ഒരു മതവുമായും ബന്ധമില്ല, ശബരിമലയില്‍ പോകുമെന്ന ജനം ടിവി വാര്‍ത്ത വ്യാജം; സുമേഖ തോമസ്

ഇടുക്കി സ്വദേശിയായ യുവതി ശബരിമലയില്‍ പോകുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ജനം ടിവി പുറത്ത് വിട്ട വാര്‍ത്ത വ്യാജം. ഇടുക്കി ഉടുമ്പന്നൂര്‍ കരിമണ്ണൂര്‍ സ്വദേശിയായ സുമേഖ തോമസ് ഇന്ന് സന്നിധാനത്ത് എത്തുമെന്നാണ് ജനം ടിവി വാര്‍ത്ത നല്‍കിയത്. ബ്രേക്കിംഗ് ന്യൂസായാണ് വാര്‍ത്ത ടെലിവിഷനില്‍ കാണിച്ചതും . എന്നാല്‍ താന്‍ ശബരിമലയില്‍ പോകാനുദ്ദേശിക്കുന്നില്ലെന്നാണ് സുമേഖ ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. തന്റെ പേര് എന്ത് അടിസ്ഥാനത്തിലാണ് വലിച്ചിഴച്ചതെന്ന് അറിയില്ല. തന്റെയും ഭര്‍ത്താവിന്റെ അമ്മയുടേയും പേര് വാര്‍ത്തയിലേക്ക് ഒരു ആവശ്യവുമില്ലാതെയാണ് വലിച്ചിഴച്ചത്. താനിപ്പോള്‍ ഉടുമ്പന്നൂരിലെ വീട്ടില്‍ തന്നെയാണ് ഉള്ളത്. താനടങ്ങുന്ന സംഘം കാഞ്ഞിരപ്പള്ളി കഴിഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. ഇന്ന് ഞാനും ഭര്‍ത്താവും അമ്മായിയമ്മയേയും കൊണ്ട് എറണാകുളത്ത് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകാനിരുന്നതാണ്. ഇന്നലെ അച്ഛന്‍ വാര്‍ത്ത കണ്ട് വിളിച്ചപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത് തന്നെ. സിപിഐ അനുഭാവിയാണ് സുമേഖയുടെ പിതാവ് വിഎം തോമസ്.
സിപിഎം നേതാവായ ശശികല റഹീമാണ് സുമേഖയുടെ ഭര്‍ത്തൃമാതാവ്. ഇവരുടെ പിന്തുണയോടുകൂടിയാണ് സുമേഖ ശബരിമലയിലേക്ക് പോകുന്നതെന്നും ഇതിന് സർക്കാരിന്റെയും പാർട്ടിയുടേയും പിന്തുണയുണ്ടെന്നുമായിരുന്നു ജനം ടിവി പുറത്തുവിട്ട വാർത്ത. സുമേഖ യുക്തിവാദി സംഘത്തോടൊപ്പമാണ് ശബരിമലയിലേക്ക് പോകുന്നതെന്നും സംഘം നിലവിൽ കാഞ്ഞിരപ്പള്ളി കഴിഞ്ഞതായും ജനം ടിവി റിപ്പോർട്ട് ചെയ്തു. മാത്രമല്ല സംഘത്തോടൊപ്പം ചേരാൻ സിപിഎം നേതാവ് ശശികല റഹീമും ആലുവയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഉണ്ടായിരുന്നു.
അടിസ്ഥാനവിരുദ്ധമായ വാര്‍ത്തയ്ക്കും ആരോപണത്തിനും എതിരെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ജനം ടിവിയ്ക്ക് എതിരായി പരാതി നല്‍കുമെന്ന് സുമേഖ അറിയിച്ചു. യുക്തിവാദി സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന താന്‍ ഒരിക്കല്‍ പോലും ശബരിമലയുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. തന്റെ അമ്മയും അച്ഛനും ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. പിന്നീട് അവര്‍ മതം ഉപേക്ഷിച്ചു. ഇപ്പോള്‍ ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലീം സമുദായത്തില്‍പ്പെട്ടയാളെയാണ് അങ്ങനെ നോക്കിയാല്‍ ഈ മൂന്ന് മതത്തിലും ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു മതത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. ശബരിമല വിഷയം പൂര്‍ണ്ണമായും വ്യക്തിപരമാണ് എന്നതാണ് തന്റെ നിലപാട്. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണെന്നും സുമേഖ പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെയുള്ള കൊലവിളിയും അസഭ്യവര്‍ഷവും തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here