ശബരിമല നടയടച്ചു

തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചു. നാൽപ്പത്തിയൊന്ന് ദിവസത്തെ തീർഥാടന കാലളവിൽ മുപ്പത്തിമൂന്ന് ലക്ഷം പേരാണ് ദർശനം നടത്തിയത്. മകര സംക്രമ പൂജകൾക്കായി മുപ്പതിന് വൈകിട്ട് വീണ്ടും നടതുറക്കും.
വ്രതാനുഷ്ഠാനത്തിന്റെ നാൽപ്പത്തിയൊന്ന് ദിനരാത്രങ്ങൾ പൂർത്തിയാക്കിയാണ് ഭക്തർ അയ്യന്റെ തിരുസന്നിധിയിൽ തൊഴുത് സായൂജ്യമണഞ്ഞത്. കലശാഭിഷേകത്തിനും തങ്ക അങ്കി ചാർത്തിയുള്ള ഉച്ച പൂജയ്ക്കും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ അടച്ച നട, വീണ്ടും മൂന്നിന് തുറന്നു. പ്രതീക്ഷിച്ചത്ര തിരക്കുണ്ടായില്ലെന്നത് സന്നിധാനത്തെത്തിയ അയ്യപ്പൻമാർക്ക് ദർശനം സുഗമമാക്കി. അടിയന്തിര ഘട്ടങ്ങളിൽ ഇടപെടാനും, തങ്ക അങ്കിയുടെ സുരക്ഷയ്ക്കായും വലിയ പോലീസ് സന്നാഹം തന്നെ സജ്ജമായിരുന്നു. എട്ടു മണിയോടെ പമ്പയിൽ നിന്ന് അയ്യപ്പൻമാരെ കടത്തിവിടുന്നത് നിർത്തിവച്ചു. പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നടയടക്കുന്നത് വരെ സന്നിധാനത്തുള്ളവർക്ക് മതിയാവുംവരെ ദർശനം നടത്താനായി. അയ്യപ്പൻമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെങ്കിലും, ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് മണ്ഡലപൂജ പൂർത്തിയാക്കി ശബരിമല നടയടച്ചത്. മകര സംക്രമ പൂജകൾക്കായി ഡിസംബർ മുപ്പതിന് വീണ്ടും നടതുറക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here