‘പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടിലാക്കണം’: പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവത്തിന് നിവേദനം നല്‍കി.
ഇതുള്‍പ്പടെ നാല് ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.
ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാരിന് ലഭിക്കുന്ന പണം പോകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. അത് കൊണ്ട് ഇത് വകമാറ്റി ചിലവഴിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാഷ്ട്രീയ പരിഗണനയില്ലാതെയും വിവേചനമില്ലാതെയും ഫണ്ട് വിനിയോഗിക്കപ്പെടണം. അതിന് വേണ്ടി പ്രളയ ദുരിതാശ്വാസ ഫണ്ട് ഒരു പ്രത്യേക അക്കൗണ്ടാക്കി മാറ്റണം.
മറ്റു ആവശ്യങ്ങള്‍ ഇവയാണ്:
2. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു വിട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ട് വരണം. കാലേകൂട്ടി ഡാമുകള്‍ ക്രമമായി തുറന്ന് ജലവിതാനം നിയന്ത്രിക്കാതെ എല്ലാം ഒന്നിച്ചു തുറന്നു വിട്ടതാണ് പ്രളയത്തിനിടായക്കിടത്. ഡാമുകള്‍ തുറന്ന് വിടുന്നതിന് മുമ്പ് വ്യക്തമായ മുന്നറിയുപ്പുകള്‍ നല്‍കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും സര്‍ക്കാരിന്റെ വന്‍ വീഴ്ചയാണ ഉണ്ടായത്. ഇതിനുത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ജൂഡീഷ്യല്‍ അന്വേഷണ അനിവാര്യമാണെന്ന് നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
3. പ്രളയ ദുരന്തബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്നതിനും, അവരെ പുനരധിവസിപ്പിക്കുന്നതും ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ട്രിബ്യുണില്‍ രൂപവല്‍ക്കരിക്കണം. ഭോപാല്‍ ദുരന്തമുണ്ടായപ്പോള്‍ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്താന്‍ ട്രിബ്യുണല്‍ രൂപീകരിച്ച മാതൃകയിലായിരിക്കണം ഇത്. മൂന്ന് മാസം മുതല്‍ ആറ് മാസം വരെയായിരിക്കണം ട്രിബ്യുണലിന്റെ കാലാവധി. ഇതുവഴി എല്ലാ ദുരന്ത ബാധിതര്‍ക്കും അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാനും, പുനരധിവാസം ഉറപ്പ് വരുത്താനും കഴിയുമെന്നും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
4. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ വകുപ്പ് വലിയ പരാജയമാണ്. അത് ഉടന്‍ പുനസംഘടിപ്പിച്ച് കാര്യക്ഷമമാക്കണം.
ഇന്നലെ നിയമസഭയില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞതിനാലാണ് സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച നിവേദനം നല്‍കിയതെന്ന് ഗവര്‍ണറെ കണ്ട ശേഷം രമേശ് ചെന്നിത്തല വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇത് ജനങ്ങളുടെ ആവശ്യമായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണം. നാലെ ഇത് പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here