പി കെ ശശി വിഷയം; നേതൃത്വത്തിന് രൂക്ഷ വിമർശനം

ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ അച്ചടക്ക നടപടി ഏരിയ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ നേതൃത്വത്തിന് രൂക്ഷ വിമർശനം. അന്വേഷണത്തിലെ കണ്ടെത്തലുകൾ മുഴുവനും വിശദീകരിച്ചില്ലെന്നാണ് അംഗങ്ങളുടെ ആരോപണം. ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, പുതുശ്ശേരി, മുണ്ടൂർ എന്നീ ഏരിയ കമ്മറ്റികളിലെ റിപ്പോർട്ടിംഗിനിടെയാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്. പി.കെ ശശി പെൺകുട്ടിയോട് മോശമായി സംസാരിച്ചെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലുളളത്. പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെടാനുള്ള കുറ്റം ശശി ചെയ്തിട്ടുണ്ടെങ്കിൽ അത് കമ്മീഷൻ റിപ്പോർട്ടിൽ ഇല്ലാത്തത് എന്തുകൊണ്ടെന്ന് അംഗങ്ങൾ ചോദിക്കുന്നു. ശശിക്കെതിരായ കണ്ടെത്തലുകൾ മുഴുവൻ അന്വേഷണ കമ്മീഷൻ, റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. പെൺകുട്ടി തെളിവായി നൽകിയ ഫോൺ സംഭാഷണ രേഖയുടെ ചില ഭാഗങ്ങൾ മാത്രമേ കമ്മീഷനിലെ ഒരംഗം പരിഗണിച്ചിരുന്നുളളൂവെന്ന് ഡിവൈഎഫ്ഐയിലെ ഒരു വിഭാഗവും ആരോപിച്ചു. നടപടി നേരിട്ട ശേഷം പി കെ ശശിയുമായി ജില്ലാ സെക്രട്ടറി വേദി പങ്കിട്ടതിനെതിരെയും ഏരിയ കമ്മിറ്റികളിൽ നിന്ന് വിമർശനമുയർന്നു. ശശി പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും മുൻകൂട്ടി അറിയിച്ചാൽ വിട്ടുനിൽക്കും എന്നുമായിരുന്നു ജില്ലാ സെക്രട്ടറി നൽകിയ വിശദീകരണം. സസ്പെൻഷന് ശേഷവും സിഐടിയു ജില്ല പ്രസിഡന്റ് സ്ഥാനത്ത് പി.കെ ശശി തുടരുന്നതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ശശിയെ ഉടൻ ഈ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്നാണിവരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here