ഈ സേവ് ദ ഡേറ്റ് വീഡിയോ നിങ്ങള്‍ കാണണം, ഈ വിവാഹം ക്ഷണിക്കുന്നത് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളാണ്

പലതരത്തിലുള്ള പ്രി വെഡ്ഡിംഗ് വീഡിയോകളും, സേവ് ദ ഡേറ്റ് വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് ഈ രംഗം എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാല്‍ ഇത്തരമൊരു സേവ് ദ വീഡിയോ ഒരിക്കലും നമ്മളൊരാളും കണ്ടിരിക്കില്ല. കാരണം ഈ വീഡിയോയില്‍ വിവാഹം ക്ഷണിക്കുന്നത് വരന്റെ മരിച്ച് പോയ സഹോദരനാണ്, അതെ ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും യാഥാര്‍ത്ഥ്യമാണ്. ജീവിച്ചിരിക്കുന്നതും, മരിച്ചവരും ആയ വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്ക് സാദൃശ്യമുണ്ടെങ്കില്‍ അതു തികച്ചും മനഃപൂര്‍വ്വമാണ്! കാരണം കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ ലെസ്റ്ററാണ് ഈ കഥയിലെ നായകന്‍. ലെസ്റ്ററിന്റെ ചാച്ചന്‍ ലാഷ്ലിയുടെ വിവാഹമാണ് നാളെ. ഈ വിവാഹം കാണാന്‍ ഏറെ കൊതിച്ചിരുന്ന ആളാണ് ലെസ്റ്റര്‍.
ഇരു മതവിഭാഗത്തില്‍പ്പെട്ട ലാഷ്ലിയുടേയും ഹരിതയുടേയും വിവാഹത്തിന് അമ്മയെ കണ്‍വിന്‍സ് ചെയ്തത് ലെസ്റ്ററായിരുന്നു. കുടുംബത്തില്‍ വലിയ കോളിളക്കും ഉണ്ടാക്കിയ പ്രണയത്തിന് ശുഭാന്ത്യം ഉണ്ടായതും ലെസ്റ്ററിലൂടെയാണ്. എന്നാല്‍ ആ വിവാഹം കാണാന്‍ ലെസ്റ്ററിന് ഭാഗ്യമുണ്ടായില്ല. ഒരു ബൈക്ക് ആക്സിഡന്റ് ലെസ്റ്ററിന്റെ ജീവനെ മരണത്തോടൊപ്പം കൊണ്ട് പോയി. ഒന്നരക്കൊല്ലം മുമ്പ് തിരുവനന്തപുരത്ത് വച്ചായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിച്ച ലെസ്റ്ററും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും. ലെസ്റ്ററും ഒരു സുഹൃത്തും അപകടത്തിലെ പരിക്ക് മൂലമാണ് മരിച്ചത്. എന്നാല്‍ മൂന്നാമന്റെ മരണം മറ്റ് രണ്ട് പേരുടെ മരണം അറിഞ്ഞ ഷോക്കിലായിരുന്നു.
എല്‍വി വെഡ്ഡിംഗ്സിന്റെ ഉടമ ലിയോ വിജയനാണ് സ്റ്റോറി ബിഹൈന്റ് ദ വെഡ്ഡിംഗ് എന്ന ടാഗ് ലൈനില്‍ ഈ സേവ് ദ വീഡിയോ ഒരുക്കിയത്. ഹരിതയുടെ സുഹൃത്താണ് ലിയോ. ഹരിതയ്ക്കും ലാഷ്ലിയ്ക്കും മറ്റൊരു സെവ് ദ ഡേറ്റ് വീഡിയോയാണ് ലിയോ ആദ്യം മനസില്‍ കണ്ടിരുന്നത്. എന്നാല്‍ ഹൃദയത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന ഒരു യഥാര്‍ത്ഥ കഥ ഈ വിവാഹത്തിന് പിന്നില്‍ ഉള്ളത് കൊണ്ട് അത് തന്നെ ആ വീഡിയോയുടെ തീം ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് വീട്ടുകാര്‍ ഈ വീഡിയോ കണ്ടതെന്ന് ലിയോ പറയുന്നു. ലെസ്റ്ററിനെയോ കുടുംബത്തെയോ ഒരിക്കല്‍ പോലും അറിയാത്ത, കാണാത്ത നമ്മള്‍ വരെ നിറഞ്ഞ കണ്ണൂകളോടെയാണ് ഈ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടത്. അപ്പോള്‍ 19വര്‍ഷം ലെസ്റ്ററിന് ഒപ്പമുണ്ടായിരുന്നവരുടെ മാനസികാവസ്ഥ മറിച്ചെന്താകാനാണ് അല്ലേ?
വീഡിയോയുടെ ക്യാമറ ചെയ്തത് ശരത് ആര്‍ മഠത്തിലാണ്, ശബ്ദം കൊടുത്തിരിക്കുന്നത് ജിത്തു ബി അലക്സ്. റോഷന്റേതാണ് വരികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here