Advertisement

കലൈഞ്ചർ; രാഷ്ട്രീയത്തിൽ അരനൂറ്റാണ്ട് പിന്നിട്ട അതികായകൻ

August 7, 2018
Google News 2 minutes Read

ഡിഎംകെ തലപ്പത്തുദിച്ച കലൈഞ്ജർ എന്ന സൂര്യൻ അസ്തമിച്ചു. വാക്കുകൾ കൊണ്ട് തമിഴ്ജനതയെ സ്വാധീനിച്ച് അരനൂറ്റാണ്ടിലേറെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു കരുണാനിധി എന്ന രാഷ്ട്രീയ ചാണക്യൻ. ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായി ഇത്രയും കാലം ഒരാൾ തന്നെ തുടരുന്നത് അപൂർവ്വമാണ്.

തന്റെ പതിനാലാം വയസ്സിലാണ് കരുണാനിധി രാഷ്ട്രീയത്തിലെത്തുന്നത്. പഠനകാലത്ത് തന്നെ ‘പനഗൾ അരസർ’ എന്ന പുസ്തകം ഹൃദ്യസ്തമാക്കിയ കരുണാനിധിയുടെ ഹൃദയത്തിൽ അന്ന് കയറിക്കൂടിയതാണ് രാഷ്ട്രീയം. ജസ്റ്റിസ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു പനഗൾ അരസർ. പാർട്ടിയെ ഡിഎംകെയുടെ മുൻഗാമിയായാണ് പലരും കണക്കാക്കുന്നത്. 1926 ൽ പെരിയാർ ‘സ്വാഭിമാന പ്രസ്ഥാനം’ തുടങ്ങിയപ്പോൾ സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി വിദ്യാർത്ഥികൾ പ്രസ്ഥാനത്തിൽ ആകൃഷ്ടരായി. അതിൽ മദ്രാസ് പാചിയപ്പൻ കോളേജിലെ വിദ്യാർത്ഥിയും മികച്ച പ്രഭാഷകൻ എന്ന രീതിയിൽ അന്നേ ജനശ്രദ്ധ നേടിയ സിഎൻ അണ്ണാദുരൈയായിരുന്നു മുഖ്യൻ. അങ്ങനെ 1930 ൽ സെൽഫ് റെസ്‌പെക്ട് യൂത്ത് ബോഡിക്ക് സിഎൻ അണ്ണാദുരൈ രൂപം കൊടുത്തു.

തിരുവരൂറിൽ കരുണാനിധി അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ് ആ വർഷത്തെ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടി തോക്കുന്നത്. അടു്ത വർഷം സ്വരാജ്യ പാർട്ടിയെ തോൽപ്പിച്ച് കോൺഗ്രസ് സർക്കാർ മദ്രാസിൽ അധികാരത്തിലെത്തി. രാജാജി മുഖ്യമന്ത്രിയാവുകയും വിദ്യാലയങ്ങളിൽ നിർബന്ധമായും ഹിന്ദി പഠിക്കണമെന്ന നിയമം പാസ്സാക്കുകയും ചെയ്തു. നിയമം പാസ്സാക്കിയതോടെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ദ്രാവിഡ സമൂഹത്തിൽ ഹിന്ദി അടിച്ചേൽപ്പിച്ചക്കുന്നതിനെതിരെ പെരിയാറും അദ്ദേഹത്തിന്റെ പിൻഗാമികളും പ്രതിഷേധിച്ചു. ഹിന്ദിക്കെതിരെ പ്രതിഷേധം ശക്തമാക്കിക്കൊണ്ട് സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ജനങ്ങൾക്ക് ഇതിനെതിരെയുള്ള ലഘുരേഖകളും, വാരികകളും വിതരണം ചെയ്തു..യോഗങ്ങളും മാർച്ചുകളും സംഘടിപ്പിച്ചു. ജൂൺ 3 1938 ലാണ് ആദ്യ ഹിന്ദി വിരുദ്ധ പ്രതിഷേധം നടക്കുന്നത്. സൈദാപ്പേട്ടിലായിരുന്നു മരൈമലൈ അഡിഗളായിരുന്നു പ്രതിഷേധത്തിന് നേതൃത്വം വഹിച്ചത്. ഹിന്ദിക്കെതിരെ പാട്ടുകോട്ടൈ അഴഗിരിസാമിയും സംസ്ഥാനമൊട്ടാകെ മാർച്ച് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ സംഭവവികാസങ്ങളെല്ലാം ശ്രദ്ധിച്ചിരുന്ന കരുണാനിധിയെ ഈ പ്രതിഷേധ പ്രവർത്തനങ്ങളെല്ലാം ആവേശം കൊള്ളിച്ചു.

