അതിജീവനത്തിന്റെ കഥ പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ഇരുപത്തിമൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. ഇന്ന് ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. ബുദ്ധാദേവ് ദാസ്ഗുപ്തയാണ് ഉദ്ഘാടനസമ്മേളനത്തിലെ മുഖ്യ അതിഥി. ചലച്ചിത്രമേഖലയിലെ സംവിധായകരും മറ്റു പമുഖരും ചടങ്ങില്‍ പങ്കെടുക്കും. പതിനായിരം ഡെലഗേറ്റുകള്‍ മേളയില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം പുറത്തുവിട്ടു. ഐഎഫ്എഫ്‌കെയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെയാണ് സിഗ്നേച്ചര്‍ ഫിലിം പങ്കുവെച്ചത്. പ്രളയവും അതിജീവനവും പ്രമേയമാക്കിയാണ് സിഗ്നേച്ചര്‍ ഫിലിം ഒരുക്കിയിരിക്കുന്ന വിവിധ വിഭാഗങ്ങളിലായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചെലവുചുരുക്കിയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. എങ്കിലും മേളയുടെ മാറ്റ് കുറയില്ലെന്നും ചലച്ചിത്ര അക്കാദമി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Read more: രാജ്യാന്തര ചലച്ചിത്രമേള: സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

ഇറാനിയന്‍ സംവിധായകനായ ഫര്‍ഹാദിയുടെ എവരിബഡി നോസ് ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഒരു സ്പാനിഷ് സൈക്കോളജിക്കല്‍ ത്രില്ലറാണ് ഈ ചിത്രം. 2018 ലെ കാന്‍ ചലച്ചിത്രമേളയിലും എവരിബഡി നോസ് തന്നെയായിരുന്നു ഉദ്ഘാടനചിത്രം. ഒരു അമ്മയും മക്കളും നടത്തുന്ന യാത്രകളും അതിനെചുറ്റിപ്പറ്റി അരങ്ങേറുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഓസ്‌കാര്‍ വിജയികളും ദമ്പതികളുമായ ഹാവിയര്‍ ബാരഡം പെനലോഷ് ക്രൂസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top