Advertisement

മുഖ്യമന്ത്രിയില്‍ നിന്ന് ജയരാജന് ലഭിക്കാത്ത പിന്തുണ എന്തുകൊണ്ടാണ് ജലീലിന് ലഭിക്കുന്നത്? ; രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം

November 7, 2018
Google News 0 minutes Read
vt balram

മന്ത്രി കെടി ജലീലിന്റെ ബന്ധു നിയമന വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. മന്ത്രി നടത്തിയത് സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമലംഘനങ്ങളുമാണെന്ന് ബല്‍റാം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജന് ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ടാണ് പാര്‍ട്ടി അംഗം പോലുമല്ലാത്ത ജലീലിന് മുഖ്യമന്ത്രിയില്‍ നിന്നും ലഭിക്കുന്നതെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബന്ധു നിയമന വിഷയത്തിൽ മന്ത്രി കെ.ടി.ജലീൽ നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ/ചട്ടലംഘനങ്ങളും:

1) തന്റെ ബന്ധുവിന് ഗുണകരമാവുന്ന തരത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ആദ്യം തന്നെ മാറ്റം വരുത്തി. ആവശ്യത്തിന് എംബിഎക്കാരെ കിട്ടാത്തത് കൊണ്ടാണ് ബിടെക്കുകാരെ കൂടി പരിഗണിച്ചതെന്ന് മന്ത്രി വാദിക്കുന്നു. എന്നാൽ 7 അപേക്ഷകരിൽ 5 പേരും എംബിഎ ഉള്ളവരായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
2) അപേക്ഷ ക്ഷണിച്ചു കൊണ്ട് നിയമാനുസൃതമായ രീതിയിൽ പത്രപരസ്യം നൽകാതെ പത്രക്കുറിപ്പ് മാത്രം നൽകി പരമാവധി രഹസ്യമായി കാര്യങ്ങൾ നീക്കി.
3) ഇന്റർവ്യൂവിന് പങ്കെടുത്തവരെ വച്ച് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയില്ല. അവർക്ക് മതിയായ യോഗ്യത ഇല്ലെങ്കിൽ ആ വിവരം ചൂണ്ടിക്കാട്ടി ഇൻറർവ്യൂ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ചില്ല.
4) അപേക്ഷകരായ 7 പേരിൽ കെ.ടി.അദീബിനേക്കാൾ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ല എന്ന് കള്ളം പറയുന്നു. തന്റെ വാദം തെളിയിക്കുന്ന തരത്തിൽ 7 പേരുടേയും യോഗ്യതകൾ ഇതുവരെ മന്ത്രി പുറത്ത് വിട്ടിട്ടില്ല.
5) കൂടുതൽ യോഗ്യത മറ്റൊരു അപേക്ഷന് ഉണ്ടായിരുന്നിട്ടും ഇൻറർവ്യൂവിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹത്തിന് രണ്ടാമതൊരവസരം നൽകിയില്ല. എന്നാൽ അദീബും ഇൻറർവ്യൂവിൽ പങ്കെടുത്തിട്ടില്ലെങ്കിലും വീണ്ടും പിന്നാലെച്ചെന്ന് നിർബ്ബന്ധിച്ച് നിയമനം നൽകുന്നു.
6) അദീബിന് ഈ സർക്കാർ ജോലിയിലേക്ക് വരാൻ താത്പര്യമില്ലായിരുന്നു എന്ന് മന്ത്രി ന്യായീകരിക്കുന്നു. എന്നാൽ താത്പര്യമില്ലാത്തയാൾ പിന്നെ എന്തിനാണ് ആദ്യം അപേക്ഷ അയച്ചത് എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ല.
7) നോട്ടിഫിക്കേഷൻ പ്രകാരം ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തേണ്ടിയിരുന്ന പോസ്റ്റിലേക്ക് ക്രമവിരുദ്ധമായി ബന്ധുവായ അദീബിന് നിയമനം നൽകി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിക്കാനാവില്ല എന്നാണ് നിയമം.
8. ) നിയമനത്തിന് മുന്നോടിയായി ധനകാര്യ വകുപ്പിന്റെ അനുമതി വേണമായിരുന്നു. എന്നാൽ ധനവകുപ്പിനെ കബളിപ്പിച്ച് നിയമവിരുദ്ധമായി പാർട്ട് ഫയൽ ഇറക്കി ബന്ധു നിയമനം വേഗത്തിലാക്കി.
9) ഇതുപോലുള്ള സ്ഥാപനങ്ങളിലെ നിയമനത്തിന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ അനുമതി വേണമെങ്കിലും മന്ത്രിബന്ധുവായ അദീബിന്റെ കാര്യത്തിൽ അത്തരമൊരനുമതി തേടിയിട്ട് പോലും ഇല്ല.
10) സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഹാജരാക്കേണ്ട എൻ ഒ സി പോലും കെ.ടി.അദീബ് നിയമന സമയത്ത് ഹാജരാക്കിയിട്ടില്ല.

ഇനി പറയൂ, ഇങ്ങനെ അധികാര ദുർവ്വിനിയോഗവും സ്വജനപക്ഷപാതിത്തവും നടത്തിയ ഒരു മന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹനാണോ? എന്തുകൊണ്ട് മന്ത്രിയെ പുറത്താക്കി ഇടതുപക്ഷ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകുന്നില്ല? ഇപി ജയരാജൻ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ട് പാർട്ടി അംഗം പോലുമില്ലാത്ത കെ ടി ജലീലിന് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നു?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here