Advertisement

ലോകം ഇന്ത്യയെ കേട്ട ദിനം; ചിക്കാഗോ പ്രസംഗത്തിന് 125 വയസ്

September 11, 2018
Google News 1 minute Read
swami vivekanandan

നൂറ്റിയിരുപത്തിയഞ്ചു വര്‍ഷം മുന്‍പായിരുന്നു ആ പ്രസംഗം. 1893 സെപ്റ്റംബര്‍ 11. സ്വാമി വിവേകാനന്ദന്‍ ലോകത്തിന്റെ ഹൃദയം തൊട്ടത് ഒരു സംബോധന കൊണ്ടാണ്. ‘അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരേ ‘ എന്ന് വിവേകാനന്ദന്‍ വിളിച്ചപ്പോള്‍ ലോകം ഇന്ത്യയെ അറിഞ്ഞു.
ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നു വിവേകാനന്ദന്റെ പ്രസംഗം. ഇന്ത്യന്‍ ജനത സാംസ്കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തി ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യന്‍ സൈദ്ധാന്തിക നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്‌കാരിക സമ്പന്നതാബോധത്തെ അപനിര്‍മ്മിച്ചു, ചിക്കാഗോ പ്രസംഗത്തിലൂടെ വിവേകാനന്ദന്‍.


വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയത് മതപ്രസംഗമേ ആയിരുന്നില്ല. ഇന്ത്യന്‍ പാരമ്പര്യം ലോകത്തെ അറിയിക്കുക മാത്രമായിരുന്നു. ചില അക്കാദമിക് പണ്ഡിതന്‍മാരാണ് വിവേകാനന്ദന്റേത് ആധ്യാത്മികവാദമാക്കാന്‍ ശ്രമിച്ചത്; ഹിന്ദുത്വവാദികള്‍ സങ്കുചിത ദേശീയവാദമാക്കാനും.

1891 സെപ്റ്റംബര്‍ 11 മുതല്‍ 27 വരെ ആറു ദിവസങ്ങളില്‍ വിവേകാനന്ദന്‍ ലോകത്തോട് സംസാരിച്ചു


സെപ്റ്റംബര്‍ 11
അമേരിക്കയിലെ ചിക്കാഗോയില്‍ ലോകമത സമ്മേളനം ആരംഭിച്ചു. വിവേകാനന്ദന്റെ ആദ്യ പ്രസംഗം. അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരേ എന്ന സംബോധനയോടെ പ്രസംഗം തുടങ്ങി.

സെപ്റ്റംബര്‍ 15
വ്യത്യസ്ത മതങ്ങള്‍ പരസ്പരം എതിര്‍ക്കുന്നത് വിശദീകരിച്ച് വിവേകാനന്ദന്‍ സംസാരിച്ചു. പൊട്ടക്കിണറ്റിലെ തവളയുടെ കഥ പറഞ്ഞായിരുന്നു വിശദീകരണം. എല്ലാ മതങ്ങളും കിണറ്റിലെ തവളകളെ പോലെയാണെന്നും അതിനപ്പുറം ലോകമില്ലെന്ന് കരുതുന്നവരാണെന്നും പറഞ്ഞു

സെപ്റ്റംബര്‍ 19
‘ഹിന്ദുമതം ‘ എന്നതു കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് വിശദീകരിച്ചു. ലോകത്തിലെ മൂന്നു പ്രാചീനമതങ്ങളില്‍ ഒന്നാണ് ഹിന്ദുമതമെന്ന് നിരീക്ഷിച്ചു. ദൈവസങ്കല്‍പ്പം, ആത്മാവ് എന്നിങ്ങനെ പ്രസംഗം നീണ്ടു

സെപ്റ്റംബര്‍ 20
ഇന്ത്യക്കാരന് ഏറ്റവും പ്രധാനം മതമല്ലെന്ന് വിവേകാനന്ദന്‍ പ്രസംഗിച്ചു. ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനമാണ് ലക്ഷ്യമെന്നും. ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു


സെപ്റ്റംബര്‍ 26
ബുദ്ധമതം എന്താണെന്ന് വിശദീകരിച്ചു. ബുദ്ധമതത്തിന്റെ രൂപീകരണം, വളര്‍ച്ച എന്നിങ്ങനെ. ഹിന്ദുമതത്തിന്റെ പൂര്‍ത്തീകരണമാണ് ബുദ്ധിസമെന്നും നിരീക്ഷണം

സെപ്റ്റംബര്‍ 27
ചിക്കാഗോ സമ്മേളനത്തിന്റെ അവസാന ദിനം. സംഘാടകര്‍ക്ക് നന്ദി രേഖപ്പെടുത്തി. ‘പോരടിക്കാതെ, സഹായിക്കുക’ എന്ന ആഹ്വാനത്തോടെ പ്രസംഗം അവസാനിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here