സൗമ്യയുടെ മരണത്തില്‍ ജയില്‍ സൂപ്രണ്ടടക്കമുള്ളവര്‍ക്കെതിരെ നടപടി

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിയായിരുന്ന സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ആറുപേർക്കെതിരെ നടപടിയുണ്ടാകും. ജീവനക്കാരുടെ ഭാഗത്ത് നിന്ന് സംഭവത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സൗമ്യ മരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അധികൃതര്‍ മരണവിവരം അറിയുന്നതെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.കണ്ണൂര്‍ വനിതാ സബ്ബ് ജയിലിലെ കശുമാവിലാണ് സൗമ്യ തൂങ്ങിമരിച്ചത്.
സൗമ്യ ജയിലുള്ളിൽ ആത്മഹത്യ ചെയ്ത ദിവസം വനിതാ ജയിലില്‍ ജോലിക്കുണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസൻ ഓഫീസർമാര്‍ മാത്രമാണ്. തിരുവോണത്തിന് തലേന്ന് ആഗസ്റ്റ് 24നാണ് സൗമ്യ ആത്മഹത്യ ചെയ്യുന്നത്. അന്നേ ദിവസം സൂപ്രണ്ടും, ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ചുമതലയുണ്ടായിരുന്ന അസിസ്റ്റ് സൂപ്രണ്ട് ജോലിക്കെത്തിയത് പതിനൊന്നു മണിക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്ന് സൗമ്യയ്ക്കും മറ്റ് രണ്ട് തടവുകാര്‍ക്കും ഫാമിലാണ് ജോലി ഇട്ടിരുന്നത്. സൗമ്യ ഒഴികെയുള്ള മറ്റ് തടവുകാരെ അസി പ്രിസണ്‍ ഓഫീസര്‍ പുറത്തേക്ക് കൊണ്ട് പോയി. അപ്പോള്‍ ഒറ്റയ്ക്കായ സൗമ്യയെ ആരും ശ്രദ്ധിച്ചില്ല. തടവുകാരും ജയിൽ ജീവനക്കാരും ചേർന്ന് ഗേറ്റിന് സമീപം അത്തപ്പൂക്കളമിടുന്നത് നോക്കി നിന്നതിന് ശേഷമാണ് സൗമ്യ സാരിയുമെത്തി ഡയറി ഫാമിനു പിന്നിൽ പോയി തൂങ്ങി മരിച്ചതെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ വ്യക്തമായത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് സൗമ്യ പോലീസിന് മുമ്പാകെ കുറ്റം സമ്മതിക്കുന്നത്. അത് കഴിഞ്ഞ് നാല് മാസം പൂര്‍ത്തിയാകുന്ന അന്നാണ് ആത്മഹത്യയും. കണ്ണൂര്‍ പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സൗമ്യ. വഴിവിട്ട ബന്ധം തുടരാന്‍ വേണ്ടിയാണ് മക്കളുള്‍പ്പെടെ നാല് പേരടങ്ങുന്ന കുടുംബത്തെ പലപ്പോഴായി വിഷം നല്‍കികൊലപ്പെടുത്തിയതെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും പോലീസിന് മൊഴി നല്‍കി.
അതേസമയം സൗമ്യയുടെതെന്ന് കരുതുന്ന ഡയറിക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന വ്യക്തിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തണം എന്നാണ് സൗമ്യയുടെ ബന്ധുക്കളുടെ ആവശ്യം. ഇയാളാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന തരത്തിലാണ് ഡയറിലെ വാക്കുകള്‍. മകള്‍ക്ക് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ കേസില്‍ രണ്ടാമതൊരാളുടെ പങ്കിനെ കുറിച്ച് സംശയം ഉണ്ടാക്കുന്നത്.
കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നത് വരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ഏക ആശ്രയം നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും ഉറപ്പ്. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ച് വരും. എന്റെ കുടുംബം എനിക്ക് ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരേയും എനിക്ക് ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ലെന്ന് തെളിയിക്കാന്‍ പറ്റുന്നത് വരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും ഇതാണ് ഡയറിയിലെ വരികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here