പ്രതിപക്ഷ ഐക്യത്തിന്റെ സൂചന നല്‍കി കര്‍ഷക സമരത്തിന്റെ സമാപന വേദിയില്‍ അവര്‍ ഒന്നിച്ചു

opposite parties

ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരം പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കര്‍ഷക സമര വേദി പങ്കിട്ടു. കോര്‍പ്പറേറ്റ് മുതലാളിമാരുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതി തള്ളുന്ന മോദിക്ക് സര്‍ക്കാരിന് കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ എന്താണ് മടിയെന്ന് രാഹുല്‍ ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ദേശീയ തലത്തില്‍ വിശാല പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് ആക്കം പകരുന്നതായി ഇന്ന് ഡല്‍ഹിയില്‍ നടന്ന കര്‍ഷക മര്‍ച്ച്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്ക് പുറമേ ശരദ് യാദവ്, ഫാറൂഖ് അബ്ദുള്ള, സുധാകര റെഡ്ഡി തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം അറിയിച്ചെത്തി.

ഒന്നിച്ചു വേദി പങ്കിട്ട നേതാക്കള്‍ മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. റാഫേല്‍ വിമാനത്തിനായി കോടികള്‍ ചെലവഴിച്ച മോദി സര്‍ക്കാരിന് കര്‍ഷകര്‍ക്ക് അവകാശപ്പെട്ടത് നല്‍കാന്‍ എന്താണ് മടിയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതി തള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ മാത്രം വിസമ്മതിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരും തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല രാമ ക്ഷേത്രമാണ് ബിജെപിക്ക് മുഖ്യം എന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയിലൂടെ കര്‍ഷകരെ കൊള്ളയടിക്കുകയാണ് കേന്ദ്രമെന്ന അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

എന്തായാലും പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചത് വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top