Advertisement

അടിയന്തര ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും: പി എച്ച് കുര്യൻ

September 2, 2018
Google News 0 minutes Read

കാക്കനാട്: പ്രളയബാധിതർക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായവിതരണം ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ. ദുരിത ബാധിതർക്ക് വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കുന്ന ജില്ലയിലെ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം കാക്കനാട് സിവിൽ സ്റ്റേഷനിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ വിശ്വാസപൂർവ്വം ഏൽപ്പിച്ച തുകയിൽ നിന്നാണ് ധനസഹായം വിതരണം ചെയ്യുന്നത്. അതിനാൽ അർഹരായവർക്ക് തന്നെയാണ് തുക ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ദുരിതബാധിതരുടെ കൃത്യമായ കണക്ക് തയാറാക്കി യോഗ്യരായവരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി ബാങ്കുകളിലേക്കും ട്രഷറി അക്കൗണ്ടുകളിലേക്കുമാണ് തുക കൈമാറുന്നത്. രണ്ടു ദിവസം വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നഷ്ടമായവർക്കാണ് തുക നൽകുന്നത്. ദുരന്ത നിവാരണ നിയമപ്രകാരം അർഹരായവർക്കാണ് തുക നൽകുക. ദുരിതബാധിതരുടെ പട്ടിക ഡേറ്റ എൻട്രി തയാറാക്കി വരികയാണ്. ഇതു വെരിഫൈ ചെയ്ത ശേഷമാണ് തഹസിൽദാർ തുക നൽകുന്നത്. അതാണ് താമസമുണ്ടാകുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തുടനീളം ധനസഹായ വിതരണം പൂർത്തിയാക്കും. വീട് പൂർണ്ണമായും തകർന്നവർക്ക് പ്രത്യേക ക്യാമ്പുകൾ തുറക്കുന്നുണ്ട്. ഇതിനായി കമ്മ്യൂണിറ്റി ഹാളുകൾ പോലുള്ള സ്ഥലം വാടകയ്ക്ക് എടുക്കും. ചിലർ ഫോസ്റ്റർ ഹോമുകൾ വിട്ടു നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പട്ടിക കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.

പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. ആവശ്യത്തിന് മരുന്നുകൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ മരുന്നുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ ത്തിന് ആരോഗ്യ വകുപ്പ് നൽകുന്ന ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കണം.

മലയിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും വീട് നിർമ്മിക്കുന്നത് കൃത്യമായ പഠനങ്ങൾക്കു ശേഷമേ പാടുള്ളൂ. വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്. ഇക്കാര്യത്തിലും അർഹരായവരെ കണ്ടെത്തുന്നതിന് പൊതു മാനദണ്ഡം നിശ്ചയിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് അടിയന്തര മുൻഗണന നൽകുന്നത്. ദുരിതബാധിതർക്കുള്ള കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂർത്തിയാകും. കിറ്റ് വിതരണം പൂർത്തിയായതിനു ശേഷം സംഭരണ കേന്ദ്രങ്ങളിൽ അവശേഷിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.

കിറ്റുകൾ തയാറാക്കുന്നതിന് സമാനതകളില്ലാത്ത പ്രവർത്തനമാണ് നടക്കുന്നത്. എല്ലാവർക്കും തുല്യമായി സാധനങ്ങൾ എത്തിക്കുന്നതിന് കഠിന പ്രയത്നമാണ് നടക്കുന്നത്. വിവിധ വകുപ്പ് ജീവനക്കാർ അവധി ദിവസങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു. കിറ്റുകൾ തയാറാക്കുന്ന ശ്രമകരമായ ജോലി അർപ്പണ ബോധത്തോടെയാണ് ജീവനക്കാർ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷൻ പാക്കിങ് കേന്ദ്രത്തിലെത്തി കിറ്റുകൾ തയ്യാറാക്കുന്ന ജീവനക്കാരെ അദ്ദേഹം നേരിൽ കണ്ട് അഭിനന്ദനമറിയിച്ചു. ജില്ല കളകടർ മുഹമ്മദ് വൈ സഫീറുള്ള, എറണാകുളം റേഞ്ച് ഐ.ജി.വിജയ് സാക്കറേ, തലശ്ശേരി സബ് കലക്ടർ എസ്.ചന്ദ്രശേഖർ, ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീല ദേവി എന്നിവരും അഡീഷണൽ ചീഫ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here