വെടിയൊച്ചകള്‍ക്കിടയില്‍ നിന്ന് അയാള്‍ അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചു; ‘എനിക്ക് രക്ഷപ്പെടാനാകില്ല!’

ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം നടന്ന നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറമാന്‍ അച്യുത നന്ദ സാഹു കൊല്ലപ്പെട്ടത് ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ രാജ്യത്ത് എത്രയോ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ കര്‍മ്മമണ്ഡലങ്ങളില്‍ വ്യാപരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൂരദര്‍ശന്‍ ക്യാമറമാന്റെ മരണം. മാധ്യമപ്രവര്‍ത്തകരുടെ ജീവിതം എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണമാണ് ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ.

ഛത്തീസ്ഗഢിലെ ദന്തവാഡെയില്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂരദര്‍ശന്‍ ചാനലിലെ ക്യാമറമാന്‍ അച്യുതനന്ദയുടെ അസിസ്റ്റന്റായ മോര്‍മുകത് നക്‌സല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശമാണിത്. എനിക്ക് രക്ഷപ്പെടാനാകില്ലെന്നും ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നും മോര്‍മുക്ത് വീഡിയോയില്‍ അമ്മയോട് പങ്കുവെക്കുന്നു. വീഡിയോ എടുക്കുന്നതിനിടയില്‍ വെടിയൊച്ചകളും കേള്‍ക്കാം. മരണമുഖത്തേക്ക് താന്‍ പോയികൊണ്ടിരിക്കുകയാണെന്നും പക്ഷേ, ഭയപ്പെടുന്നില്ല എന്നും മോര്‍മുക്ത് വീഡിയോയില്‍ പറയുന്നു. മരണത്തെ മുന്നില്‍ കണ്ടെങ്കിലും സുരക്ഷാസേനയുടെ സഹായത്തോടെ മോര്‍മുക്ത് ശര്‍മ രക്ഷപ്പെടുകയായിരുന്നു.

മോർമുകുത് ശർമയുടെ സന്ദേശം- പൂർണരൂപം

അമ്മേ,
സൈന്യത്തിനൊപ്പം പോകുമ്പോൾ, നക്സലുകളുടെ വലിയൊരു സംഘം ഞങ്ങളെ വളയുകയായിരുന്നു. ഞാൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. ഇവിടെനിന്ന് രക്ഷപ്പെടുന്നത് വലിയ ദുഷ്ക്കരമാണ്. പക്ഷേ മരിക്കാൻ എനിക്ക് ഭയമില്ല. 6-7 പട്ടാളക്കാർ എനിക്കൊപ്പമുണ്ട്. ദന്തേവാഡയിലെ തെരഞ്ഞെടുപ്പ് കവർ ചെയ്യാനാണ് ഞങ്ങൾ ഇവിടെയെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top