പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണി; സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശം

പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ എസ്.ഡി.പി.ഐയില്‍ നിന്ന് വധഭീഷണിയുള്ളതായി പരാതിപ്പെട്ട യുവാവിനും യുവതിക്കും സുരക്ഷയൊരുക്കണമെന്ന് കോടതി നിര്‍ദേശം. പെണ്‍കുട്ടിക്കും യുവാവിനും എല്ലാവിധ സുരക്ഷയും ഒരുക്കണമെന്നാണ് കോടതി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ തങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ഷാഹിന – ഹാരിസണ്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.


മുസ്ലീം മതത്തില്‍ പെട്ട ഷാഹിനയെ ക്രിസ്ത്യന്‍ മതവിശ്വാസിയായ ഹാരിസണ്‍ വിവാഹം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് തനിക്കും തന്റെ കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ഹാരിസണ്‍ ആരോപിച്ചിരുന്നു. ഭീഷണിയെ തുടര്‍ന്ന് നാട് വിട്ടുപോയ ഇവര്‍ ഇന്ന് സ്വദേശമായ ആറ്റിങ്ങലില്‍ തിരിച്ചെത്തി.

ജാതിയും മതവും നോക്കിയല്ല തങ്ങൾ പ്രണയിച്ചതെന്നും മതം മാറാൻ തങ്ങൾ പരസ്പരം നിർബന്ധിക്കുന്നില്ലെന്നും ഷഹാനയും ഹാരിസും പറയുന്നു. ‘ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. എസ്ഡിപിഐയും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..’ ഹാരിസൺ ഫേസ്ബുക്കിൽ കുറിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top