Advertisement

ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

January 4, 2019
Google News 1 minute Read
sabarimala

ശ്രീലങ്കയില്‍ നിന്ന് എത്തിയ ശശികല എന്ന യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവതി ശബരിമല ദര്‍ശനം നടത്തിയില്ലെന്നാണ് ശശികലയുടെ ഭര്‍ത്താവ് ശരവണന്‍ പറഞ്ഞത്.  എന്നാല്‍ യുവതി രാത്രി ഒമ്പതരയ്ക്ക് ശേഷം സന്നിധാനത്ത് എത്തിയെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭക്തയാണെന്ന് വ്യക്തമാക്കിയ ശശികല മാധ്യമങ്ങളോട്  പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ അപ്പോഴും ദര്‍ശനം സാധ്യമായില്ലെന്നാണ് ശശികല പറഞ്ഞത്.

രണ്ടരയോടെയാണ് ശശികല ഭര്‍ത്താവിനൊപ്പം സന്നിധാനത്ത് നിന്ന് മടങ്ങിയത്.  ഭർത്താവും മകനും മാത്രമാണ് ദർശനം നടത്തിയതെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞത്. പതിനെട്ടാം പടിക്ക് സമീപം തന്നെ പൊലീസ് തടഞ്ഞെന്നും ദർശനത്തിന് അനുമതി നൽകിയില്ലെന്നും ശശികല പറഞ്ഞു. ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല മാധ്യമങ്ങളോടടക്കം വ്യക്തമാക്കി. എന്നാല്‍ ശശികല ശ്രീകോവിലിന് സമീപത്തു കൂടി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പോലീസും ഇവര്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

രാത്രി രണ്ടരയോടെ പമ്പയിൽ തിരിച്ചെത്തിയ ശശികലയും കുടുംബവും കനത്ത പോലീസ് സുരക്ഷയിലാണ് മടങ്ങിയത്. ഇന്നലെ രാത്രി 9.30 മുതലാണ് ശബരിമലയിൽ വീണ്ടും യുവതീപ്രവേശനം നടന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നത്. ശ്രീലങ്കയിൽ നിന്നുള്ള യുവതി ഭർത്താവിനും മകനുമൊപ്പം പതിനെട്ടാംപടി കയറി ദർശനം നടത്തിയെന്നായിരുന്നു വാർത്തകൾ. എന്നാൽ ശ്രീലങ്കൻ സ്വദേശിനിയായ ശശികല ദർശനം നടത്തിയില്ലെന്ന്  ഭർത്താവ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. പമ്പയിലെത്തിയ കുടുംബം പോലീസിന്റെ അറിവോടെ സന്നിധാനത്തേക്ക് തിരിച്ചെന്നും ഒപ്പമുണ്ടായിരുന്ന ഭാര്യ പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചുവെന്നും ഭർത്താവ് അറിയിച്ചു. എന്നാല്‍ മരക്കൂട്ടത്ത് വച്ച് ശശികല മറ്റൊരു സംഘത്തോടൊപ്പം ചേര്‍ന്ന് ശബരിമല ദര്‍ശനം നടത്തുകയായിരുന്നു. അതിന് ശേഷം മാധ്യമങ്ങളെ കണ്ട ശശികലയുടെ ഭര്‍ത്താവ്  ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ തയ്യാറായില്ല. ഇതെ തുടര്‍ന്ന് വീണ്ടും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.  ഏറെ നേരം പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ കാത്തുനിന്ന ഭർത്താവിനും മകനുമടുത്തേക്ക് മുഖം മറച്ച് ഒടുവിൽ ശശികലയെത്തി. ഇതിനിടെ ശശികല ദര്‍ശനം നടത്തിയെന്നാണ് ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

സുപ്രീം കോടതി സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം ഇതോടെ മൂന്ന് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി രണ്ടിന് പുലര്‍ച്ചെ ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഇരുവരുടേയും ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇന്നലെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വ്യാപകമായ അക്രമങ്ങള്‍ക്ക് വഴി വച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here