പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; വനിതാ നേതാവിന്റെ പരാതി വീണ്ടും കേന്ദ്ര നേതൃത്വത്തിന്

പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. താന്‍ നല്‍കിയ പരാതി അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായും തന്നെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമങ്ങള്‍ നടക്കുന്നതായും പരാതിക്കാരിയായ പെണ്‍കുട്ടി കേന്ദ്ര നേതൃത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണം അട്ടിമറിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പരാതിക്കാരിയുടെ ആരോപണം. ശശിയുടെ ഫോണ്‍ സംഭാഷണം അടക്കമാണ് കേന്ദ്ര നേതൃത്വത്തിന് പുതിയ പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷന്‍ ഇതുവരെ നടപടികളൊന്നും സ്വീകരിക്കാത്തതാണ് പരാതി വീണ്ടും കേന്ദ്ര നേതൃത്വത്തിന് നല്‍കാന്‍ കാരണമായത്. ആരോപണ വിധേയനായ എംഎല്‍എയെ ജാഥാ ക്യാപ്റ്റനാക്കിയതും പരാതിക്കാരി ചൂണ്ടിക്കാട്ടി. തന്റെ പരാതിയില്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ആവശ്യം.
കേന്ദ്ര നേതൃത്വത്തിന് ഇതിന് മുന്‍പും ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് സംസ്ഥാന നേതൃത്വത്തിന് കൈമാറുകയായിരുന്നു. മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എം.പി എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെയാണ് പരാതി അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ചത്. സെപ്റ്റംബര്‍ അവസാനത്തോടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും ഒരു നടപടിയും പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിട്ടില്ല. മാത്രമല്ല, അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എ.കെ ബാലനൊപ്പവും മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും ശശി പൊതുപരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതോടെ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here