നോട്ടസാധുവാക്കലിനു ശേഷം ‘വാക്ക’സാധുവാക്കലോ?

ക്രിസ്റ്റീന ചെറിയാന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭരണഘടനയുടെ ആത്മാവായ മൗലികാവകാശങ്ങള്‍ പോലും അസാധുവാക്കുന്ന ഭരണകൂട നടപടികളാണ് നടക്കുന്നത്. ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത മൗലികാവകാശങ്ങളുടെ സ്വാഭാവിക പ്രയോഗം പോലും തലവേദനയായി സര്‍ക്കാര്‍ കാണുന്നു. വാക്കിന്റെ ശില്പികളെ വിലങ്ങിടുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 19 ആം അനുഛേദം താഴെപ്പറയുന്ന തരത്തിലാണ്.
19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം
A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം.
B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.
C. സംഘടനകളും, പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
22. ഉത്തരവാദപ്പെട്ട അധികാരികളില്‍ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്റ്റുകളില്‍ നിന്നും തടങ്കലില്‍ നിന്നുമുള്ള സംരക്ഷണം.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന മേല്‍പ്പറഞ്ഞ മൗലിക അവകാശങ്ങള്‍ അസാധുവാക്കപ്പെടുകയാണോ എന്ന ആശങ്ക ജനമനസുകളില്‍ ജനിച്ചാല്‍ തെറ്റു പറയാനാവില്ല. സമൂഹത്തിലെ തിന്മകള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരുന്ന ചാക്യാന്മാര്‍ മുതല്‍ അഭിനവ ട്രോളന്മാര്‍ വരെയുള്ളവര്‍ വിമര്‍ശനത്തിന്റെ വാളുയര്‍ത്തിയത് ഈ അവകാശങ്ങളുടെ പിന്‍ബലത്തിലാണ്. വിമര്‍ശനമെന്നാല്‍ വ്യക്തി തലം മുതല്‍ അധികാര കേന്ദ്രങ്ങള്‍ വരെയുള്ള മെച്ചപ്പെടുത്തലിനാണ് വഴി വെക്കുന്നതെന്ന സാമാന്യ തത്വം പോലും മറന്നാണ് സര്‍ക്കാര്‍ നടപടി. അനിഷ്ടമായതിനെ ഇല്ലാതാക്കുന്നത് ജനാധിപത്യത്തെ കടലാസില്‍ മാത്രം കാണുന്ന ഒന്നായി മാറ്റും.
സ്തുതി പാഠകരെ മാത്രം നിലനിര്‍ത്തി , വസ്തുതാധിഷ്ഠിതമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവരെ അഴിക്കുള്ളിലാക്കുകയെന്ന നയത്തെ എന്തിനോടുപമിക്കാമെന്ന ചോദ്യവും ഉയരുന്നു. നാളിതു വരെ നിലനിന്നിരുന്ന അഭിപ്രായ സ്വാതന്ത്യത്തെ അടിച്ചമര്‍ത്തി, മധുരമായി സംസാരിക്കുന്നവര്‍ക്ക് മാത്രം ശബ്ദമുയര്‍ത്താനുള്ള അവസരമൊരുക്കുകയെന്ന സാഹചര്യം യാഥാര്‍ത്ഥ്യങ്ങളുടെ കുഴിച്ചു മൂടലുകളിലേക്ക് നയിക്കും.
ക്രിയാത്മക വിമര്‍ശനങ്ങള്‍ ഭരണം മെച്ചപ്പെടുത്താനുള്ളവയെന്ന് മനസിലാക്കുകയാണ് പ്രധാനം. എന്തുകൊണ്ട് ഭരണാധികാരികള്‍ ഇത്തരം പ്രതികരണങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നു ? തനിക്കറിയാത്ത കാര്യങ്ങളില്‍ സംശയം ചോദിക്കുന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കുന്ന അധ്യാപകന്‍ വെളിവാക്കുന്നത് അയാളുടെ കര്‍മ്മശേഷിയിലെ അപര്യാപ്തതയെന്ന് മനശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു. ഇതുതന്നെയല്ലേ ഇവിടെയും നടക്കുന്നത്.
