മുട്ടുമടക്കില്ല, സമരം തുടരും; ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഉറച്ച നിലപാട്: പി.എസ്

ശബരിമല സമരത്തില്‍ നിന്ന് ബിജെപി പിന്മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ചില ആശ്വാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ മനോഭാവം മാറിയിട്ടില്ല. ശബരിമല സമരവുമായി മുന്നോട്ടുപോകുമെന്നാണ് ശബരിമല കര്‍മസമിതി വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ ആ സമരത്തെ ബിജെപി തുടര്‍ന്നും പിന്താങ്ങും. ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഉറച്ച നിലപാടുണ്ടെന്നും പി.എസ് ശ്രീധരന്‍പിള്ള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് ബിജെപി ആലോചിക്കുകയാണ്. ശബരിമലയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് സംസ്ഥാന ഭരണകൂടത്തിനുള്ളത്. അതിന്റെ ഉദാഹരണമാണ് സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലലടച്ചിരിക്കുന്നത്. സുരേന്ദ്രന് പെട്ടന്ന് തന്നെ പുറത്തുവരാനുള്ള സാഹചര്യമുണ്ടാക്കണം. ബിജെപി ശബരിമല സമരത്തില്‍ നിന്ന് പിന്നോട്ടില്ല. മറിച്ച് സമരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിന്റെ ഉദാഹരണമാണ് പി.സി ജോര്‍ജിനെ പോലുള്ളവരുടെ വരവ്. ശബരിമല കര്‍മസമിതിയുടെ പരിപാടികള്‍ക്ക് കലവറയില്ലാത്ത പിന്തുണയാണ് ബിജെപി നല്‍കുന്നതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here