19
Apr 2019
Friday
Election Expert

ചരിത്രം പറയും, കന്യാസ്ത്രീകളോടുള്ള നീതികേടുകൾ

നിമ്മി മരിയ ജോസ്

2008 ഓഗസ്റ്റ് 12…. കൊല്ലം കാഞ്ഞിരക്കോട് കോൺവെന്റിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു…സിസ്റ്റർ അനൂപ മേരിക്ക് അന്ന് വയസ്സ് 23 മാത്രം. കിടപ്പുമുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യകുറിപ്പിലുണ്ടായിരുന്നു ആഗ്രഹിച്ചെത്തിയ ആത്മീയജീവിതം അനൂപയ്ക്ക് സമ്മാനിച്ച മുറിവുകളത്രയും. ‘സഹന’മാണ് ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിത്തറയെന്ന പാഠം മഠത്തിലെത്തി മാസങ്ങൾക്കകം അനൂപ തിരിച്ചറിഞ്ഞും അനുഭവിച്ചും കാണും.

മഠത്തിന്റെ മതിൽക്കെട്ടുകൾക്കകം പുറം ലോകത്തിന് ദുരൂഹമാണെന്നും. നിലപാടുകളില്ലാത്തവരുടെ പ്രതികരിക്കാനാവാത്തവരുടെ രക്തം മരവിപ്പിക്കുന്ന പീഡനങ്ങളുടെ ഒക്കെ ഇടമെന്നായിരുന്നു കേൾവി.  ഒരർഥത്തിൽ കേട്ടതൊക്കെ ശരിവെക്കുന്നതാണ് സമീപകാല കാഴ്ചകൾ. നിയന്ത്രണങ്ങളുടെ മതിൽക്കെട്ടുകൾപൊളിച്ച് നീതിക്കായി തെരുവിൽ നിൽക്കുന്നവരെ വരെ നമ്മൾ കണ്ടു.

എന്നാൽ ചരിത്രം പരിശോധിച്ചാൽ നീതികേടുകൾ മാത്രമാണ് സഭയും സർക്കാരുകളും കന്യാസ്ത്രീകളോട് ചെയ്തിട്ടുള്ളത്.

ശബ്ദമുയർത്തിയവരെ അടിച്ചമർത്തിയ സഭകൾ ഒരിക്കലും പഠിച്ചില്ല എന്തായിരുന്നു സിസ്റ്റർ അനൂപയടക്കമുള്ളവരുടെ ആകുലതകളെന്ന്.

2008ൽ അനൂപ മേരിയുടെ മരണത്തെത്തുടർന്ന് വനിതാ കമ്മീഷൻ സർക്കാരിന് മുന്നിലേക്ക് വച്ച ശുപാർശകൾ ഇന്നും നമുക്ക് മുന്നിൽ ചോദ്യങ്ങളായുണ്ട്.  നിർദേശങ്ങൾ ഇവയായിരുന്നു :

കന്യാസ്ത്രീ മഠങ്ങളിൽ അന്തസോടെ ജീവിക്കാൻ അവസരം ഉണ്ടാകണം

18 വയസ്സിന് താഴെയുള്ള കുട്ടികളെ കന്യാസ്ത്രീ മഠങ്ങളിലേക്ക് നിർബന്ധമായി അയക്കുന്ന മാതാപിതാക്കൾക്കെതിരെ നടപടിയുണ്ടാകണം

സ്വമേധയ തീരുമാനമെടുക്കുന്ന കുട്ടികൾക്കും പ്രായപരിധി നിശ്ചയിക്കണം

സന്യാസജീവിതം ഉപേക്ഷിച്ചെത്തുന്നവർക്ക് തുടർന്നുള്ള ജീവിതം സുരക്ഷിതമാക്കാൻ പൂർവ്വിക സ്വത്തിൽ അവകാശം ഉറപ്പുവരുത്തണം

വനിതാകമ്മീഷന്റെ ഈ നിർദേശങ്ങളോട് പക്ഷെ സഭകളും പള്ളികളും പ്രതികൂലനിലപാടാണ്
സ്വീകരിച്ചത്. പരസ്യമായ പ്രതിഷേധങ്ങളിലൂടെ വനിതാ കമ്മീഷന്റെ വായടപ്പിച്ചു. അനുകൂലനിലപാടൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

പ്രതിരോധിക്കാനും പ്രതിഷേധിക്കാനും വിലക്കുകളേറെയുണ്ടായിരുന്ന കന്യാസ്ത്രീ സമൂഹം ജീവിതപരിസരങ്ങളിലെ നീതിനിഷേധങ്ങൾ സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു.  നീതി ലഭിക്കേണ്ടവരെന്ന് ഉറച്ച ബോധ്യമുള്ളവരായിട്ടും ആരുമില്ലാതെ അരക്ഷിതജീവിതം നയിച്ചു.

എന്നാൽ, ഇന്ന് 2008ലെ വനിതാ കമ്മീഷന്‌റെ നിർദേശങ്ങൾ ഒരിക്കൽക്കൂടി പ്രസക്തമാവുകയാണ്.  അടിസ്ഥാനപരമായ തിരുത്തലുകളോട് മുഖം തിരിച്ചാൽ അരക്ഷിത താവളങ്ങളിൽ നിന്ന് ഇനിയുമുയരും മരണവാർത്തകളും പീഡനകഥകളും എന്നുറപ്പാണ്. സഭ പറയുന്ന കൽപനകളനുസരിക്കാൻ, നിയമപരമായ പരിരക്ഷകൂടി വേണമെന്ന് ഒരു കൂട്ടം സ്ത്രീകൾ ഉറക്കെ വിളിച്ചുപറയുന്നുണ്ടെങ്കിൽ ഒന്നുറപ്പാണ്…. സമ്മർദങ്ങളെ മറികടക്കാൻ അവരിൽ കുറച്ചുപേരെങ്കിലും പ്രാപ്തരായിക്കഴിഞ്ഞെന്ന്. ധാർഷ്ട്യവും ഭീഷണിയും നിറഞ്ഞ ‘കൽപനകൾ’ സഭകൾ തിരുത്തിയേ മതിയാകൂയെന്ന്. സർക്കാരും നീതിപീഠങ്ങളും കണ്ണുതുറന്നേ മതിയാകൂയെന്ന്. ആഗ്രഹിച്ചെത്തുന്നവർക്കെങ്കിലും കന്യാസ്ത്രീമഠങ്ങൾ പേടിപ്പെടുത്തുന്ന തടവറകളായി മാറാതിരിക്കട്ടെ.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top