Advertisement

ജെനിയുടെ ‘കൂടെ’ ; ജോഷ്വയുടേയും

July 21, 2018
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

– സലിം മാലിക്

ഗൃഹാതുരതയെ എത്രത്തോളം ഭംഗിയായി അവതരിപ്പിക്കാം എന്നതിന്റെ വലിയ ഉദാഹരണമായിരുന്നു ‘മഞ്ചാടിക്കുരു’ എന്ന ചലച്ചിത്ര അനുഭവം. അഞ്ജലി മേനോൻ എന്ന സംവിധായികയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു മഞ്ചാടിക്കുരുവിൽ. വിനോദ ചേരുവകൾ കൂടി ഉൾപെടുത്തിയിറങ്ങിയ അഞ്ജലിയുടെ രണ്ടാം സിനിമയായ ബാംഗ്ലൂർ ഡേയ്സും മലയാളി മനസ് കീഴടക്കിയിരുന്നു. ഓരോ സിനിമക്ക് ശേഷവും വലിയ ഗ്യാപ്പ് പാലിക്കുന്ന അഞ്ജലി മേനോന്റെ മൂന്നാമത്തെ മാത്രം സിനിമയാണ് ‘കൂടെ’.

വെറും രണ്ട് സിനിമകൾ കൊണ്ട് മിനിമം ഗ്യാരന്റീ സംവിധായിക എന്ന പേര് നേടിയ അഞ്ജലിയുടെ ‘കൂടെ’ യിൽ കഥാപാത്രങ്ങളാവുന്നത് പൃഥ്വിരാജ്, നസ്രിയ, പാർവതി, രഞ്ജിത്ത്, മാലാ പാർവതി, റോഷൻ മാത്യു തുടങ്ങിയവരാണ്. നസ്രിയ നാസിം വിവാഹത്തിന് ശേഷം മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ‘കൂടെ’ക്കുണ്ട്. സച്ചിൻ കുനാൽക്കറിന്റെ ഹാപ്പി ജേർണി എന്ന മറാത്തി സിനിമയിൽ നിന്നുമാണ് ‘കൂടെ’ പിറക്കുന്നത്.

പതിനഞ്ചാം വയസിൽ തന്നെ സാഹചര്യങ്ങൾ പ്രവാസിയാക്കിയ ജോഷ്വാ എന്ന കഥാപാത്രമാണ് പ്രിത്വിരാജിന്. കുടുംബത്തെ പിരിഞ്ഞ് കുട്ടിക്കാലം മുതൽ കഴിഞ്ഞത് കൊണ്ട് തന്നെ ജോഷ്വാ ഏകാകിയാണ്. കുടുംബത്തിലും സുഹൃത്തുക്കളുടെ എണ്ണത്തിലും എല്ലാം ജോഷ്വാ പിറകിലാണ്. ജോഷ്വയുടെ അനിയത്തി ജെനി എന്ന ജെനിഫെറായാണ് നസ്രിയ എത്തുന്നത്. നിത്യ രോഗിയായ ജെനിക്ക് വേണ്ടിയാണ് പതിനഞ്ചാം വയസിൽ ചേട്ടൻ ജോഷ്വാ പ്രവാസിയാവുന്നത്. പിന്നീട് നാല് വർഷത്തിൽ ഒരിക്കൽ മാത്രം വീട്ടിലേക്ക് വിരുന്നെത്തുന്ന ജോഷ്വയുടെ മുരടിച്ച മനസ്സിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.

സഹോദര സ്നേഹത്തിന്റെ ഹൃദയം തൊടുന്ന കാഴ്ചകൾക്കൊപ്പം പ്രണയവും സ്കൂൾ കാലവും കുടുംബ ബന്ധങ്ങളുമെല്ലാം പല കാഴ്ചകളായി സിനിമയുടെ ഭാഗമാവുന്നുണ്ട്.

മരണ ശേഷവും ജെനിയുടെ സാന്നിധ്യം അനുഭവിക്കുന്ന ജോഷ്വക്ക് അത് മൂലം ഉണ്ടാവുന്ന മാറ്റങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം.

സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ഓട്ടത്തിനിടയിൽ ഇടക്ക് ട്രാക്ക് തെറ്റിയ പ്രിത്വിരാജിന്റെ ട്രാക്കിലേക്കുള്ള മടങ്ങി വരവാണ് കൂടെ. അവസാനമിറങ്ങിയ മൈ സ്റ്റോറിയും വിമാനവും ടിയാനുമെല്ലാം പ്രിത്വിരാജ് എന്ന നടന് നിരാശ സമ്മാനിച്ച സിനിമകളാണ്. ആ നിരാശകളെ മറികടക്കാൻ കൂടെയിലെ ജോഷ്വക്ക് കഴിഞ്ഞിട്ടുണ്ട്.

ഹേറ്റ് ക്യാമ്പയിൻ കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന നടിയല്ല പാർവതിയെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നുണ്ട് സോഫിയ എന്ന കഥാപാത്രം.

നസ്രിയയുടെ ജെനി തന്നെയാണ് സിനിമയുടെ ജീവൻ. ഒരർത്ഥത്തിൽ ഇത് ജെനിയുടെ സിനിമയാണ്. കുസൃതി കുടുക്കയായ അനിയത്തി കുട്ടിയായി നസ്രിയ തിരിച്ചു വരവ് ഗംഭീരമാക്കിയിട്ടുണ്ട്. സിനിമക്കിടയിൽ ജെനി പറയുന്ന “ഞാൻ കൂടി മിണ്ടാതിരുന്നാൽ ഇത് അവാർഡ് സിനിമ പോലെ ആയേനെ” എന്ന ഡയലോഗ് സിനിമയെ ആകെ വിലയിരുത്തുമ്പോഴും  പ്രസക്തമാണ്. ഫീൽ ഗുഡ് ഫോർമാറ്റിൽ മുന്നേറുന്ന സിനിമ വിരസതയിലേക്ക് നീങ്ങുമ്പോഴെല്ലാം ആശ്വാസമാവുന്നത് നസ്രിയയുടെ സാന്നിധ്യമാണ്.

ഒപ്പം രഞ്ജിത്തും മാലാ പാർവതിയും റോഷൻ മാത്യുവും അടക്കം മുഴുവൻ താരങ്ങളും കഥാപാത്രങ്ങൾക്ക് ചേരുന്ന പ്രകടനം കാഴ്ച്ച വെച്ചു.

തുടക്കം മുതൽ അവസാനം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന സിനിമ പലപ്പോഴും വല്ലാതെ മുഷിപ്പിക്കുന്നുണ്ട്. ആ വിരസതയെ മറികടക്കാനായൽ ഭേദപ്പെട്ട സിനിമ ആസ്വദിക്കാം…!

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement