ഐ ലീഗ്; ഗോകുലം എഫ്.സിക്ക് ആദ്യ ജയം

Gokulam FC Kerala

ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഗോകുലം എഫ്.സി കേരള. കോഴിക്കോട് നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലജോംഗ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം എഫ്.സി കേരള തോല്‍പ്പിച്ചത്. സീസണിലെ ആദ്യ ജയവുമായി ഗോകുലം മൂന്ന് പോയിന്റ് സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഗോകുലം എഫ്.സി രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കി.

ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഗനി അഹമ്മദ് നീഗത്തിലൂടെയാണ് ഗോകുലം ലീഡ് കണ്ടെത്തിയത്. ഫ്രീകിക്ക് പാസ് ഇടം കാലുകൊണ്ട് ഷില്ലോംഗിന്റെ ഗോള്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു നീഗം ചെയ്തത്. രണ്ടാം പകുതിയുടെ ആരംഭത്തിലും ഗോള്‍ കണ്ടെത്താന്‍ ഗോകുലത്തിന് സാധിച്ചു. മത്സരത്തിന്റെ 56-ാം മിനിറ്റിലായിരുന്നു അന്റോണിയോ ജര്‍മനിലൂടെ ഗോകുലം രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. മികച്ച ഷോട്ടിലൂടെയായിരുന്നു അന്റോണിയോ ജര്‍മന്‍ ഗോള്‍ സ്വന്തമാക്കിയത്.

രണ്ടാം ഗോള്‍ സ്വന്തമാക്കി പത്ത് മിനിട്ടുകള്‍ പിന്നിടുമ്പോള്‍ ഗോകുലത്തിന്റെ മൂന്നാം ഗോളും പിറന്നു. 66-ാം മിനിറ്റില്‍ എസ്. രാജേഷിലൂടെയായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോള്‍ പിറന്നത്. ഷില്ലോംഗ് ലജോംഗ് എഫ്.സി മൂന്നാം ഗോള്‍ കൂടി പിറന്നതോടെ പ്രതിരോധത്തിലായി. 78-ാം മിനിറ്റിലാണ് ഷില്ലോംഗിന്റെ ആശ്വാസഗോള്‍ പിറന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top