Advertisement

‘ബിജെപിയുടെ നഷ്ടങ്ങള്‍; കോണ്‍ഗ്രസിന്റെയും!’; 2019 ല്‍ ഇനി എന്ത്?

December 12, 2018
Google News 3 minutes Read

നെല്‍വിന്‍ വില്‍സണ്‍

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ ചര്‍ച്ചയാക്കുകയാണ് രാജ്യം. കാരണം, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി രാജ്യം ഒരുങ്ങുമ്പോള്‍ ഏറെ ചര്‍ച്ചയാകേണ്ടതും ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെയാണ്. ‘മോദി പ്രധാനമന്ത്രിയായി തുടരുമോ അതോ പ്രധാനമന്ത്രി പദത്തിലേക്ക് മറ്റൊരാള്‍ എത്തുമോ’ എന്നത് ഇനിയുള്ള മാസങ്ങളില്‍ വലിയ ചര്‍ച്ചയാകും. ആ ചര്‍ച്ചയില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുക അഞ്ച് സംസ്ഥാനങ്ങളിലെ വോട്ട് രാഷ്ട്രീയമാണ്.

തകരുന്ന താമരക്കൊട്ടാരങ്ങള്‍

ബിജെപിയുടെ നഷ്ടങ്ങള്‍ എന്തെല്ലാമാണെന്നാണ് കഴിഞ്ഞ ദിവസം മുതല്‍ മുഖ്യധാരാ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്. കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ നഷ്ടം കൂടുതല്‍ നേരിടേണ്ടി വന്നത് ബിജെപിക്ക് തന്നെയാണ്. മോദി – അമിത് ഷാ കൂട്ടുക്കെട്ടിന്റെ അപ്രമാദിത്തമാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യപ്പെട്ടത്. മോദിയെ പോലൊരു നേതാവും അമിത് ഷായെ പോലൊരു രാഷ്ട്രീയ ചാണക്യനുമുണ്ടെങ്കില്‍ ഏത് സംസ്ഥാനത്തും താമര മൊട്ടിടുമെന്ന ബിജെപി ക്യാംപുകളിലെ സ്വപ്‌നമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുതരിപ്പണമായത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഛത്തീസ്ഗഢും മധ്യപ്രദേശും രാജസ്ഥാനുമാണ് ബിജെപിക്ക് വലിയ തിരിച്ചടി നല്‍കിയത്. ഛത്തീസ്ഗഢും മധ്യപ്രദേശും ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

മധ്യപ്രദേശ്

എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് ബിജെപി പിടിക്കുമെന്നായിരുന്നു 90 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുമെങ്കിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ക്യാംപുകള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് മറ്റൊരു വാസ്തവം.

 

ഫലം വിലയിരുത്തുമ്പോള്‍

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 114 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 116 സീറ്റുകള്‍. ബിജെപിക്ക് ലഭിച്ചത് 109 സീറ്റുകള്‍. എസ്.പി, ബി.എസ്.പി പാര്‍ട്ടികളുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് അധികാരത്തിലേക്ക്.

വോട്ട് ശതമാനം

ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെങ്കിലും വോട്ട് ശതമാനം കൂടുതല്‍ ബിജെപിക്കാണ്. 41 ശതമാനം വോട്ടാണ് ബിജെപി സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 40.9 മാത്രം.

2013 ല്‍ സംഭവിച്ചത് – 165 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തി. കോണ്‍ഗ്രസിന് ലഭിച്ചത് 58 സീറ്റുകള്‍ മാത്രം. 2013 ല്‍ നിന്ന് 2018 ലേക്ക് എത്തിയപ്പോള്‍ ബിജെപിക്ക് നഷ്ടമായത് 56 സീറ്റുകള്‍. 2013 ല്‍ നിന്ന് 2018 ലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിന് 56 സീറ്റുകള്‍ വര്‍ധിച്ചു.

 

വോട്ട് ശതമാനത്തിലെ വ്യത്യാസം – 2013 ല്‍ ബിജെപിക്ക് ലഭിച്ചത് 44.8 ശതമാനം വോട്ടുകളാണ്. 2018 ലേക്ക് എത്തിയപ്പോള്‍ അത് 41 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന് 2013 ല്‍ ലഭിച്ചത് 36.3 ശതമാനം വോട്ടുകള്‍ മാത്രം. എന്നാല്‍, 2018 ലേക്ക് എത്തിയപ്പോള്‍ അത് 40.9 ശതമാനമായി വര്‍ധിക്കുകയാണ് ഉണ്ടായത്. ഇത് കോണ്‍ഗ്രസിന് കരുത്തേകുന്നു. ബിജെപിക്ക് വോട്ട് ശതമാനം കുറഞ്ഞത് വലിയ തിരിച്ചടിയായി.