ആരെയും പിടിച്ചിരിത്തുന്ന പെരിയാറിന്റെ പ്രസംഗം, അഴഗിരിയുടെ വാക്കുകളിലെ ധൈര്യം, അണ്ണയുടെ സുന്ദര തമിഴ്, ഇതെല്ലാമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് കരുണാനിധി മുമ്പ് പറഞ്ഞിട്ടുണ്ട്.

1938 ൽ, തന്റെ പതിനാലാം വയസ്സിൽ, കരുണാനിധി ഒരുപറ്റം യുവാക്കളെയും കൂട്ടി തന്റെ സൈക്കിൾ റിക്ഷയിൽ ‘തമിഴ് തായ്’ എന്ന കൊടി കുത്തി തിരുവരുറിന്റെ തെരുവിലൂടെ ചുറ്റിത്തിരിയുമായിരുന്നു.

അങ്ങനെയിരിക്കെ കരുണാനിധിയുടെ ഹിന്ദി അധ്യാപകൻ ഇത് കണ്ടു. കരുണാനിധി തന്റെ കൈയ്യിലുണ്ടായിരുന്ന ലഘുലേഖ അധ്യാപകന്റെ കൈയ്യിൽ കൊടുത്തു എനിട്ട് ‘ഹിന്ദി തുലയട്ടെ, തമിഴ് നീണാൾ വാഴട്ടെ’ എന്ന് ഉറക്കെ പറഞ്ഞു. അന്ന് അധ്യാപകൻ ഒന്നും പറഞ്ഞില്ലെങ്കിലും, കരുണാനിധിക്കുള്ള മറുപടി തൊട്ടടുത്ത ദിവസം ക്ലാസ്സിൽ ഉണ്ടായിരുന്നു.

ക്ലാസിലെ ബ്ലാക്ക് ബോർഡിലെ അധ്യാപകൻ കരുണാനിധിക്കായി ഹിന്ദിയിൽ എന്തോ എഴുതിയിരുന്നു. കരുണാനിധിയോട് അത് വായിക്കാൻ പറഞ്ഞുവെങ്കിലും ഹിന്ദി അറിയാത്ത അദ്ദേഹത്തിന് അതെന്തെന്ന് മനസ്സിലായില്ല. ഇത് പറഞ്ഞ കരുണാനിധിയുടെ മുഖത്ത് അധ്യാപകൻ അടിച്ചു. എന്നാൽ ഈ സംഭവം കരുണാനിധിയെ തളർത്തിയില്ല. അദ്ദേഹം തന്റെ പ്രതിഷേധവുമായി മുന്നോട്ട് പോവുകതന്നെ ചെയ്തു.

പതിനഞ്ചാം വയസ്സിലാണ് കരുണാനിധി എഴുതാനുള്ള തന്റെ കഴിവ് മനസ്സിലാക്കുന്നത്. മാനവ നേസൻ എന്ന മാസികയിൽ കരുണാനിധി എഴുതുന്നത് ആ സമയത്തായിരുന്നു. കൈയ്യെഴുത്ത് മാസികയായിരുന്ന മാനവ നോസന്റെ പതിനഞ്ച് കോപ്പികളും എഴുതിയുണ്ടാക്കിയവയായിരുന്നു. കരുണാനിധിയും സുഹൃത്തുക്കളും ചേർന്നാണ് ഇത് വിതരണം ചെയ്തിരുന്നത്.

