മലമ്പുഴ, മാട്ടുപ്പെട്ടി ഡാമുകൾ ഇന്ന് തുറക്കും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 30 സെന്റിമീറ്റർ വീതം ഉയർത്തും. ഇതേ തുടർന്ന് കൽപ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടിൽ 113.95 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി സമ്പരണശേഷിയോടടുത്ത് നിലവിലെ ജലനിരപ്പ് ഉയർന്നതാണ് ഡാം ഷട്ടറുകൾ തുറന്നു വിടാൻ കാരണം. മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. ഇന്ന് രാവിലെ 11 മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.
ഇടുക്കി അണക്കെട്ടിൽ ആകെ സംഭരണ ശേഷിയുടെ 82 ശതമാനമാണ് നിലവിലെ ജലനിരപ്പ്. 2387.74 അടിയാണ് നിലവിലെ ജലനിരപ്പ്.
കാലാവസ്ഥ പ്രവചനം പോലെ മഴ പെയ്താൽ അണക്കെട്ടുകൾ തുറന്നു വിടേണ്ടി വരുമെന്നാണ് വിവിധ ജില്ലാഭരണകൂടങ്ങൾ വിശദമാക്കുന്നത്. മുൻ കരുതൽ നടപടിയുടെ ഭാഗമായി കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളുടെയും സമീപം കൺട്രോൾ റൂമുകൾ തുറന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here