‘സുബോധ് കുമാറിന്റെ മരണം അത്ര വേഗം മറക്കരുത്’; കെ.ജെ ജേക്കബ് എഴുതുന്നു

പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം നടത്തിയ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് ദാദ്രി ആള്‍ക്കൂട്ട കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്‍. ദാദ്രി കൊലപാതകം നടന്നതിനു സമാനമായ രീതിയില്‍ സുബോധ് കുമാര്‍ കഴിഞ്ഞ ദിവസം കൊലപ്പെട്ട വാര്‍ത്തയെ അത്ര പെട്ടന്ന് മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ്.

കെ.ജെ ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇൻസ്‌പെക്ടർ സുബോധ്‌കുമാറിന്റെ മരണം പെട്ടെന്ന് മറക്കരുത്.

മുഹമ്മദ് അഖ്‌ലക് എന്ന ഗ്രാമീണനെ പശുവിറച്ചി ഫ്രിജിൽ സൂക്ഷിച്ചു എന്ന് പറഞ്ഞു തല്ലിക്കൊന്ന കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്‌ഥനാണ് സുബോധ് കുമാർ. പ്രലോഭനങ്ങൾക്കു വഴങ്ങാതെ അദ്ദേഹം ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണമാണ്‌ പ്രതികളെ കുടുക്കിയത്. പ്രതികളെല്ലാം ജാമ്യത്തിലാണ്; അവർക്കു രാഷ്ട്രീയ സംരക്ഷണമുണ്ട്; എല്ലാവർക്കും ജോലിയുണ്ട് എന്ന് അവരുടെ സംരക്ഷകർ ഉറപ്പാക്കുന്നുണ്ട്.

അപ്പോഴാണ് പശുസംരക്ഷണം പറഞ്ഞുനടക്കുന്ന മറ്റൊരു കൂട്ടം ക്രിമിനലുകളുടെ ആക്രമണത്തിൽ സുബോധ്‌ കുമാർ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന് നെഞ്ചിൽ വെടിയേറ്റിരുന്നു.

ഇനി പിറകോട്ടു നോക്കിയാൽ ചില മരണങ്ങൾ കൂടി കാണാം.

ഹിന്ദുത്വ ഭീകരന്മാരായ കേണൽ പുരോഹിതിനെയും സാധ്വി പ്രഗ്യയെയും കൂട്ടാളികളെയും പിടികൂടിയ മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവൻ ഹേമന്ത് കർക്കരെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നു.

ബി ജെ പി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊറാബുദ്ധിൻ ഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജ് ബ്രിജ് ഗോപാൽ ഹർകിഷൻ ലോയ ഇപ്പോഴും സംശയം ബാക്കിനിൽക്കുന്ന സാഹചര്യങ്ങളിൽ മരിക്കുന്നു.

ആദ്യത്തെ രണ്ടു കേസുകളിലും ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ല; എങ്കിലും ഏറ്റുമുട്ടൽ കൊലയും അകലാഖിന്റെ കൊലപാതകവും ഇതുവരെ തേഞ്ഞുമാഞ്ഞു പോയിട്ടില്ല എന്നത് നമ്മുടെ നാടിൻറെ നിയമവാഴ്ചയിൽ വിശ്വസിക്കാനുള്ള കാരണങ്ങളാണ്.

സുബോധ് കുമാറിന്റെ കൊലയാളികൾ, അവരുടെ പിറകിൽ പ്രവർത്തിച്ചവരും, നിയമത്തിനു മുൻപിൽ വരേണ്ടതുണ്ട്. നമ്മുടെ വീട്ടുമുറ്റത്തുമെത്തിയ ആ ശക്തികളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും എന്നത് നമ്മുടെ ജോലിയാണ്.

അത്, പരിമിതികൾക്കിടയിലും പരമാവധി മനുഷ്യർക്ക് നീതികിട്ടാനുള്ള ഒരു വ്യവസ്‌ഥയുണ്ടാക്കിവെച്ച, പക്ഷെ ഉടുപ്പിൽ റോസാപ്പൂ തിരുകിവെച്ചതിന്റെ പേരിൽ ഇപ്പോഴും ആക്ഷേപിക്കപ്പെടുന്ന, മനുഷ്യനോട് ചെയ്യുന്ന നീതിയായിരിക്കും.

പിന്നെ നമ്മളോടുതന്നെയും.

2015-ല്‍ പശുവിനെ കൊന്നെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ തീവ്രഹിന്ദുത്വ സംഘടനയില്‍ അംഗങ്ങളായവര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും പശു ഇറച്ചി കണ്ടെത്തിയെന്നും അക്രമികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശു ഇറച്ചിയല്ലെന്ന് പിന്നീട് നടന്ന പരിശോധനയില്‍ തെളിഞ്ഞിരുന്നു. ലാബില്‍ നിന്നും കൃത്യസമയത്ത് പരിശോധന ഫലം ലഭ്യമാക്കിയത് സുബോധ് സിംഗിന്റെ ഇടപെടല്‍ മൂലമായിരുന്നു. ദാദ്രി കൊലപാതകത്തില്‍ ബിജെപി എംഎല്‍എയുടെ മകന്‍ അടക്കം പ്രതികളാണെന്നും കണ്ടെത്തിയിരുന്നു. പക്ഷേ, അന്വേഷണത്തിന്റെ പാതിയില്‍ സുബോധ് സിംഗിനെ വരാണസയിലേക്ക് സ്ഥലം മാറ്റി.

അക്രമികളുടെ കല്ലേറ് തലയില്‍ കൊണ്ടാണ് സുബോധ് സിംഗ് കൊല്ലപ്പെട്ടതെങ്കിലും അക്രമികള്‍ ഇദ്ദേഹത്തെ വെടിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുബോധ് സിംഗിന്റെ തലയില്‍ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top