ആ സമയത്താണ് ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കരുണാനിധിയെ തേടിയെത്തുന്നതും സ്വാതന്ത്ര്യം, സഹിഷ്ണുത, തുല്യത എന്നിവയ്ക്കായി വിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടാൻ കരുണാനിധിയോട് ആവശ്യപ്പെടുന്നതും. മാനവ നേസനും ഒപ്പം കൊണ്ടുവരാൻ അയാൾ പറഞ്ഞു. ഈ കൂടിക്കാഴ്ച്ചയ്ക്ക് നാല് മാസം കഴിഞ്ഞാണ് മുരസൊളി എന്ന പത്രം പിറക്കുന്നത്.

അന്ന് 200 വിദ്യാർത്ഥികളെ ഒപ്പം കൂട്ടിയ കരുണാനിധിയെ ഈ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയായും സുഹൃത്ത് എസ്പി ചിദംബരത്തെ ട്രഷററായും തെരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിൽ അംഗത്വമുള്ള വിദ്യാർത്ഥികളും ഈ സംഘടനയിൽ അംഗങ്ങളായിരുന്നു. എന്നാൽ പിന്നീട് കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാർട്ടികളുമായി ബന്ധം വേണ്ടെന്നുവെച്ച കരുണാനിധി സംഘടന പിരിച്ചുവിട്ടു. പിരയാറിന്റെയും അണ്ണയുടേയും പാതയിൽ തന്നെയായിരുന്നു കരുണാനിധിയും. രാഷ്ട്രീയത്തിലിറങ്ങിയ കരുണാനിധിക്ക് പഠിനത്തിൽ ശ്രദ്ധിക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവസാന വർഷ പരീക്ഷയിൽമൂന്ന് തവണയും കരുണാനിധി തോറ്റു അതോടെ കരുണാനിധി പഠനം അവസാനിപ്പിച്ചു.

1939 ൽ രാജാജി സർക്കാരിന്റെ കാലയളവ് തീർന്നു. ഇതേതുടർന്ന് ഇടക്കാല സർക്കാർ രൂപീകരിക്കുകയും ഹിന്ദി നിയമം പിൻവലിക്കുകയും ചെയ്തു. ഹിന്ദി വിരുദ്ധ പ്രതിഷേധത്തിന്റെ ആദ്യ വിജയമായിരുന്നു ഇത്.

നാടകങ്ങൾക്ക് വേണ്ടി തിരക്കഥയെഴുതിയിരുന്ന കരുണാനിധിയുടെ ശൈലിയിൽ ആകൃഷ്ടനായ പെരിയാർ അദ്ദേഹത്തെ ദ്രാവിഡർ കഴകം മാസികയുടെ എഡിറ്ററാക്കി. പിന്നീട് ദ്രാവിഡർ കഴകം പിളർന്നപ്പോൾ കരുണാനിധി സിഎൻ അണ്ണാദുരൈ പക്ഷത്തോടൊപ്പം ചേർന്ന് ദ്രാവിഡർ മുന്നേട്ര കഴകം (ഡിഎംകെ) എന്ന പ്രസ്ഥാനത്തിന് രൂപംകൊടുത്തു.

1950 കളിൽ നാടകങ്ങളിൽ നിന്നും സിനിമയിലെത്തിയ കരുണാനിധി തമിഴകത്തെ ഏറ്റവും തിക്കേറിയ തിരക്കഥാകൃത്തായി മാറി. തന്റെ രാഷ്ട്രീയ ചിന്തകൾ തന്റെ സിനിമകളിലൂടെ ജനങ്ങളിലേക്കെത്തിക്കാൻ കരുണാനിധി ശ്രമിച്ചിരുന്നു. 1952 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘പരാശക്തി’ എന്ന സിനിമ ഏറെ ജനശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