 

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 54.3 ശതമാനം വോട്ടുമായി ആകെയുള്ള 29 സീറ്റുകളില്‍ 27 സീറ്റും ബിജെപി നേടിയിരുന്നു. 2014 ല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത് 34.88 ശതമാനം വോട്ട് മാത്രമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാന ഏറ്റക്കുറച്ചിലുകള്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചാല്‍ അത് ബിജെപിക്ക് വലിയ നഷ്ടവും കോണ്‍ഗ്രസിന് നേട്ടവുമാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ നിന്ന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമാണ്. ഇതില്‍ വര്‍ധനയുണ്ടാക്കുകയാണ് 2019 ല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം.

അപ്രതീക്ഷിതം ഛത്തീസ്ഗഢ്

ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ഛത്തീസ്ഗഢിലെ പരാജയമാണ്. 68 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ ബിജെപി 15 സീറ്റുകളില്‍ ഒതുങ്ങി.

വോട്ട് ശതമാനം

43 ശതമാനം വോട്ടാണ് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് ലഭിച്ചത് 33 ശതമാനം വോട്ടുകള്‍ മാത്രം. 90 അംഗ നിയമസഭയിലേക്കാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകള്‍.

2013 ല്‍ സംഭവിച്ചത് – 2013 ല്‍ അധികാരം നിലനിര്‍ത്തിയ ബിജെപിക്ക് ലഭിച്ചത് 49 സീറ്റുകളാണ്. കോണ്‍ഗ്രസ് 39 സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍, 2018 ലേക്ക് എത്തിയപ്പോള്‍ നിയമസഭയില്‍ ബിജെപിയുടെ നഷ്ടം 34 സീറ്റുകള്‍. കോണ്‍ഗ്രസ് 29 സീറ്റുകള്‍ വര്‍ധിപ്പിച്ചു.

വോട്ട് വിഹതത്തിലും വലിയ നഷ്ടമാണ് ബിജെപിക്കുണ്ടായത്. 2013 ല്‍ 43 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2018 ലേക്ക് എത്തിയപ്പോള്‍ 33 ശതമാനമായി (10 ശതമാനം കുറവ്). കോണ്‍ഗ്രസിന് 2013 ല്‍ ലഭിച്ചത് 40.30 ശതമാനം വോട്ടായിരുന്നെങ്കില്‍ ഇത്തവണ അത് 43 ശതമാനമായി.

ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ 2018 ല്‍ വലിയൊരു പങ്ക് വോട്ട് സ്വന്തമാക്കിയതാണ് ഇവിടെ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. 23 ശതമാനത്തോളം വോട്ടാണ് 2018 ല്‍ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢും ബി.എസ്.പിയും അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ ഛത്തീസ്ഗഢില്‍ സ്വന്തമാക്കിയത്. കോണ്‍ഗ്രസിനേക്കാള്‍ ഇവിടെ ബിജെപിയെ പേടിപ്പിക്കുന്നത് മറ്റ് പാര്‍ട്ടികള്‍ സ്വന്തമാക്കിയ വോട്ട് വിഹിതമാണ്. 2013 ല്‍ അഞ്ച് ശതമാനത്തില്‍ താഴെയായിരുന്ന മറ്റ് പാര്‍ട്ടികളുടെ വോട്ടാണ് 2018 ലേക്ക് എത്തിയപ്പോള്‍ 23 ശതമാനത്തോളമായി വര്‍ധിച്ചിരിക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ ബിജെപി വിരുദ്ധ കക്ഷികളായതിനാല്‍ കോണ്‍ഗ്രസിന് അത് ആശ്വാസമാണ്.

രാജസ്ഥാന്‍ രാജ്യത്തിന് വഴികാട്ടുമോ?

