Advertisement

‘വരത്തന്‍ ‘ബഷീറിനോട് പറയുന്നത്

September 25, 2018
Google News 4 minutes Read
varathan

 ഉന്മേഷ് ശിവരാമന്‍ 
വൈക്കം മുഹമ്മദ് ബഷീര്‍ പണ്ട് അഴീക്കോട് മാഷിന് ഒരു കത്തെഴുതി. കത്തിലെ അവസാന വാക്യം ഇങ്ങനെയായിരുന്നു. ‘ ഞാനിവിടെ ഒരു ഭാര്യ , രണ്ടുമക്കള്‍, കാക്കത്തൊള്ളായിരം കുറുക്കന്‍മാര്‍ , കാക്കകള്‍, പഴുതാരകള്‍ , പൂമ്പാറ്റകള്‍ ഇവയോടൊപ്പം ജീവിക്കുന്നു’. ‘ഭൂമിയുടെ അവകാശികള്‍ ‘ എന്ന കഥയിലും ബഷീര്‍ ആവിഷ്‌ക്കരിച്ച മനുഷ്യന്‍ ഇങ്ങനെയാണ്. ചെറുകീടങ്ങള്‍ക്കു പോലും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് കഥയുടെ കാതല്‍. അമല്‍ നീരദിന്റെ പുതിയ ചിത്രം ‘വരത്തന്‍’ ബഷീറിയന്‍ മാനവികബോധത്തിനെ തിരുത്തുന്ന ഒന്നാണ്. ഗ്രാമത്തിന്റെ ‘ഗൃഹാതുരത’ എത്ര പഴയ സങ്കല്‍പ്പമാണെന്നും ‘വരത്തന്‍’ കാണിച്ചുതരുന്നു.


പുതുമയുള്ള പ്രമേയമേയല്ല ‘വരത്തനി ‘ലേത് . ദുബൈയില്‍ നിന്ന് നാട്ടിലെത്തുന്ന എബിയും (ഫഹദ് ഫാസില്‍) പ്രിയയും (ഐശ്വര്യലക്ഷ്മി) ഹൈറേഞ്ചില്‍ താമസമാരംഭിക്കുന്നു. പ്രിയയുടെ പിതാവിന്റെ പഴയ ഫാം ഹൗസിലാണ് താമസം. ഒരു നാട്ടുപ്രമാണിയും അയാളുടെ മക്കളും വില്ലന്‍മാരാകുമ്പോള്‍ എബിയും പ്രിയയും നേരിടുന്ന പ്രതിസന്ധികളാണ് സിനിമയില്‍ നിറയുന്നത്. ഇരുവരും അതിനെ അതിജീവിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു .

varathan

‘സദാചാരം’ ഒരു രോഗമാണ്

നാട്ടിന്‍പുറത്തിന്റെ തുറിച്ചുനോട്ടത്തിലേക്കാണ് എബിയും പ്രിയയും വന്നിറങ്ങുന്നതു തന്നെ. ചെറുപ്പക്കാരായ ആണും പെണ്ണും ഒന്നിച്ചു സഞ്ചരിച്ചാല്‍ , ജീന്‍സിട്ടാല്‍ , പരസ്യമായി കൈപിടിച്ചാല്‍ ദഹിക്കാത്ത നാട്ടിന്‍പുറമാണ് സിനിമയില്‍. എയര്‍പോര്‍ട്ടില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ കാര്‍ഡ്രൈവറാണ് ഇത്തരം തുറിച്ചുനോട്ടത്തിന് തുടക്കമിടുന്നത്. ‘എന്താ ചേട്ടാ നാട്ടില്‍ മഴയുണ്ടോ’ എന്ന ഒറ്റച്ചോദ്യം കൊണ്ടാണ് പ്രിയ തുറിച്ചുനോട്ടത്തെ ചെറുക്കുന്നത്. ഇരുവരും താമസമാരംഭിക്കുന്ന സ്ഥലത്തും തുറിച്ചുനോട്ടങ്ങള്‍ തുടരുന്നുണ്ട്. കപട സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ഇപ്പോള്‍ , നാട്ടിന്‍പുറങ്ങളിലെ സ്ഥിരം കാഴ്ചയാണല്ലോ. അവരുടെ കരണത്ത് വേണ്ടത്ര ശക്തിയോടെ പ്രഹരിക്കാന്‍ ‘വരത്തന്‍’ ശ്രമിക്കുന്നില്ല; കാഴ്ചക്കാര്‍ തീരുമാനിക്കട്ടെയെന്നാകും.

