Advertisement

വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അംബികയ്ക്ക് പങ്കെടുക്കണം, മുന്നില്‍ ഇനി രണ്ട് ദിവസം മാത്രം

August 31, 2018
Google News 1 minute Read
ambika

ഇരുപത്തിനാലാമത് വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് സ്പെയിനില്‍ തുടക്കമാകുമ്പോള്‍ യോഗ്യത നേടിയിട്ടും സാമ്പത്തിക ബാധ്യത കാരണം അങ്ങോട്ട് പോകാന്‍ കഴിയാത്തതിന്റെ വീര്‍പ്പുമുട്ടലിലാണ് പേരൂര്‍ക്കട സ്വദേശി കുമാരി അംബിക. സെപ്തംബര്‍ നാല് മുതല്‍ 16വരെയാണ് വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അംബികയ്ക്ക് വേണ്ടത്. ബാംഗ്ലൂര്‍ ആസ്ഥാനമായ മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് മത്സരാര്‍ത്ഥികളെ സ്പെയിനിലേക്ക് കൊണ്ട് പോകുന്നത്. കുറച്ച് പണം അധികൃതര്‍ക്ക് കൈമാറിയെങ്കിലും ബാക്കി കൂടി ഒപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് അംബികയും അവരെ  അറിയുന്നവരും.
അഞ്ച് കിലോ മീറ്റര്‍ നടത്തം, അഞ്ച് കിലോ മീറ്റര്‍ ഓട്ടം, 1500മീറ്റര്‍ ഓട്ടം, 10 കിലോമീറ്റര്‍ റോ‍ഡ് റെയ്സ്, 10കിലോമീറ്റര്‍ മാരത്തോണ്‍ എന്നിവരയാണ് അംബികയുടെ ഇനങ്ങള്‍. തിരുവനന്തപുരത്ത് വച്ച് നടന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയ അംബിക നാഷണല്‍സില്‍ ഒരു വെങ്കലവും നേടിയാണ് വേള്‍ഡ് അത്ലറ്റിക്സ് മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. വീട്ടമ്മയായി കഴിഞ്ഞ അംബിക സ്പോര്‍ട്സിനോടുള്ള കമ്പം കൊണ്ടാണ് സ്റ്റേറ്റ് മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുത്തതും. അതായിരുന്നു കളിക്കളത്തിലെ ആദ്യ അനുഭവം. ആദ്യ വിജയം നല്‍കിയ ആത്മവിശ്വാസം മുറുകെ പിടിച്ചാണ് പിന്നീടുള്ള മത്സര വേദിയിലേക്ക് അംബിക ഓടികയറിയത്.  വേള്‍ഡ് മാസ്റ്റേഴ്സില്‍ യോഗ്യത നേടിയപ്പോള്‍ ആത്മവിശ്വാസം വീണ്ടും വര്‍ദ്ധിച്ചു. എന്നാല്‍ ഈ ചെലവ് ആറ് പേരടങ്ങുന്ന കുടുംബത്തെ പോറ്റുന്ന അംബികയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കാണ്. വീട്ടുകാര്‍ നല്‍കുന്ന പ്രോത്സാഹനം മാത്രമാണ് ഇപ്പോള്‍ അംബികയ്ക്കുള്ളത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് സെഷന്‍ ഓഫീസറായി വിരമിച്ചയാളാണ് അംബിക. ഭര്‍ത്താവ് പ്രസന്നകുമാറും, മരിച്ച് പോയ സഹോദരന്റെ കുടുംബവും, കുഞ്ഞമ്മയും അടക്കമുള്ള ഒരു വലിയ കുടുംബമാണ് അംബികയുടേത്. ഇവരെയെല്ലാം സംരക്ഷിക്കുന്നത് അംബികയാണ്. സ്പോര്‍ട്സ് കൗണ്‍‍സിലിനും, കായിക മന്ത്രിയ്ക്കും അടക്കം അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അമ്പത്തിയാറുകാരിയായ ഈ വീട്ടമ്മ. അംബികയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം 9446319098.  സഹായങ്ങള്‍ ഈ അക്കൗണ്ടിലേക്ക് അയക്കാം

A/c number:  57000692066
Ifc code: SBIN 0070415
Branch: tvm vegasbavan branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here