ഹൂതികളും യെമന്‍ സര്‍ക്കാരും തമ്മിലുള്ള സമാധാന കരാറിനെ സൗദി സ്വാഗതം ചെയ്തു

യമനിലെ ഹൂതികളും സര്‍ക്കാരും തമ്മിലുള്ള സമാധാന കരാറിനെ സൗദി സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം സ്വീഡനില്‍ വെച്ചായിരുന്നു ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ച നടന്നത്

യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാന്‍ സഹകരിക്കണമെന്ന് ഹൂത്തി ഭീകരവാദികളോട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയുടെ മധ്യസ്ഥതയിലായിരുന്നു സ്വീഡനില്‍ വെച്ച് നടന്ന ചര്‍ച്ച. ചര്‍ച്ചയിലെ തീരുമാനങ്ങളെ ഇരുകൂട്ടരും സ്വാഗതം ചെയ്തു.

ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനും തുറമുഖ നഗരമായ ഹുദൈദയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. സമാധാന കരാര്‍ പാലിക്കുന്നുണ്ടോ എന്ന് യു.എന്‍ സംഘം നിരീക്ഷിക്കുമെന്ന് യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് പറഞ്ഞു. രാഷ്ട്രീയ പരിഹാരം കാണുന്നതിലൂടെ മാത്രമേ രാജ്യത്ത് സുരക്ഷയും സമാധാനവും പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവന്നു മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജി.സി.സി ഉച്ചകോടിയും ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ യമന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തെ സ്വാഗതം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top