‘രാജസ്ഥാന്‍ രാജ്യത്തിന് വഴികാട്ടും’ എന്ന ചൊല്ല് എത്രത്തോളം സത്യമാകുമെന്ന് അറിയണമെങ്കില്‍ 2019 വരെ കാത്തിരിക്കണം. രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചതുപോലെ കേന്ദ്രത്തിലും സംഭവിക്കുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. ബിജെപിയുടെ വസുന്ധര രാജെയെ വീഴ്ത്തി കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജസ്ഥാനില്‍ അധികാരം പിടിക്കുമ്പോള്‍ അത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

2018 ലെ ഫലം

199 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 100 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ബി.എസ്.പിയും എസ്.പിയും പിന്തുണ നല്‍കുന്നതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറും. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 73 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബി.എസ്.പി ആറ് സീറ്റുകള്‍ നേടിയിട്ടുണ്ട്. 13 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് രാജസ്ഥാനില്‍ വിജയിച്ചത്. രണ്ട് സിപിഎം പ്രതിനിധികളും നിയമസഭയിലേക്ക് എത്തും.

വോട്ട് ശതമാനം 

2018 ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചത് 39.3 ശതമാനം വോട്ടുകള്‍. ബിജെപിക്ക് 38.8 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സ്വതന്ത്രര്‍, ബി.എസ്.പി, സിപിഎം തുടങ്ങിയവര്‍ ചേര്‍ന്ന് 22 ശതമാനത്തോളം വോട്ടുകള്‍ നേടി. ഇതില്‍ സ്വതന്ത്രരായി ജയിച്ചവരല്ലാത്ത പാര്‍ട്ടികള്‍ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ്.

2013 ല്‍ സംഭവിച്ചത് 163 സീറ്റുകളുമായി ബിജെപി അധികാരത്തിലേറിയപ്പോള്‍ 45.17 ശതമാനം വോട്ട് നേടി. 2018 ലേക്ക് എത്തിയപ്പോള്‍ എട്ട് ശതമാനത്തോളം വോട്ട് ബിജെപിക്ക് നഷ്ടമായി. കോണ്‍ഗ്രസിന് 2013 ല്‍ ലഭിച്ചത് 21 സീറ്റുകള്‍ മാത്രം. 33.07 ശതമാനം വോട്ടാണ് അന്ന് കോണ്‍ഗ്രസ് നേടിയത്. 2018 ലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസിന് ആറ് ശതമാനത്തോളം വോട്ട് വര്‍ധിച്ചു. 2013 ല്‍ 12 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.എസ്.പി, സിപിഎം, സ്വതന്ത്രര്‍ എന്നിവര്‍ ചേര്‍ന്ന് 2018 ല്‍ നേടിയത് 22 ശതമാനം വോട്ടുകള്‍. ഏകദേശം പത്ത് ശതമാനത്തോളം വോട്ടാണ് ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികള്‍ 2018 ല്‍ വര്‍ധിപ്പിച്ചത്. ഇത് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ബിജെപിക്ക് തലവേദനയാകും.

2013 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകള്‍ രാജസ്ഥാനില്‍ നിന്ന് ബിജെപി തൂത്തുവാരിയിരുന്നു. അന്ന് 55.61 ശതമാനം വോട്ടായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

‘കൈ’ പിടിക്കാന്‍ മടിച്ചവര്‍

ബിജെപിയുടെ തകര്‍ച്ചയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടികള്‍ വലിയ വാര്‍ത്തയാകാതെ പോയി. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും തിരിച്ചടിയായിട്ടുണ്ട്.

കോണ്‍ഗ്രസിനെ കൈവിട്ട് മിസോറാം

തുടര്‍ച്ചയായ 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് മിസോറാമില്‍ അവസാനിച്ചത്. ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു മിസോറാമില്‍. 2008 ല്‍ 32 സീറ്റും 2013 ല്‍ 34 സീറ്റും നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇത്തവണ മിസോറാമില്‍ അടപടലം തകര്‍ന്നടിഞ്ഞു. ഇത്തവണ കോണ്‍ഗ്രസിന് മിസോറാമില്‍ നിന്ന് ലഭിച്ചത് അഞ്ച് സീറ്റുകള്‍ മാത്രം. 2013 ല്‍ നിന്ന് 29 സീറ്റുകള്‍ കുറവാണിത്. 2013 ല്‍ അഞ്ച് സീറ്റുകള്‍ മാത്രം ലഭിച്ച മിസോറാം നാഷണല്‍ ഫ്രന്റിന് ഇത്തവണ 26 സീറ്റ് ലഭിച്ചു. 21 സീറ്റുകളാണ് എംഎന്‍എഫ് വര്‍ധിപ്പിച്ചത്.

