സംസ്ഥാന സ്‌കൂള്‍ കായികമേള; കോതമംഗലം സെന്റ്. ജോര്‍ജിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ്. ജോര്‍ജ് എച്ച്എസ്എസ് കിരീടം ഉറപ്പിച്ചു. 2014 ന് ശേഷമാണ് സെന്റ്. ജോര്‍ജ് കിരീടത്തിന് അര്‍ഹരാകുന്നത്. സെന്റ്. ജോര്‍ജിന്റെ പത്താം കിരീട നേട്ടം കൂടിയാണിത്. എട്ട് സ്വര്‍ണം, ഏഴ് വെള്ളി, നാല് വെങ്കലം എന്നിവയടക്കം 63 പോയിന്റുമായാണ് സെന്റ്. ജോര്‍ജ് ഒന്നാം സ്ഥാനത്തെത്തിയത്. കോതമംഗലം മാര്‍. ബേസിലാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വര്‍ണവും ഏഴ് വെള്ളിയുമടക്കം 43 പോയിന്റാണ് മാര്‍. ബേസിലിനുള്ളത്. ആദ്യ രണ്ട് ദിവസങ്ങളില്‍ സെന്റ്. ജോര്‍ജും മാര്‍. ബേസിലും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന കായികമേളയില്‍ എറണാകുളം ജില്ല ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു. 25 സ്വര്‍ണവും 22 വെള്ളിയുമായി 210 പോയിന്റാണ് എറണാകുളത്തിനുള്ളത്. ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി പാലക്കാട് പോരാടിയെങ്കിലും 16 സ്വര്‍ണം നേടാനെ സാധിച്ചുള്ളൂ. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 144 പോയിന്റാണുള്ളത്. 81 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here