മന്ത്രിസഭാ തീരുമാനങ്ങൾ; പുതിയ തസ്തികകൾ സൃഷ്ടിച്ചു; സർവ്വകലാശാലകൾക്ക് സാമ്പത്തിക സഹായം

ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ : കേരള ഹൈക്കോടതിക്കു വേണ്ടി അഞ്ച് താൽക്കാലിക ഇൻഫർമേഷൻ ടെക്‌നോളജി തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരള ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് സ്‌പോർട്‌സ് ആയുർവേദ ആൻറ് റിസർച്ചിന് (തൃശ്ശൂർ) 20 സ്ഥിരം തസ്തികകളും 8 താൽക്കാലിക തസ്തികകൾ ദിവസ വേതനാടിസ്ഥാനത്തിലും അനുവദിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ 39 സർക്കാർ കോളേജുകളിലായി 141 അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് 2 ബ്ലോക്കിൽ പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിൻറെ പ്രവർത്തനത്തിന് 8 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജിൽ 48 അധ്യാപകേതര തസ്തികകൾ താൽക്കാലികമായി സൃഷ്ടിക്കാൻ തീരുമാനിച്ചു.
കണ്ണൂർ സർവകലാശാലയ്ക്കും കാലിക്കറ്റ് സർവകലാശാലയ്ക്കും കിഫ്ബി മുഖേന 150 കോടി രൂപ വീതം സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് 132.75 കോടി രൂപ സഹായം നൽകും.
ട്രാവൻകൂർകൊച്ചി മെഡിക്കൽ കൗൺസിലിലെ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ ഒഴികെയുളള ജീവനക്കാരുടെ നിയമനം പി.എസ്.സി. മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് 2018ലെ കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ (ട്രാവൻകൂർകൊച്ചിൻ മെഡിക്കൽ കൗൺസിലിനെ സംബന്ധിച്ച ചുമതലകൾ) ബില്ലിൻറെ കരട് മന്ത്രിസഭ അംഗീകരിച്ചു.
പി.എസ്.സി. ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് കൊല്ലം ജില്ലയിൽ മുണ്ടക്കൽ വില്ലേജിൽ 16.2 ആർ പുറമ്പോക്കു ഭൂമി പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.
കേരളാ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കേരളത്തിൻറെ വടക്കു തെക്കു ഭാഗങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനാണ് കോർപ്പറേഷൻ രൂപീകരിക്കാൻ 2009ൽ തീരുമാനിച്ചത്. എന്നാൽ ഇന്ത്യൻ റെയിൽവെയുമായി യോജിച്ച് കേരളാ റെയിൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ രൂപീകരിക്കുകയും നിലവിലുളള റെയിൽപാതകൾക്ക് സമാന്തരമായി സെമിഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ മുൻഗണന നൽകുകയും ചെയ്തതിനാലാണ് കോർപ്പറേഷൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here