കലക്കുടി സമരം

തമിഴ് രാഷ്ട്രീയത്തിലേക്കുള്ള കരുണാനിധിയുടെ രംഗപ്രവേശം കലക്കുടി സമരത്തിലൂടെ -യായിരുന്നു. കലക്കുടിയിൽ ഒരു സിമന്റ് കമ്പനി സിമന്റ് പ്ലാന്റ് നിർമ്മിച്ചതോടെ ഗ്രാമത്തിന്റെ പേര് ഡാൽമിയ പുരം എന്നാക്കി. എന്നാൽ ഡിഎംകെയ്ക്ക് ഗ്രാമത്തിന്റെ പേര് കലക്കുടി എന്നുതന്നെ വേണമായിരുന്നു. അന്ന് കരുണാനിധിയുടെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ പ്രദേശത്തെ റെയിൽവേ സ്റ്റേഷനിൽ നിന്നും ഡാൽമിയപുരം എന്ന പേര് മായ്ക്കുകയും, ട്രെയിൻ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് ട്രാക്കിൽ കിടക്കുകയും ചെയ്തു. അന്നത്തെ പ്രക്ഷേഭത്തിൽ രണ്ട് പേർ മരിക്കുകയും, കരുണാനിധി ജയിലിലാവുകയും ചെയ്തു.

ഡിഎംകെ ആദ്യമായി ആധികാരത്തിലേറുന്നു

അക്കാലഘട്ടത്തിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു തമിഴ്‌നാട്. എന്നാൽ നിർബന്ധിത ഹിന്ദി പഠനം എന്ന നിയമം ജനങ്ങളിൽ അടിച്ചേൽപ്പിച്ച നടപടിയിൽ ക്ഷുഭിതരായിരുന്ന തമിഴ്ജനത അന്നാദ്യമായി കോൺഗ്രസ് അല്ലാത്ത മറ്റൊരു പാർട്ടിക്ക് വോട്ട് നൽകി…ഡിഎംകെയ്ക്ക് ! അങ്ങനെ 1967 ൽ കോൺഗ്രസ് അല്ലാത്തൊരു രാഷ്ട്രീയ പാർട്ടി ആദ്യമായി തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്നു. അണ്ണാദുരൈ മുഖ്യമന്ത്രിയായിരുന്ന ആ മന്ത്രിസഭയിൽ കരുണാനിധിയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി.

60കളുടെ അവസാനത്തോടെ പാർട്ടിക്കുള്ളിൽ ഭിന്നതകൾ രൂപപ്പെട്ടിരുന്നു. 1969 ൽ അണ്ണാദുരൈയുടെ മരണത്തോടെ കരുണാനിധി പാർട്ടിക്കുള്ളിലെ എതിർപ്പുകളെല്ലാം മറികടന്ന് മുഖ്യമന്ത്രി പദത്തിൽ എത്തി.

അടിയന്തരാവസ്താ കാലത്ത് ഇന്ദിരാഗാന്ധിയെ എതിർത്ത ഏക നേതാവ്

അടിയന്തരാവസ്താ കാലത്ത് ഇന്ദിരാഗാന്ധിയെ എതിർത്ത ഏക ഭരണകക്ഷിയായിരുന്നു ഡിഎംകെ. അക്കാലത്ത് ഡിഎംകെയുടെ നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരുന്നു. എന്നാൽ അടിയന്തരാവസ്തയ്ക്ക് ശേഷം അഴിമതി കേസുകളിൽ പെട്ടതോടെ അന്നത്തെ തെരഞ്ഞെടുപ്പിൽ ഡിഎംകെ പരാജയം നേരിട്ടു.

1996 ൽ വീണ്ടും മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തിയ കരുണാനിധി 2001 ൽ ജയലളിതയുടെ എഐഎഡിഎംകെക്ക് എതിരെ മത്സരിച്ച് തോറ്റു. ജയലളിത മുഖ്യമന്ത്രിയായി. പിന്നീട് 2006 ൽ മെയ് 13 ന് ജയലളിതയെ തോൽപ്പിച്ച് മുഖ്യമന്ത്രിയായ കരുണാനിധി, 2011 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. 2011 മുതൽ അധികാരത്തിൽ നിന്നും പുറത്തായി ഡിഎംകെ.

നിരവധി ആരോപണങ്ങളാൽ മൂടപ്പെട്ടുവെങ്കിലും, നാടകത്തിലും , രാഷ്ട്രീയത്തിലും, സിനിമയിലുമെല്ലാം അദ്ദേഹം ബാക്കിവെച്ചതിനെ പൂരിപ്പിക്കാൻ ഇനിയാർക്കുമാകില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here