ചില പ്രത്യയശാസ്ത്രങ്ങളും, മതസംഘടനകളും, ആശയങ്ങളും മാത്രം ശരിയെന്ന് അടിവരയിട്ടുറപ്പിക്കുക. വിപരീതമാണ് സത്യമെന്ന് ബോധ്യമായാല്‍ പോലും അത് പറയുന്നവരെ നിശബ്ദമാക്കുക, അമിതമായ അസഹിഷ്ണുതയുടെ മിന്നലാട്ടങ്ങളിലൂടെ ജനമനസില്‍ ഭീതി സൃഷ്ടിക്കുക. ഭയജന്യമായ നിശബ്ദതയില്‍ രാജ്യത്തെ മുക്കുകയെന്നത് ലോകരാജ്യങ്ങളുടെ മുന്നിലും രാജ്യത്തെ പരിഹാസപാത്രമാക്കുമെന്നതില്‍ സംശയമില്ല.
നോട്ടസാധുവാക്കലിലൂടെ വലിയൊരു വിഭാഗം സാധുജനങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പട്ടത്. അന്നന്നത്തെ അത്താഴത്തിന് വഴിയില്ലാത്തവനെപ്പോലും വരിനിര്‍ത്തിയപ്പോള്‍ തങ്ങളെ വിശ്വസിക്കാത്ത ഒരു ഭരണകൂടമെന്ന ധാരണ ജനങ്ങളിലേക്ക് പകര്‍ന്നു. സ്വതന്ത്രമായി വ്യാപാരം ചെയ്യാനും, ക്രയവിക്രയത്തിനുമുള്ള സാഹചര്യമില്ലെന്ന തോന്നല്‍ ജനങ്ങളില്‍ ശക്തമായി. സാമ്പത്തിക ചക്രത്തിലെ പ്രവര്‍ത്തനങ്ങള്‍ മാന്ദ്യത്തിലായി. ഇതു തന്നെയാണ് രാഷ്ട്രീയ-മത-സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നത്.
ഭയരഹിതരായി പ്രവര്‍ത്തിക്കുന്നവരെ നാഗരിക മാവോയിസ്റ്റുകളെന്ന് (urban maoists) മുദ്രകുത്തുന്നു. ഉന്നത വിദ്യാഭ്യാസവും , ഉയര്‍ന്ന ചിന്താശേഷിയുമുള്ളവരുടെ ചിന്താധാരകള്‍ക്ക് വിലങ്ങണിയിക്കുന്നു. പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ, കവി പി. വരവര റാവു, മാധ്യമപ്രവര്‍ത്തകനായ ഗൗതം നവലാഖ്, എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, എന്നിവരുടെ അറസ്റ്റും സൂചിപ്പിക്കുന്നത് ഇതുതന്നെ. അരുന്ധതി റോയ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ പരമോന്നത കോടതിയുടെ ഉത്തരവ് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ അഞ്ച് വരെ ഇവരെ വീട്ടുതടങ്കലില്‍ വെക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം സാമൂഹ്യപ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് മഹാരാഷ്ട്ര പൊലീസ് കെട്ടിച്ചമച്ച കേസുകള്‍ക്കുള്ള തിരിച്ചടിയാണെന്നും വിലയിരുത്തലുണ്ട്. യു എ പി എ ചുമത്തി തുറുങ്കിലടയ്ക്കാനുള്ള നീക്കത്തിനാണ് കോടതി തടയിട്ടത്. മാത്രവുമല്ല, സെപ്റ്റംബര്‍ അഞ്ചിന് ഇവര്‍ക്കെതിരേ കൃത്യമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസും നിര്‍ബന്ധിതരാവും.
ആശയങ്ങള്‍ക്ക് ശവക്കൂനയൊരുക്കുന്ന ഭരണകൂടങ്ങള്‍ ഒരിടത്തും നിലനില്‍ക്കില്ല. മികവുറ്റ ആശയങ്ങളുടെ ചങ്ങലക്കണ്ണികള്‍ പൊട്ടിക്കാന്‍ വിലങ്ങുകള്‍ക്കാവില്ല. വിലങ്ങുകള്‍ക്ക് പോലും നാവുണ്ടാകുന്ന അവസ്ഥയിലേക്ക് രാജ്യമെത്തുകയും ആ ശബ്ദതീവ്രതയില്‍ ഭരണവ്യവസ്ഥ തന്നെ കടപുഴകുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here