരുന്നു. പക്ഷേ അന്ന് ഇന്റര്‍നെറ്റൊന്നും ഇല്ല. ചോക്കില്‍ ഞാന്‍ ഈ ചെയ്ത് കൂട്ടുന്നതിന്റെ പേര് മൈക്രോ ആര്‍ട്ടാണെന്നു പോലും അറിയില്ലായിരുന്നു. പഠനത്തോടൊപ്പം കലാസൃഷ്ടികളും വളര്‍ന്നു, ഐടി പ്രൊഫഷണലായപ്പോഴും ഇത് കൈവിട്ടില്ല. ജോലി തിരക്കും പ്രഷറുമൊക്കെ ചോക്കിന് മുന്നില്‍ കീഴടങ്ങി. സ്കെയിലും കോമ്പസുമൊക്കെ വിട്ട് ആര്‍ട്ട് നൈഫടക്കമുള്ള ആയുധങ്ങളുമായി അല്‍പം പ്രൊഫഷണലായി തുടങ്ങിയിരുന്നു അപ്പോഴേക്കും. അതൊക്കെ ഐടി പ്രൊഫഷന് പിന്നിലായിരുന്നെന്ന് മാത്രം!
ഐടി ഔട്ട് പാഷന്‍ ഇന്‍
പത്ത് വര്‍ഷത്തെ ഐടി ജോലിയോട് വിട പറഞ്ഞ് തന്റെ പാഷനായ മൈക്രോ ആര്‍ട്ടിലേക്ക് തിരിയുന്നതിന് ഒരു വര്‍ഷം മുമ്പാണ്.ചോക്കില്‍ നിന്ന് പെന്‍സില്‍ ലെഡിലേക്ക് ചുവട് മാറിയിട്ട് അധികം നാളായിരുന്നില്ല. ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. പതുക്കെ കൂട്ടുകാരില്‍ നിന്നും അവരുടെ കൂട്ടുകാരില്‍ നിന്നൊക്കെ പതിയെ ഓര്‍ഡര്‍ കിട്ടിത്തുടങ്ങി. അങ്ങനെ മൂന്ന് വര്‍ഷം മുമ്പ് പെന്‍സിലിലേക്കും പരീക്ഷണം വ്യാപിപ്പിച്ചു. അതിനിടെയില്‍ എപ്പോഴോ ആണ് ജോലി വിട്ടാലോ എന്ന ആലോചന വന്നത്. ഭാര്യ പ്രിയയും കുടുംബവും സപ്പോര്‍ട്ട് തന്നതോടെ കണ്ണും പൂട്ടി ജോലിയില്‍ നിന്ന് ഒരു ലോംഗ് ലീവെടുത്ത് പാഷനെ ഒന്നു കൂടി ചേര്‍ത്ത് പിടിച്ചു തോമസ്. ഒരു സൈറ്റും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും തുറന്നു. പതുക്കെ കൂട്ടുകാരില്‍ നിന്നും അത് കണ്ട് മറ്റുള്ളവരില്‍ നിന്നും ഓര്‍ഡര്‍ വന്ന് തുടങ്ങി. ഇപ്പോള്‍ ആവശ്യത്തിന് ഓര്‍ഡര്‍ വരുന്നുണ്ട്.
പെന്‍സില്‍ തുമ്പില്‍ കഥാപാത്ര രചന
കാല, പുലിമുരുകന്‍, കായംകുളം കൊച്ചുണ്ണി, ഗ്രേറ്റ് ഫാദര്‍, ഷാജി പാപ്പന്‍ എന്നീ കഥാപാത്രങ്ങള്‍ തോമസിന്റെ പെന്‍സില്‍ തുമ്പത്ത് വരത്ത് വരച്ച വരയില്‍ നിന്നിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും നിവിന്‍ പോളിയ്ക്കുമെല്ലാം സ്വന്തം കൈകൊണ്ട് ഇത് നല്‍കാനും അവസരം ലഭിച്ചിട്ടുണ്ട് തോമസിന്. ജോലിയില്‍ നിന്ന് പൂര്‍ണ്ണമായും വിട പറയാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഈ യുവാവ്. കഴിവുണ്ടെങ്കില്‍ ആ കഴിവ് എന്നെങ്കിലും അവനവന് വഴികാട്ടിയായി മുന്നില്‍ നടക്കും എന്നതിനുള്ള ഉദാഹരണമാണ് തോമസ്. ആവശ്യക്കാര്‍ക്ക് തോമസിനെ നേരിട്ട് ബന്ധപ്പെടാം 9074308008, 9496240140.
കുട്ടികള്‍ക്കായി ആര്‍ട്ട് ക്ലാസ്
കൊച്ചി ചിറ്റേത്തുകരയിലെ ട്രിനിറ്റി വേള്‍ഡിലാണ് തോമസ് താമസിക്കുന്നത്. ഫ്ളാറ്റില്‍ കുട്ടികള്‍ക്കായി ആര്‍ട്ട് ക്ലാസും നടത്തുന്നുണ്ട് തോമസ്.
മൈക്രോ ആര്‍ട്ടിനെ കുറിച്ച് മലയാളികള്‍ക്ക്അത്ര പരിചയം പോര. ശ്രദ്ധയും സമയവും ഏകാഗ്രതയും ഒരു പോലെ ‘കൂടുതല്‍’വേണ്ട ഒരു കലയാണിതെന്ന് തോമസ് പറയുന്നു. ആളുകളിലേക്ക് കൂടുതലായി ഇത് എത്തിക്കുന്നതിനായി ഒരു ആര്‍ട്ട് എക്സിബിഷന്‍ നടത്താനുള്ള ഒരുക്കത്തിലാണ് തോമസ് ഇപ്പോള്‍. ക്രയോണ്‍സുകളിലും തോമസ് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പേപ്പര്‍ കട്ട് ആര്‍ട്ടുകളും തോമസ് ചെയ്യാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here