നഗരത്തില്‍ നിന്ന് നാട്ടിന്‍പുറത്തെത്തി , ഒരു വാഹനത്തില്‍ ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍ സദാചാരലംഘനമാകുന്ന കാലമാണിത്. തെറിവിളികളും മൊബൈല്‍ ഷൂട്ടുകളും നേരിടേണ്ടി വരും. ഒരുപടി കൂടി കടന്നാല്‍ ‘നല്ല ‘തല്ലും കിട്ടും. കൈയിലുള്ള കാശൊക്കെ തട്ടിയെടുത്താണ് നാട്ടുസദാചാരക്കാര്‍ വിടുക. ‘വരത്തനി’ ലെ ഈ കാഴ്ച മലയാളിയുടെ നേരനുഭവമാണ് . നോട്ടംകൊണ്ടും വാക്കുകൊണ്ടും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്ന എബിയാണ് ‘ന്യൂജന്‍ ആണടയാളം’.

ബഷീറിന് എബിയുടെ തിരുത്ത്
ഹൈറേഞ്ചിലെ വീട്ടിനകത്ത് ഒരു പാറ്റയെ കാണുമ്പോള്‍ എബി ബഷീറിനെ പോലെയാണ് സംസാരിക്കുന്നത്. പ്രിയ പാറ്റയെ അടിച്ചുകൊല്ലുമ്പോള്‍ എബി ചോദിക്കുന്നത് , അതെവിടെയെങ്കിലും പോയി ജീവിക്കില്ലേ എന്നാണ്. പാറ്റയും ഈ ഭൂമിയുടെ അവകാശിയെന്നാണ് എബി കരുതുന്നത്. എന്നാല്‍, ‘എന്റെ വീട്ടില്‍ അങ്ങനെ ജീവിക്കണ്ട ‘ എന്നാണ് പ്രിയയുടെ മറുപടി. എബിയുടെ ‘ബഷീറിയന്‍ ബോധ’ത്തെ എന്റെ വീട്ടില്‍ ആരു ജീവിക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്ന യുക്തി കൊണ്ടാണ് പ്രിയ എതിരിടുന്നത്. അവസാനഭാഗത്തിനു തൊട്ടുമുന്‍പു വരെ തിരശ്ശീലയില്‍ എബിയെക്കാള്‍/ എബിയ്‌ക്കൊപ്പം ‘ആണത്ത’മുണ്ട് പ്രിയയ്ക്ക്.

അനുഭവമാണ് നല്ല ജീവിതപാഠം. സിനിമയുടെ, ഒടുവില്‍ ‘ബഷീറിയന്‍ ജീവിതബോധ’ത്തെ എബി തിരുത്തുന്നത് അനുഭവം കൊണ്ടാണ് . വീട്ടുവരാന്തയില്‍ വെച്ച് , പാറ്റയെ ഷൂസിനടിയില്‍ ഞെരിച്ചു കൊല്ലുന്ന എബിയുടെ മുഖത്ത് ചെറുചിരിയുണ്ട്. ഉപദ്രവിക്കുന്നവരും കയ്യേറ്റക്കാരും ഭൂമിയുടെ അവകാശികളല്ലെന്നാണ് എബിയുടെ പ്രഖ്യാപനം. അതിക്രമിച്ചു കയറുന്നവര്‍ വീഴ്ത്തപ്പെടുമെന്ന ബോര്‍ഡിന്റെ ക്ലോസ് ഷോട്ടില്‍ സിനിമ അവസാനിക്കുമ്പോള്‍ എബിയുടെ പരിണാമം പൂര്‍ത്തിയാവുകയാണ്.


‘നാട്യപ്രധാനം നഗരം ദരിദ്ര്യം / നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം ‘ എന്ന് കുറ്റിപ്പുഴ എഴുതിയിട്ട് നാളേറെയായി. ഹൈറേഞ്ചുജീവിതം നാട്ടിന്‍പുറ നന്‍മകളുടെ അടയാളമാണ് മലയാള സിനിമകളില്‍. ‘വരത്തന്‍’ അതിന്റെ തിരുത്താണ്. നാട്ടുനീതി , കാട്ടുനീതിയാകുമ്പോള്‍ അതിന് എതിരായ ചെറുത്തു നില്‍പ്പു കൂടിയാണ് ‘വരത്തന്‍’.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here