ചരിത്രവിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പ് അപ്രസക്തമായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അഞ്ച് ജഡ്ജിമാര്‍ക്കും വിധിയില്‍ ഏകാഭിപ്രായമാണെന്ന് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവത്തില്‍ പറഞ്ഞു.

157 വര്‍ഷം പഴക്കമുള്ള നിയമമാണ് സുപ്രീം കോടതി അപ്രസക്തമാക്കിയിരിക്കുന്നത്. ചരിത്രപരമായ വിധിയിലൂടെയാണ് സുപ്രീം കോടതി 377-ാം വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. അഞ്ചംഗ ബഞ്ചാണ് ഏകകണ്ഠമായി വിധി പുറപ്പെടുവിച്ചത്. നാല് വിധി പ്രസ്താവമുണ്ടെങ്കിലും എല്ലാ ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ജീവിക്കാനുള്ള അവകാശമാണ് പരമ പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിപ്രസ്താവത്തില്‍ പറഞ്ഞതാണ് വിധിയുടെ അന്തസത്ത. നിലവില്‍ അമേരിക്ക അടക്കം 24 രാജ്യങ്ങളിലാണ് സ്വവര്‍ഗരതി നിയമവിധേയമാക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയാണ് 24-ാമത്തെ രാജ്യം.

ഐപിസി 377 യുക്തിരഹിതവും ഏകപക്ഷീയവുമാണെന്ന് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവത്തില്‍ പറഞ്ഞു. ഒരാളുടെ ലൈംഗികത ഭയത്തോടെയാകരുത്. സ്വന്തം സ്വത്തതെ അംഗീകരിച്ച് ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

പ്രകൃതി നിയമത്തിനെതിരെയാണെന്ന് ചൂണ്ടിക്കാട്ടി 1861 ല്‍ സ്വവര്‍ഗരതിയെ കുറ്റകരമാക്കിയുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം പിന്നീട് തുടര്‍ന്നുവരികയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്ത് ഈ നിയമം തുടര്‍ന്നുകൊണ്ടിരുന്നു. നിയമ കമ്മീഷന്റെ 172-ാമത് റിപ്പോര്‍ട്ടില്‍ നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാബല്യത്തില്‍ വന്നില്ല.

എന്നാല്‍, 2009 ജൂലൈയില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കി ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പക്ഷേ, നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് ചൂണ്ടിക്കാട്ടി 2013 ഡിസംബര്‍ 11 ന് ദില്ലി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് ജി.എസ്.സിംഗ്‍വി അധ്യക്ഷനായ കോടതിയുടെ ആ വിധി രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

അതിന് ശേഷം വന്ന തിരുത്തൽ ഹര്‍ജിയിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ൽ 377-ാം വകുപ്പിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹര്‍ജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹര്‍ജികളിലാണ് ഇപ്പോള്‍ വിധി വന്നരിക്കുന്നത്.

Top