Advertisement

എല്ലാ ജില്ലകളിലും ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം ആഘോഷിക്കും; പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചു

October 24, 2018
Google News 3 minutes Read

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിവിധ പരിപാടികളോടെ വിപുലമായി എല്ലാ ജില്ലകളിലും ആഘോഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ 10 മുതല്‍ 12 വരെയായിരിക്കും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. ചരിത്ര പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യൂമെന്ററി പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്‌കാരിക വകുപ്പും പുരാവസ്തുപുരാരേഖാ വകുപ്പുകളും ചേര്‍ന്നാണ് പരിപാടികള്‍ നടത്തുക.

മറ്റ് മന്ത്രിസഭായോഗതീരുമാനങ്ങള്‍:

പ്രകൃതി ദുരന്തങ്ങളില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്.

ഏതു മേഖലയിലായാലും മഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നല്‍കും. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും ദുരന്തപ്രതികരണനിധിയില്‍ നിന്നുളള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.

പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ ഒഴികെ മറ്റുളളവയെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4,800 രൂപ അടക്കം 10,000 രൂപ നല്‍കും.

16-29 ശതമാനം നഷ്ടം – മൊത്തം 60,000 രൂപ
30-59 ശതമാനം നഷ്ടം – മൊത്തം 1,25,000
60-74 ശതമാനം നഷ്ടം – മൊത്തം 2,50,000

ഇതനുസരിച്ച് നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോള്‍ ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയില്‍ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ചെലവഴിക്കുക. കേന്ദ്ര ദുരന്തപ്രതികരണനിധിയില്‍ നിന്ന് 450 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. നാശനഷ്ടത്തിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കാന്‍ തീരുമാനിച്ചത്. മൊത്തം 2.43 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിര്‍മിക്കുന്നവര്‍ക്കാണ് നാലു ലക്ഷം രൂപ നല്‍കുന്നത്.

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നവംബര്‍ 10 മുതല്‍ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാന്‍ തീരുമാനിച്ചു. ചരിത്ര പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യൂമെന്‍ററി പ്രദര്‍ശനം എന്നിവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്കാരിക വകുപ്പും പുരാവസ്തു-പുരാരേഖാ വകുപ്പുകളും ചേര്‍ന്നാണ് പരിപാടികള്‍ നടത്തുക.

ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു.

തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍
കൊല്ലം – ജെ. മേഴ്സിക്കുട്ടിയമ്മ
പത്തനംതിട്ട – അഡ്വ. മാത്യു ടി തോമസ്
ആലപ്പുഴ – ജി. സുധാകരന്‍, പി. തിലോത്തമന്‍, ഡോ. ടി.എം. തോമസ് ഐസക്
കോട്ടയം – അഡ്വ. കെ. രാജു
ഇടുക്കി – എം.എം. മണി
എറണാകുളം – പ്രൊഫ. സി. രവീന്ദ്രനാഥ്
തൃശ്ശൂര്‍ – എ.സി. മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍
പാലക്കാട് – എ.കെ. ബാലന്‍
മലപ്പുറം – ഡോ. കെ.ടി. ജലീല്‍
കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ ടീച്ചര്‍
കാസറഗോഡ് – ഇ. ചന്ദ്രശേഖരന്‍

ആധാര പണയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന അതേ ഫീസു തന്നെ അവ തിരിച്ചെടുക്കുമ്പോഴും പണയം ഒഴിയുമ്പോഴും റദ്ദാക്കുമ്പോഴും ഈടാക്കുന്നതിന് 1908-ലെ രജിസ്ട്രേഷന്‍ ആക്ടിലെ ഫീസ് പട്ടികയില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. പണയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ ഫീസായി ജാമ്യത്തുകയുടെ 0.1 ശതമാനമാണ് ഈടാക്കുന്നത്. എന്നാല്‍ റിലീസ് ഡീഡ് രജിസ്റ്റര്‍ ചെയ്യാന്‍ 2 ശതമാനം ഫീസ് വേണ്ടി വരുന്നു. ഇതുമൂലം ജനങ്ങള്‍ക്കുളള പ്രയാസം ഒഴിവാക്കുന്നതിനാണ് ഫീസ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.

ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടിവന്നാല്‍ ഓരോ അംഗത്തിനും പരമാവധി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

കോട്ടയം ജില്ലയിലെ ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഞ്ച് ഗ്രേഡ് 2 സ്റ്റാഫ് നഴ്സ് അടക്കം 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള അഭിഭാഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനം കൂടതല്‍ സുതാര്യമാക്കുന്നതിനും ക്ഷേമനിധി സ്റ്റാമ്പുകളുടെ അച്ചടിയും വില്‍പ്പനയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും കേരള അഭിഭാഷക ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

2018-19 സീസണില്‍ സംഭരിക്കുന്ന ഡബ്ല്യൂ.സി.ടി, കുറിയ ഇനം വിത്തു തേങ്ങയുടെ വില ഒന്നിന് 70 രൂപയായും സങ്കരയിനം വിത്തു തേങ്ങയുടെ വില 75 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here