മുസ്‌ലിം പള്ളികൾ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ദേശിയ ഹരിത ട്രൈബ്യുണലിൻറെ നിർദേശം

മുസ്ലിം പള്ളികൾ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ദേശിയ ഹരിത ട്രൈബ്യുണലിൻറെ നിർദേശം. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുണ്ടെങ്കിൽ നടപടി എടുക്കാനും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. ദേശിയ ഹരിത ട്രൈബ്യുണൽ അധ്യക്ഷൻ ആദർശ് ഗോയലിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. കിഴക്കൻ ഡൽഹിയിലെ ഏഴ് മുസ്ലിംപള്ളികളിൽ നിന്ന് അനുവദനീയമായതിലും അധികം ശബ്ദമുണ്ടാകുന്നെന്നാരാപിച്ചാണ് അഖണ്ഡ ഭാരത് മോർച്ച എന്ന സംഘടന ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
ഹർജി പരിഗണിച്ച ട്രൈബ്യൂണൽ വിഷയം പരിശോധിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡിനോടും, ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡിനോടും ആവശ്യപ്പെട്ടു. നിയമം അനുവദിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധി വിടുന്നുണ്ടോ എന്ന് ഇരുബോർഡുകളും സംയുക്തമായി പരിശോധിക്കണം. വ്യത്യസ്ത സമയങ്ങളിലാകണം പരിശോധന നടത്തേണ്ടത്. ശബ്ദമലിനീകരണമുണ്ടെങ്കിൽ നടപടി എടുക്കണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനെ നോഡൽ ഏജൻസിസായി നിശ്ചയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here