അവിശ്വാസപ്രമേയം പാസായി; 18 വര്‍ഷമായി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തില്‍ ബിജെപിക്ക് അധികാരനഷ്ടം

18 വര്‍ഷമായി ഭരിക്കുന്ന കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തിലെ ഭരണം ബിജെപിക്ക് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രമേയത്തെ മുസ്ലീം ലീഗും കോണ്‍ഗ്രസ് സ്വതന്ത്രനും പിന്തുണച്ചു.

15 അംഗ പഞ്ചായത്തിൽ സിപിഎമ്മിലെ ഒരു സ്വതന്ത്ര ഉൾപ്പടെ അഞ്ച് അംഗങ്ങൾക്കൊപ്പം ലീഗിലെ രണ്ടുപേരും ഒരു കോൺഗ്രസ് സ്വതന്ത്രനും ചേർന്നപ്പോൾ പ്രതിപക്ഷം കക്ഷികൾക്ക് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. ബിജെപിക്ക് ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഏകാധിപത്യരീതി, പഞ്ചായത്തിലെ വികസന മുരടിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സിപിഎം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

സിപിഎം സ്വതന്ത്ര അംഗം അനസൂയ റായി പ്രസിഡന്‍റാകുമെന്നാണ് സൂചന. വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസപ്രമേയ ചർച്ച ഓഗസ്റ്റ് നാലിന് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top