ഓര്‍മ്മയുണ്ടോ; ക്രിക്കറ്റ് ദൈവം പാഡഴിച്ച ദിനം

Sachin Tendulkar

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുംബൈ വാങ്കഡെ സ്റ്റേഡിയം ‘സച്ചിന്‍…സച്ചിന്‍…’ വിളികളാല്‍ നിറഞ്ഞത് ഇതുപോലൊരു സെപ്റ്റംബര്‍ 16 നാണ്. അന്നാണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ച കുറിയ മനുഷ്യന്‍ തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്. സച്ചിന്റെ വിടവാങ്ങലിന് ഇന്നേക്ക് അഞ്ച് വയസാകുന്നു.

2013 സെപ്റ്റംബര്‍ 16 ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് അവസാനിച്ചതോടെ സച്ചിന്റെ ക്രിക്കറ്റ് കരിയറിനും ഫുള്‍സ്റ്റോപ് ആകുകയായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്നുയര്‍ന്ന ‘സച്ചിന്‍’ വിളികള്‍ ഇപ്പോഴും മുഴങ്ങി കേള്‍ക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് സച്ചിന്‍ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളായിരുന്നു ആ പരമ്പരയിലുണ്ടായിരുന്നത്. ആദ്യ ടെസ്റ്റ് കൊല്‍ക്കത്തയിലും രണ്ടാം ടെസ്റ്റ് മുംബൈയിലും നടന്നു. ഈ പരമ്പരയിലെ രണ്ട് ടെസ്റ്റുകള്‍ യഥാക്രമം സച്ചിന്റെ 199-ാമത്തെയും 200-ാമത്തെയും ടെസ്റ്റ് മത്സരങ്ങളായിരുന്നു.

നവംബര്‍ 14 മുതലാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റ് നടന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനമായ 16-ാം തിയതി മത്സരം അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 51 റണ്‍സിനും ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 126 റണ്‍സിനുമാണ് വിജയം സ്വന്തമാക്കിയത്. സച്ചിനെ സംബന്ധിച്ചിടുത്തോളം അര്‍ഹതപ്പെട്ട യാത്രയയപ്പ് മത്സരമായിരുന്നു അത്. 74 റണ്‍സാണ് സച്ചിന്‍ അവസാന ടെസ്റ്റില്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സിലും സച്ചിന്റെ ബാറ്റിംഗ് കാണാമെന്ന് പ്രതീക്ഷിച്ച് പതിനായിരങ്ങളാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത്. എന്നാല്‍, ഇന്ത്യയുടെ കരുത്തിന് മുന്‍പില്‍ വെസ്റ്റ് ഇന്‍ഡീസ് ഛിന്നഭിന്നമായി. സച്ചിന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനും സാധിച്ചില്ല. ഇന്ത്യ ജയിച്ചെങ്കിലും ക്രിക്കറ്റ് ആരാധകര്‍ നിരാശപ്പെട്ടു. മത്സരശേഷം സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു.

‘സച്ചിന്‍…സച്ചിന്‍’ എന്ന വിളികളാല്‍ വാങ്കഡെ സ്റ്റേഡിയം അതിവൈകാരികമായി ക്രിക്കറ്റ് ഇതിഹാസത്തിന് യാത്രയയപ്പ് നല്‍കി. അതിലും വൈകാരികമായിരുന്നു സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top