നിയമസഭാ തെരഞ്ഞെടുപ്പുകള്‍; ബിജെപിക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സീ വോട്ടര്‍ സര്‍വേ

Rahul gandhi and modi

വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സീ വോട്ടര്‍ സര്‍വേ ഫലം. അഞ്ചിടത്തും കോണ്‍ഗ്രസ് മികച്ച നേട്ടം കൊയ്യുമെന്നാണ് ദ സെന്റര്‍ ഫോര്‍ വോട്ടിംഗ് ഒപ്പീനിയന്‍ ഇലക്ഷന്‍ റിസര്‍ച്ചുമായി ചേര്‍ന്ന് സീ വോട്ടര്‍ നടത്തിയ സര്‍വേയുടെ പ്രവചനം.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ താഴെയിറക്കും. 200 അംഗ നിയമസഭയില്‍ 145 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാകും കോണ്‍ഗ്രസ് രാജസ്ഥാനില്‍ തിരിച്ചുവരിക. ഇവിടെ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

കെ ചന്ദ്രശേഖര റാവുവിന്റെ വ്യക്തിപ്രഭാവത്തില്‍ തെലുങ്കാനയില്‍ വീണ്ടും അധികാരത്തിലേറാന്‍ കരുനീക്കം നടത്തുന്ന തെലുങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സഖ്യത്തിന് മുന്നില്‍ തോല്‍വി വഴങ്ങുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു. ടിഡിപി – കോണ്‍ഗ്രസ് സഖ്യമടങ്ങുന്ന മഹാകുടമി 64 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും ടിആര്‍എസ് 44 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി നാലാം ഊഴം തേടുന്ന ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തേണ്ടി വരും. ഇവിടെ ഭരണകക്ഷിയ്ക്ക് തുടര്‍ഭരണത്തിനുള്ള സാധ്യത സീ വോട്ടര്‍ സര്‍വ്വേ തള്ളി കളയുന്നില്ല.

ശിവരാജ് സിംഗ് ചൗഹാന്റെ മധ്യപ്രദേശ് സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ 41.5 ശതമാനം വോട്ടോടെ 107 സീറ്റില്‍ ഒതുങ്ങേണ്ടി വരും. ഇവിടെ 42.3 ശതമാനം വോട്ടോടെ 116 സീറ്റുമായി കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കും. 230 അംഗ നിയസഭയില്‍ കേവല കേവല ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന് ലഭിക്കുക.

കോണ്‍ഗ്രസ് ഭരണമുള്ള മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റ് നേടുമ്പോള്‍ 12ല്‍ കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വരും. 9 സീറ്റ് നേടുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നിര്‍ണ്ണായക സ്വാധീനമായി മാറും.

ഈ മാസവും ഡിസംബറിലുമായി വോട്ടിംഗ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top