ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ; ബിജിപാലിന്റെ ‘അയ്യന്‍’

bijipal

ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളെ ‘തൊട്ടുപാടി’ ബിജിപാല്‍.  ബിജിപാലും ഹരിനാരായണനും ചേര്‍ന്ന് പാടിയ അയ്യന്‍ എന്ന മ്യൂസിക് ആല്‍പം ശബരിമലയിലെ യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്. അയ്യപ്പ ക്ഷേത്രം ദ്രാവിഡ വിഹാരമാണെന്നും ആദി മലയന്‍ തപസ്സുകൊണ്ട് പടുത്തതാണെന്നും പാട്ടിലുണ്ട്. ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ഗാനത്തിന്റെ സംഗീതം പകര്‍ന്നതും, പാടിയതും, വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതും ബിജിപാലാണ്. പ്രയാഗ് മുകുന്ദനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ ഇങ്ങനെ

നീതന്നെയാണു
ഞാനെന്നോതി നിൽക്കുന്ന
കാനന
ജ്യോതിയാണയ്യൻ
മാനവൻ കാണ്മതിന്നപ്പുറം നീളുന്ന
പ്രാക്തന സത്യമാണയ്യൻ
കാലക്കരിങ്കല്ലിനങ്ങേവശത്തുള്ള
കാടിന്റെ കരളെഴുത്തയ്യൻ

“സ്വാമിയയ്യൻ സ്നേഹഗാമിയയ്യൻ
പഞ്ചഭൂതങ്ങൾക്കു നാഥനയ്യൻ”

ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും
ആര്യവേദസ്സല്ലിതയ്യൻ
ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന
ആത്മാനുഭൂതിയാണയ്യൻ
ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെന്റെ
ഗിരിമുടിയതെന്നോതുമയ്യൻ

ആദി മലയൻ തൻ തപസ്സാൽ പടുത്തതാം
ദ്രാവിഡ വിഹാരമാണയ്യൻ
തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ –
സ്പന്ദനമാണെനിക്കയ്യൻ
മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന
നോവിന്റെ പമ്പയാണയ്യൻ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top