ബന്ധുനിയമനം; മന്ത്രി കെ.ടി ജലീലിന്റെ വാദം തെറ്റെന്ന് തെളിയിക്കാനുള്ള രേഖകളുണ്ടെന്ന് പി.കെ ഫിറോസ്

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദം തെറ്റെന്ന് തെളിയിക്കാനുള്ള വിവരാവകാശ രേഖ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയും എസ്ബിഐ റീജ്യണല്‍ മാനേജറും അടക്കമുള്ളവരെ ഒഴിവാക്കിയാണ് ജലീലിന്റെ ബന്ധുവായ കെ.ടി അദീബിന് നിയമനം നല്‍കിയതെന്നാണ് വിവരാവകാശ രേഖകളില്‍ വ്യക്തമാണെന്ന് പരാതിക്കാര്‍ ആരോപിച്ചു. അദീബ് ഒഴികെ വന്ന എല്ലാ അപേക്ഷകരും സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ തന്നെ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ അപേക്ഷ പോലും തള്ളിയാണ് അദീബിന് നിയമനം നല്‍കിയതെന്ന് പി.കെ.ഫിറോസ് ആരോപിക്കുന്നു. അഭിമുഖത്തിന് വന്ന നാല് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യത ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അദീബിനെക്കാൾ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ലഭിച്ചെന്നാണ് ഫിറോസിന്‍റെ അവകാശവാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here