കീഴാറ്റൂരിലെ കേന്ദ്ര ഇടപെടല്‍; ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് മുഖ്യമന്ത്രി

കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് പാരവെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാത പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നാഷ്ണല്‍ ഹൈവേ വിഷയത്തില്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ച വ്യക്തിയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ബദല്‍ പാതയെ കുറിച്ച് സംസ്ഥാനം ചര്‍ച്ച ചെയ്തതാണ്. നാഷ്ണല്‍ ഹൈവേ അതോറിറ്റി പ്രശ്‌നം ഉന്നയിച്ചപ്പോല്‍ സംസ്ഥാനത്തിന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള അലൈന്‍മെന്റ് മാറ്റിസ്ഥാപിക്കാനാകുമോ എന്നറിയാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ഇടപെട്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് റോഡ് നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനത്തിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
“മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്ന് നാഷ്ണല്‍ ഹൈവേ അതോറിറ്റിക്ക് അറിയാം. കേരളത്തിലെ റോഡ് വികസനം തടയുകയാണ് ഇപ്പോള്‍ ആര്‍എസ്എസ് ലക്ഷ്യം. ഇങ്ങനെയൊരു വിഷയം വരുമ്പോള്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്താതെ എതിര്‍പ്പ് പ്രകടിപ്പിച്ചവരെ മാത്രം ഉള്‍ക്കൊള്ളിച്ച് കേന്ദ്രം ചര്‍ച്ച നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. കേന്ദ്രത്തിന്റെ ഈ നടപടി ഫെഡറലിസത്തിന് എതിരാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ആരോഗ്യപരമായ ബന്ധത്തെ ഇത് മോശമായി ബാധിക്കുന്നു. ഇത് തിരുത്താന്‍ കേന്ദ്രം തയ്യാറാകണം” – മുഖ്യമന്ത്രി പ്രതികരിച്ചു.
കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസിന് ബദല്‍ സാധ്യത തേടുമെന്ന് സമരസമിതിയോട് കേന്ദ്രം നിലപാട് അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ബദല്‍ സാധ്യതകള്‍ പരിശോധിക്കാനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സംതൃപ്തരാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം വയല്‍ക്കിളി സമരസമിതിയും പറഞ്ഞു.
കീഴാറ്റൂരില്‍ മേല്‍പ്പാലം പരിഹാരമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം യോഗശേഷം പറഞ്ഞു. അലൈന്‍മെന്റ് മാറ്റുക മാത്രമാണ് പരിഹാരം. ഇതിനുള്ള സാധ്യതകള്‍ സാങ്കേതിക സമിതി പഠനത്തിന് ശേഷം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സമരസമിതി കീഴാറ്റൂരിലെത്തി പരിശോധന നടത്തുമെന്നും ഈ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും നിതിന്‍ ഗഡ്കരിയും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here