ഇബ്‌ലീസ്: അഡ്വെഞ്ചര്‍ വേള്‍ഡ് ഓഫ് വൈശാഖന്‍

iblis movie review

– സലിം മാലിക്

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനാവുന്ന സിനിമയാണ് ഇബ്ലീസ്. ഈ ടീമിന്റെ ആദ്യ സിനിമയായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തിയേറ്ററില്‍ വലിയ ചലനം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരീക്ഷണ സിനിമ എന്ന പേരില്‍ നിരൂപക പ്രശംസ നേടിയിരുന്നു. തന്റെ രണ്ടാം സിനിമയിലേക്കെത്തുമ്പോഴും മറ്റൊരു പരീക്ഷണ ചിത്രം തന്നെയാണ് രോഹിത് വി.എസ് ഒരുക്കിയിരിക്കുന്നത്.

അകാല മരണം എന്ന ശാപമുള്ള ഗ്രാമത്തില്‍ നിന്നാണ് ഇബ്ലീസിന്റെ കഥ ആരംഭിക്കുന്നത്. മരണം ആഘോഷമാക്കിയ സാങ്കല്പിക ഗ്രാമത്തിന്റേയും അവിടെയുള്ള ജീവിച്ചിരുക്കുന്നവരുടേയും മരിച്ചവരുടേയും കഥയാണ് ഇബ്ലീസ് പറയുന്നത്. പൂര്‍ണമായും ഫാന്റസി ജോണറില്‍ കഥ പറഞ്ഞു പോകുന്ന സിനിമ പ്രേക്ഷകനേയും മറ്റൊരു ലോകത്തിലേക്കാണ് ക്ഷണിക്കുന്നത്.

മരണവും മരണാന്തര ജീവിതവും ഉള്‍പ്പെടുന്ന അത്ഭുതക്കാഴ്ച്ചകളുടെ രസകരമായ അവതരണമാണ് സിനിമ. പൂര്‍ണമായും പ്രേക്ഷകനേയും ആ ലോകത്തിലേക്ക് കൊണ്ട് പോവുകയും അവിടെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സിനിമയുടെ ടെക്‌നിക്കല്‍ വശം ഗംഭീരമാണ്. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണമാണ് ഇബ്ലീസിന്റെ സങ്കല്പ ലോകത്തിന് മിഴിവേകുന്നത്. ഷമീര്‍ മുഹമ്മദിന്റെ കയ്യൊതുക്കമുള്ള എഡിറ്റിംഗും സിനിമയുടെ രസം നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും സിനിമയുടെ മൂഡിനൊത്ത് പോകുന്നതാണ്.

സമീര്‍ അബ്ദുലിന്റെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പാളി പോകാവുന്ന തിരക്കഥയെ ആദ്യ സിനിമയെക്കാള്‍ ഏറെ മെച്ചപ്പെട്ട സംവിധാനത്തിലൂടെ രോഹിത് വി.എസ് ഗംഭീരമാക്കുന്നുണ്ട്.

ആസിഫ് അലിക്കൊപ്പം ലാല്‍, സിദ്ദീഖ്, മഡോണ സെബാസ്റ്റിയന്‍, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, തുടങ്ങി വലിയ താരനിരയുണ്ട് സിനിമയില്‍. ലാലിന്റെ ശ്രീധരന്‍ സിനിമയുടെ മുഴുവന്‍ എനര്‍ജി ലെവല്‍ നിയന്ത്രിക്കുന്ന കഥാപാത്രമായിരുന്നു. സിദ്ദീഖിന്റെ ജബ്ബാര്‍ തിയേറ്ററില്‍ പൊട്ടിച്ചിരി നിറക്കാന്‍ പോന്നതാണ്. മഡോണയുടെ നായികാ കഥാപാത്രവും മികച്ചു നിന്നു.

ജീവിച്ചിരിക്കുന്നവരുടേത് മാത്രമല്ല, മരിച്ചവരുടേത് കൂടിയാണ് ലോകം എന്ന് പറയാതെ പറയുന്ന സിനിമ യുക്തി പുറത്ത് വെച്ച് പൂര്‍ണമായി ഒരു ഫാന്റസി മൂവി ആസ്വദിക്കാന്‍ കയറുന്നവര്‍ക്ക് നല്ല അനുഭവമാകും സമ്മാനിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top