ഓണത്തിന് കൈ നിറയെ ചിത്രങ്ങള്‍

പൂവിളികളും ആര്‍പ്പുവിളികളുമായെത്തുന്ന ഓണത്തിന് ഇക്കുറി മഴയുടെ തണുപ്പും മഴക്കെടുതിയടെ നിലവിളികളുമാണ്. എങ്കിലും ഓണത്തെ വരവേല്‍ക്കാന്‍ തിയറ്ററുകളിലേക്ക് ഏതാണ്ട് ആറോളം ചിത്രങ്ങളാണ് എത്തുന്നത്. മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ മാത്രമല്ല, യുവതാരങ്ങളുടെ കിടിലന്‍ ചിത്രങ്ങളും അണിയറയില്‍
ഒരുങ്ങിക്കഴിഞ്ഞു. മോഹന്‍ലാല്‍ , മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം ബിജു മേനോന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി ചിത്രങ്ങളും അവസാന മിനുക്കുപണികളിലാണ്.

കായംകുളം കൊച്ചുണ്ണി 
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിവിന്‍പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ
കൊച്ചുണ്ണിയുടെ ജീവിതകഥയെ ആസ്പദമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകള്ം കൊച്ചുണ്ണി. മുന്‍നിര യുവതാരം നിവിന്‍ പോളി കൊച്ചുണ്ണിയായെത്തുമ്പോള്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലെത്തുന്ന എന്നതാണ് ആകര്‍ഷക ഘടകം. ഐതിഹ്യമാലയില്‍ ഇല്ലാത്ത കൊച്ചുണ്ണിയുടെ ജീവിതത്തിലെ പല ഏടുകളും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ശ്രമം.

കുട്ടനാടന്‍ ബ്ലോഗ്
‘കോഴി തങ്കച്ചന്‍’ എന്ന പേര് മാറ്റിയതാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് ആയത്.. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന മമ്മൂട്ടി നായകനാവുന്ന
ചിത്രത്തിന്റെ സംവിധാനം സേതുവാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ ബ്ലോഗ് എഴുത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.അനു
സിതാരയാണ് നായികയായെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് കോമഡി എന്റര്‍ടെയ്‌നറാണ്.


പടയോട്ടം

വ്യത്യസ്ത ലുക്കുകള്‍ കൊണ്ട് പ്രേക്ഷകപ്രീതി നേടുന്ന ബിജു മേനോന്റെ മറ്റൊരു കിടിലന്‍ ഗെറ്റപ്പ് ചിത്രം പടയോട്ടവും ഓണം റിലീസായെത്തും. നവാഗതനായ
റഫീക്ക് ഇബ്രാഹിമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പടയോട്ടം കുടുംബചിത്രമാണ്. തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കുന്ന ബിജു മേനോന്റെ
കഥാപാത്രം ചെങ്കല്‍ രഘുവിന്റെ ‘കേരള’യാത്രയും അതിനോടനുബന്ധിച്ചുണ്ടായ രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍.

വരത്തന്‍
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമല്‍ നീരദും ഫഹദ് ഫാസിലുമൊന്നിക്കുമ്പോള്‍ , വരത്തനായാണ് ഇത്തവണ ഫഹദിന്റെ വേഷപകര്‍ച്ച. അമല്‍ നീരദ്‌പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നസ്രിയ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വരത്തന്‍. മായാനദിയിലൂടെ അപ്പുവായെത്തി മലയാളിയുടെ പ്രണയസങ്കല്‍പ്പം മാറ്റിമറിച്ച ഐശ്വര്യലക്ഷ്മിയാണ് ഫഹദിനൊപ്പം വരത്തനിലെ നായിക.ചിത്രം ആഗസ്റ്റ് 22ന് റിലീസ് ചെയ്യും. സ്റ്റൈലിഷ് മാസ് ചിത്രമെന്ന് തോന്നിപ്പിക്കുന്ന ടീസറും പോസ്റ്ററുമൊക്കെ കൊണ്ട് ആരാധകര്‍ ആവേശത്തിലാണ്.

ഡ്രാമ
ലോഹത്തിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഡ്രാമ. സേതു തിരക്കഥ ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ആഗസ്റ്റ് 24നെത്തുന്ന ചിത്രത്തില്‍ കറുത്ത ഫ്രെയിം കണ്ണടയും വേറിട്ട ഗെറ്റപ്പിലുമാണ് മോഹന്‍ലാലെത്തുക. പ്രധാനമായും ലണ്ടനില്‍ ചിത്രീകരിച്ച
ഡ്രാമ പതിവ് സൂപ്പര്‍ സ്റ്റാര്‍ ഘടകങ്ങളില്ലാത്ത സാധാരണ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ചാലക്കുടിക്കാരന്‍ ചങ്ങാതി
മലയാളികളുടെ ചാലക്കുടിക്കാരന്‍ ചങ്ങാതി കലാഭവന്‍ മണി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം
ചെയ്യുന്ന ചിത്രവും ഓണക്കാലത്ത് തിയറ്ററുകളിലെത്തുകയാണ്. സ്റ്റേജ്‌ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണി നായകനായെത്തുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന് പേരിട്ട ചിത്രത്തില്‍ ഹണി റോസും പുതുമുഖതാരം നിഹാരികയും നായികമാരായെത്തുന്നു.

അന്യഭാഷാചിത്രങ്ങളും നിരവധിയുണ്ടെങ്കിലും  ഓണക്കാലത്ത് എടുത്തുപറയേണ്ടതും ഓണം റിലീസായെത്തുന്നതും മലയാള ചിത്രങ്ങള്‍ തന്നെയാണ്.

Top