‘കട്ടതാണെന്ന് സിംപിളായിട്ട് പറഞ്ഞാല്‍ പോരേ?’; ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ

അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്, എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തില്‍ ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ. തെറ്റ് പറ്റിയെന്ന് സമ്മതിക്കാതെ സ്വന്തം പ്രവൃത്തിയെ ദീപ ന്യായീകരിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉള്ളത്.

കവി എസ്. കലേഷ് തന്നെയാണ് ദീപാ നിശാന്തിനെതിരെ ആദ്യം രംഗത്തുവന്നത്. എന്നാല്‍, കലേഷിന്റെ ആരോപണത്തിനെതിരെ ദീപാ നിശാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരുന്നു. പിന്നീട്, ‘കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം എനിക്കിപ്പോള്‍ ഉണ്ട്’ എന്ന് പറഞ്ഞ് ദീപാ കുറ്റസമ്മതം നടത്തുകയും ചെയ്തു. എന്നാല്‍, തനിക്ക് തെറ്റ് പറ്റിയതാണെന്ന് തുറന്ന് സമ്മതിക്കാനോ കലേഷിനോട് മാപ്പ് ചോദിക്കാനോ ദീപാ നിശാന്ത് തയ്യാറാകാത്തതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തുറന്ന് സമ്മതിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ദീപാ നിശാന്ത് തയ്യാറാകണമെന്ന ആവശ്യമാണ് പ്രമുഖ എഴുത്തുകാര്‍ അടക്കം ഉന്നയിച്ചിരിക്കുന്നത്.

തന്റെ കവിത ദീപ നിശാന്ത് മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ് കലേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന തന്റെ കവിത വികലമാക്കി ദീപ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു കലേഷിന്റെ ആരോപണം. 2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്നും കവിത മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top