37.6 ശതമാനം വോട്ടുകളാണ് എംഎന്‍എഫ് ഇത്തവണ സ്വന്തമാക്കിയത്. 2013 ല്‍ 28.66 ശതമാനമായിരുന്നു എംഎന്‍എഫിന്റെ വോട്ട് വിഹിതം. പത്ത് ശതമനാത്തോളം വോട്ടുകള്‍ എംഎന്‍എഫ് ഇത്തവണ വര്‍ധിപ്പിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് വോട്ട് വിഹിതത്തില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. 2013 ല്‍ 44.61 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2018 ല്‍ ലഭിച്ചത് 30.2 ശതമാനം വോട്ടുകള്‍ മാത്രം. 14 ശതമാനത്തോളം വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. എംഎന്‍എഫ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായുള്ള പാര്‍ട്ടിയാണ് എന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിന് തെലങ്കാന നല്‍കുന്ന പാഠം

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മഹാസഖ്യത്തിനേറ്റ തിരിച്ചടിയായി വേണം തെലങ്കാനയിലെ തോല്‍വിയെ കാണാന്‍. ‘മഹാകുടമി’ എന്ന സഖ്യത്തിലൂടെ കോണ്‍ഗ്രസും ടിഡിപിയും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ക്കെതിരെ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും വേണ്ടത്ര നേട്ടം കൊയ്യാന്‍ സാധിച്ചില്ല.

119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 19 സീറ്റുകള്‍ മാത്രം. ടിഡിപി രണ്ട് സീറ്റുകളില്‍ ഒതുങ്ങി. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത് 21 സീറ്റുകള്‍ മാത്രമാണ്. ടിഡിപിയുമായി സഖ്യത്തില്‍ ചേര്‍ന്നിട്ടും വലിയ ‘ഇംപാക്ട്’ ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയി. 2014 ല്‍ 26 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസ് നേടിയത്. ഇത്തവണ അത് 28.4 ശതമാനമായി. കാര്യമായ ചലനങ്ങളൊന്നും കെ.സിആറിന്റെ ടിആര്‍സിനെതിരെ കോണ്‍ഗ്രസിനുണ്ടാക്കാന്‍ സാധിക്കാതെ പോയത് ‘മഹാകുടമി’ക്കേറ്റ തിരിച്ചടിയാണ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എന്നതിനപ്പുറം ബിജെപി വിരുദ്ധതയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രകടമാകുന്നതെന്ന് വ്യക്തമാക്കുന്നതാണ് മിസോറാം, തെലങ്കാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

മറ്റ് പാര്‍ട്ടികള്‍

ഛത്തീസ്ഗഢില്‍ അജിത് ജോഗിയുടെ ‘ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢും’ ബി.എസ്.പിയും ചേര്‍ന്ന് പത്ത ശതമാനത്തോളം വോട്ട് സ്വന്തമാക്കിയപ്പോള്‍ മധ്യപ്രദേശില്‍ ബി.എസ്.പി തനിച്ച് സ്വന്തമാക്കിയത് അഞ്ച് ശതമാനം വോട്ടുകള്‍. രാജസ്ഥാനില്‍ ബി.എസ്.പി നാല് ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. മായാവതിയുടെ ബി.എസ്.പി വലിയ തോതില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയേണ്ട വസ്തുതയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ മായാവതിയും ബി.എസ്.പിയും ഒഴിച്ചുകൂടാനാവാത്ത വോട്ട് ബാങ്കാകുമെന്നത് ഇതിനാല്‍ തന്നെ വ്യക്തമാണ്.

തെലങ്കാനയില്‍ 46.9 ശതമാനം വോട്ട് നേടി അധികാരത്തിലെത്തിയ കെ. ചന്ദ്രശേഖര റാവുവിന്റെ ‘തെലങ്കാന രാഷ്ട്ര സമിതിയും’ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. രാജസ്ഥാനില്‍ അഞ്ച് ലക്ഷത്തോളം വോട്ട് നേടി രണ്ട് സീറ്റുകളില്‍ വിജയിച്ച സിപിഎമ്മിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കൊണ്ട് സ്വാധീനം ചെയുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here